Saturday, April 27, 2013

ചിട്ടിയില്‍ തട്ടിയത് 30,000 കോടി


തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെയും സഹായത്തോടെയും പ്രവര്‍ത്തിച്ച് ജനങ്ങളെ കബളിപ്പിച്ച് മുങ്ങിയ ശാരദ ഗ്രൂപ്പ് ചിട്ടി കമ്പനി തകര്‍ത്തത് ബംഗാളിന്റെ സാമ്പത്തിക അടിത്തറ. 30,000 കോടി രൂപയാണ് രണ്ടു വര്‍ഷത്തിനുള്ളില്‍ കമ്പനി തട്ടിയെടുത്തത്. പാവപ്പെട്ടവരും ഇടത്തരക്കാരുമാണ് തട്ടിപ്പിനിരയാവരില്‍ ഭൂരിപക്ഷവും. തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് അധികാരത്തില്‍ വന്നതോടെയാണ് ചിട്ടി കമ്പനികളും സ്വകാര്യ പണമിടപാടുകാരും സജീവമായിത്. തൃണമൂലിന്റെ പല ഉന്നത നേതാക്കള്‍ക്കും സജീവ പങ്കാളിത്തമുള്ള ശാരദ ഗ്രൂപ്പ് അതിശയിപ്പിക്കുന്ന വളര്‍ച്ചയാണ് പെട്ടെന്ന് നേടിയത്. വന്‍ പലിശയും നിരവധി ആനുകൂല്യങ്ങളും വാഗ്ദാനം നല്‍കി ആളുകളെ ആകര്‍ഷിച്ചു. എല്ലാ സ്ഥലങ്ങളിലും തൃണമൂല്‍ പ്രവര്‍ത്തകരേയും നേതാക്കളേയും കമീഷന്‍ ഏജന്റുമാരായും ഫീല്‍ഡ്് ഓഫീസര്‍മാരായും നിയോഗിച്ചു. പിരിക്കുന്ന തുകയുടെ 40 ശതമാനം വരെ കമീഷനായി നല്‍കി. ഇവര്‍ക്കുവേണ്ടി പോസ്റ്റോഫീസ് നിക്ഷേപത്തെ സര്‍ക്കാര്‍ നിരുത്സാഹപ്പെടുത്തുകയും ചെയ്തതോടെ ചിട്ടി കമ്പനിക്ക് ചാകരയായി. പോസ്റ്റോഫീസ് ഏജന്റുമാരില്‍ നല്ലൊരു വിഭാഗവും കമീഷന്‍ മോഹവലയത്തില്‍ കൂറുമാറി. എല്ലാ സ്ഥലങ്ങളിലും വന്‍ ആഡംബരത്തോട് കമ്പനി ഓഫീസുകള്‍ തുറന്നു. ഇവയെല്ലാം ഉദ്ഘാടനംചെയ്തത് തൃണമൂല്‍ മന്ത്രിമാരും എംപിമാരും എംഎല്‍എമാരുമാണ്. സര്‍ക്കാര്‍ പദ്ധതികള്‍പോലെ സുരക്ഷിതമാണ് ഇവിടെയും പണം നിക്ഷേപിക്കുന്നതെന്നുള്ള സംഘടിതമായ പ്രചാരണത്തില്‍ വലിയൊരു വിഭാഗം ജനങ്ങള്‍ കുടുങ്ങി. പ്രശസ്ത ബംഗാളി സിനിമാ നടിയും തൃണമൂല്‍ എം പിയുമായ സദാപ്തി റോയി ആണ് കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറായി പ്രവര്‍ത്തിച്ചത്.

ചിട്ടി കമ്പനികള്‍ നിക്ഷേപരംഗത്ത് ആധിപത്യം പുലര്‍ത്തിയതോട് പോസ്റ്റോഫീസ് നിക്ഷേപം വന്‍ തോതില്‍ കുറഞ്ഞു. 2010-11ല്‍ 33,250 കോടിയുടെ നിക്ഷേപമുണ്ടായിരുന്നത് 2012-13 ഫെബ്രുവരി വരെ 22,215 കോടിയായി താഴ്ന്നു. സംസ്ഥാനത്തിന്റെ വായ്പാ വിഹിതമാണ് ഇതനുസരിച്ച് ആനുപാതികമായി കുറഞ്ഞത്. ഇതുമൂലം, സാമ്പത്തികമായി നട്ടം തിരിയുന്ന മമത സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍ പലിശയ്ക്ക് പുറത്തുനിന്ന് പണം കടമെടുക്കേണ്ടിവരുന്നു. ഇത് സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെയും തകര്‍ത്തു. കമ്പനിയുടെ പ്രവര്‍ത്തനവും നിക്ഷേപം തട്ടിപ്പും നിയന്ത്രിക്കേണ്ടതിനെക്കുറിച്ച് ഇടതുമുന്നണിയും സാമ്പത്തിക വിദഗ്ധരും നിരന്തരമായി മുന്നറിയിപ്പ് നല്‍കിയിട്ടും മമതയും തൃണമൂല്‍ സര്‍ക്കാരും ഒരു നടപടിയും എടുത്തില്ല. മാത്രമല്ല, നിക്ഷേപമേഖലയില്‍ മാത്രമല്ല ചുരുങ്ങിയ കാലത്തിനുള്ളില്‍ വന്‍തോതില്‍ റിയല്‍ എസ്റ്റേറ്റ്, വിവധ വ്യവസായ സംരംഭങ്ങള്‍ എന്നിവയിലും ഇവര്‍ കൈകടത്തി. അവയിലെല്ലാം തൃണമൂല്‍ നേതാക്കളുടെ കാര്യമായ പങ്കാളിത്തം ഉണ്ട്. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെയും അവരുടെ വലം കൈയ്യായ മുകുള്‍ റോയുടെയും വ്യക്തമായ അറിവോടെയായിരുന്നു ഈ പങ്കാളിത്തം.

തൃണമൂലുകാര്‍ പാര്‍ടി പ്രവര്‍ത്തനത്തിനായി പണം പിരിക്കരുതെന്നും തന്റെ പെയിന്റിങ് വിറ്റു കിട്ടുന്ന പണം പാര്‍ടി ആവശ്യങ്ങള്‍ക്ക് നല്‍കുന്നതാണന്നും മമത ഇടയ്ക്കിടെ പറഞ്ഞിരുന്നു. മമതയുടെ പെയിന്റിങ്ങുകള്‍ അധികവും ലക്ഷങ്ങള്‍ നല്‍കി വാങ്ങിയത് ശാരദ ഗ്രൂപ്പ് ചെയര്‍മാന്‍ സുദീപ് സെന്‍ ആണ്. പെയ്ന്റിങ് മേളകള്‍ പലതും സംഘടിപ്പിച്ചതും അയാളാണ്. കാര്‍ഷിക ചെറുകിട വ്യാപാര വ്യവസായ രംഗത്തും ചിട്ടി കമ്പനികളും സ്വകാര്യ പണമിടപാടുകാരും പിടിമുറുക്കി. മമത അധികാരത്തില്‍ വന്നതിനുശേഷം കാര്‍ഷിക ആവശ്യങ്ങള്‍ക്കും മറ്റ് ഇതര വായ്പകള്‍ക്കും നിയന്ത്രണ മേര്‍പ്പെടുത്തിയത് ഇക്കൂട്ടര്‍ക്ക് വന്‍ സഹായമായി. ശാരദ ചിട്ടി കമ്പനിയുടെ തകര്‍ച്ച ബംഗാളിന്റെ സമൂഹ്യ സാമ്പത്തിക രംഗത്ത് ദൂരവ്യാപകമായ വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ തട്ടിപ്പ് എങ്ങനെ നേരിടും എന്ന പ്രതിസന്ധിയാണ് തൃണമൂലും അതിന്റെ സര്‍വാധികാരിയായ മമതയും ഇപ്പോള്‍ അഭിമുഖികരിക്കുന്നത്.
(ഗോപി)

deshabhimani 270413

No comments:

Post a Comment