Monday, April 29, 2013
രാജ്യം കൊള്ളയടിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും മത്സരിക്കുന്നു: വൃന്ദ കാരാട്ട്
കോണ്‍ഗ്രസും ബിജെപിയും രാജ്യം കൊള്ളയടിക്കാന്‍ മത്സരിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ബംഗളൂരു ആനേക്കല്‍ മണ്ഡലത്തിലെ സിപിഐ എം സ്ഥാനാര്‍ഥി ഡി മാതേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു വൃന്ദ.
അഴിമതിയുടെ കാര്യത്തില്‍ രാജ്യം ഇന്ന് വിചിത്രമായ അവസ്ഥയിലാണ്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ അഴിമതിയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ്. എന്നാല്‍, കര്‍ണാടകത്തില്‍ പ്രചാരണത്തിനെത്തിയ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സംസ്ഥാനത്ത് ബിജെപി സര്‍ക്കാരിന്റെ അഴിമതിയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നു. കര്‍ണാടകത്തെ അഴിമതിയില്‍ മുക്കിയ ബിജെപി ആകട്ടെ യുപിഎ സര്‍ക്കാരിന്റെ അഴിമതിക്കെതിരെ ശബ്ദിക്കുന്നു. രണ്ടു പാര്‍ടികളും ആരാണ് കൂടുതല്‍ കൊള്ളയടിക്കുക എന്ന കാര്യത്തില്‍ മത്സരിക്കുകയാണ്. രാജ്യത്തെ ദരിദ്രരായ ജനവിഭാഗത്തിന്റെ പ്രശ്നങ്ങളൊന്നും ബിജെപിയെയും കോണ്‍ഗ്രസിനെയും അലട്ടുന്നില്ല. രാജ്യത്ത് ലക്ഷക്കണക്കിന് സ്ത്രീകളും കുട്ടികളുമാണ്് പോഷകാഹാരക്കുറവിന്റെ ദുരിതം അനുഭവിക്കുന്നത്. ഗോഡൗണുകളില്‍ കെട്ടിക്കിടന്നു നശിക്കുന്ന കോടിക്കണക്കിന് ടണ്‍ ഭക്ഷ്യധാന്യം വിശക്കുന്നവന് ഉപകാരപ്പെടുന്നില്ല. ഇതിനുകാരണം ദൈവത്തിന്റെ നീതിയല്ല. മറിച്ച് ബിജെപി -കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ ഭരണമാണ്. പാവപ്പെട്ടവന്, താന്‍ പാവപ്പെട്ടവനാണ് എന്നു പറയാനുള്ള അവകാശമില്ലാതാക്കാനാണ് ബിപിഎല്‍ പട്ടികയില്‍നിന്നും ഇവരെ അകറ്റി നിര്‍ത്തുന്നതിലൂടെ ഭരണവര്‍ഗം ശ്രമിക്കുന്നത്. സിപിഐ എമ്മും ഇടതുപാര്‍ടികളും ഇതിനെതിരെയുള്ള ബദല്‍ രാഷ്ട്രീയത്തിനാണ് നിലകൊള്ളുന്നത്. തൊഴിലാളികളുടെയും കര്‍ഷകരുടെയും ദളിത്-ന്യൂനപക്ഷങ്ങളുടെയുമെല്ലാം പ്രശ്നങ്ങള്‍ ഏറ്റെടുത്ത് ഭരണവര്‍ഗങ്ങളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെയുള്ള പോരാട്ടമാണ് നടത്തുന്നത്-വൃന്ദ പറഞ്ഞു.
കര്‍ണാടകത്തില്‍ 31,000 ഏക്കര്‍ സര്‍ക്കാര്‍ഭൂമി ഭൂമാഫിയയുടെ കൈയിലാണ്. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും അവകാശപ്പെട്ടതാണ് ഈ ഭൂമി. ബംഗാളില്‍ ഇടതുസര്‍ക്കാര്‍ 12 ലക്ഷം ഏക്കര്‍ ഭൂമിയാണ് ഭൂരഹിതര്‍ക്ക് നല്‍കിയത്. പാവപ്പെട്ടവരുടെ ശബ്ദം നിയമസഭയിലും മറ്റ് അധികാരകേന്ദ്രങ്ങളിലും ഉയര്‍ത്താന്‍ സിപിഐ എമ്മിന്റെയും ഇടതുപാര്‍ടികളുടെയും സ്ഥാനാര്‍ഥികളെയും വിജയിപ്പിക്കണമെന്ന് അവര്‍ അഭ്യര്‍ഥിച്ചു. സ്ഥാനാര്‍ഥി ഡി മാതേഷ്, സിപിഐ എം സംസ്ഥാനസെക്രട്ടറിയറ്റ് അംഗം എസ് പ്രസന്നകുമാര്‍, സിപിഐ നേതാവ് സിദ്ധനഗൗഡ പാട്ടീല്‍ എന്നിവരും സംസാരിച്ചു.
deshabhimani 290413
Labels:
രാഷ്ട്രീയം,
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment