Thursday, April 25, 2013

സബ്സിഡികള്‍ ഇനിയും കുറയ്ക്കും: സാമ്പത്തിക ഉപദേശക സമിതി


സാമ്പത്തികവളര്‍ച്ച ഉറപ്പാക്കാനും ധനകമ്മി കുറയ്ക്കാനും കര്‍ശന നടപടികള്‍ തുടരുമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി അറിയിച്ചു. 2012-13ലെ സാമ്പത്തിക പ്രകടനം വിലയിരുത്തുന്ന റിപ്പോര്‍ട്ട് പുറത്തിറക്കി സംസാരിക്കവെ സമിതി ചെയര്‍മാന്‍ സി രംഗരാജനാണ് ഇക്കാര്യം അറിയിച്ചത്. സബ്സിഡികള്‍ ഇനിയും വെട്ടിക്കുറയ്ക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു.
2012-13 സാമ്പത്തികവര്‍ഷം 2,57,654 കോടി രൂപയാണ് സബ്സിഡിയായി നല്‍കിയത്. നടപ്പ് സാമ്പത്തികവര്‍ഷം 2,31,084 കോടിയായി കുറയ്ക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. പെട്രോളിയം സബ്സിഡി 96,880 കോടിയില്‍നിന്ന് 65,000 കോടിയായി കുറയ്ക്കും. ധനകമ്മിക്ക് കാരണമായ വര്‍ധിച്ച റവന്യൂ ചെലവില്‍ പ്രധാന പങ്ക് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ സബ്സിഡിക്കാണെന്നും അതിനാല്‍ പെട്രോളിയം സബ്സിഡി വെട്ടിക്കുറയ്ക്കല്‍ ധനകമ്മി കുറയ്ക്കുന്നതിനുള്ള പ്രധാന ഉപാധിയാണെന്നും സമിതി വിലയിരുത്തി. 2012-13ല്‍ 11500 കോടി ഡോളര്‍ ആണ് ക്രൂഡോയില്‍ ഇറക്കുമതി ചെലവായി കണക്കാക്കിയിരുന്നത്. ഇത് 11000 കോടി ഡോളറായി കുറയ്ക്കാന്‍ കഴിഞ്ഞു. 2013-14ല്‍ ക്രൂഡോയില്‍ ഇറക്കുമതിച്ചെലവില്‍ നാല് ശതമാനം വര്‍ധനയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇതുമൂലമുണ്ടാകുന്ന വ്യാപാരകമ്മി സൃഷ്ടിക്കുന്ന സാമ്പത്തിക ആഘാതം തടയാന്‍ സബ്സിഡികള്‍ കാര്യമായി കുറയ്ക്കേണ്ടിവരും.

2013-14 സാമ്പത്തികവര്‍ഷം ഭക്ഷ്യവസ്തുക്കളടക്കമുള്ളവയ്ക്ക് വില ഉയരുന്നതുമൂലം നാണയപ്പെരുപ്പം ഉയരും. ഭക്ഷ്യവസ്തുക്കളുടെ നാണയപ്പെരുപ്പം എട്ട് ശതമാനം വരെ ഉയരും. മൊത്തം നാണയപ്പെരുപ്പം ആറ് ശതമാനത്തോളമായിരിക്കും. 2012-13ലെ നാണയപ്പെരുപ്പം 5.96 ശതമാനമാണെന്ന് സമിതി കണക്കാക്കി. പദ്ധതികള്‍ക്കുള്ള അനുമതികള്‍ വേഗത്തില്‍ നല്‍കിയും വന്‍തോതില്‍ നിക്ഷേപങ്ങള്‍ ഉണ്ടാക്കിയും സബ്സിഡികള്‍ വെട്ടിക്കുറച്ചും മാത്രമേ സാമ്പത്തികവളര്‍ച്ച കൈവരിക്കാന്‍ കഴിയു. 2013-14ല്‍ 6.4 ശതമാനം സാമ്പത്തികവളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷ. കാര്‍ഷികമേഖലയിലെ വളര്‍ച്ച 3.5 ശതമാനമായിരിക്കും. 2012-13ല്‍ 1.8 ശതമാനമാണ് കാര്‍ഷികമേഖലയിലെ വളര്‍ച്ചാനിരക്ക്. നിര്‍മിതോല്‍പ്പന്നങ്ങള്‍, ഖനനം, ക്വാറികള്‍, വൈദ്യുതി, വാതകം, ജലവിതരണം എന്നിവയടക്കമുള്ള വ്യവസായമേഖല 4.9 ശതമാനം വളര്‍ച്ച നേടും (2012-13ല്‍ 3.1 ശതമാനമാണ് വളര്‍ച്ചാനിരക്ക്).

സേവനമേഖല ഇപ്പോഴുള്ള 6.6 ശതമാനത്തില്‍ നിന്ന് 7.7 ശതമാനമായി ഉയരും. നിക്ഷേപം വന്‍തോതില്‍ വര്‍ധിപ്പിക്കുന്നതിന് തടസ്സമായി നിലനില്‍ക്കുന്ന നിയമങ്ങളും വ്യവസ്ഥകളും മാറ്റണമെന്നും അതിനുള്ള പരിഷ്കാര പ്രക്രിയകള്‍ തുടരണമെന്നും സമിതി നിര്‍ദേശിക്കുന്നു. സ്വര്‍ണം, കല്‍ക്കരി എന്നിവയുടെ ഇറക്കുമതിയും വ്യാപാരകമ്മിക്ക് പ്രധാന കാരണമാകുന്നുണ്ട്. സ്വര്‍ണത്തിന്റെ ഉപയോഗം കുറയ്ക്കണം. വന്‍ കല്‍ക്കരി നിക്ഷേപമുണ്ടായിട്ടും കല്‍ക്കരി വന്‍തോതില്‍ ഇറക്കുമതി ചെയ്യുകയാണ്. ഇത് പരിഹരിക്കാനുള്ള നടപടികള്‍ വേണമെന്നും സമിതി നിര്‍ദേശിച്ചു.
(വി ജയിന്‍)

deshabhimani

No comments:

Post a Comment