Sunday, April 28, 2013

സാമൂഹ്യനീതിക്കുള്ള പോരാട്ടം ശക്തമാക്കും


കര്‍ഷകത്തൊഴിലാളികളുടെ ജീവിതം ഏറെ മെച്ചപ്പെടുത്താന്‍ കഴിഞ്ഞകാല പോരാട്ടങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും ഇനിയും ഇവരുടെ ജീവിതപുരോഗതിക്കായുള്ള സമരങ്ങളെയും സംഘടനയെയും ശക്തിപ്പെടുത്തണമെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ അവതരിപ്പിച്ച കര്‍ഷകത്തൊഴിലാളി രേഖ നിര്‍ദേശിച്ചു. സാമൂഹ്യനീതിക്കായുള്ള പോരാട്ടം മുന്നോട്ടുകൊണ്ടുപോകുകയും ഒപ്പം വര്‍ഗബോധം വളര്‍ത്തുന്നതിനുള്ള ജാഗ്രത്തായ പ്രവര്‍ത്തനവും വേണം. കേരളത്തിന്റെ പുരോഗതിക്ക് കാര്‍ഷികമേഖലയുടെ പങ്ക് തിരിച്ചറിഞ്ഞ് ഈ മേഖലയില്‍ ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും രേഖ ചൂണ്ടിക്കാട്ടി. രണ്ടുദിവസത്തെ യോഗത്തില്‍ രേഖ എം വി ഗോവിന്ദന്‍ അവതരിപ്പിച്ചു. അതിന്മേലുള്ള ചര്‍ച്ച ശനിയാഴ്ച പൂര്‍ത്തിയാക്കി. സംഘടനയെയും ഭാവിപ്രവര്‍ത്തനങ്ങളെയും പറ്റിയുള്ള റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിക്കും. കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷനാണ്. പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പങ്കെടുക്കുന്നു. യോഗം ഞായറാഴ്ചയും തുടരും.

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ ഉമ്മര്‍മാസ്റ്ററുടെ വേര്‍പാടില്‍ അനുശോചിച്ചാണ് യോഗം ആരംഭിച്ചത്.രണ്ടുതവണ സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്ന ഉമ്മര്‍മാസ്റ്റര്‍ കര്‍ഷകസംഘത്തിലൂടെയാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. 1960ല്‍ കമ്യൂണിസ്റ്റ് പാര്‍ടി അംഗമായ അദ്ദേഹം 1972ല്‍ പാര്‍ടി ജില്ലാകമ്മിറ്റി അംഗമായും 1984ല്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. 2003ല്‍ ജില്ലാ സെക്രട്ടറിയായും 2005ല്‍ പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം ജില്ലയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിന് നിര്‍ണായക സംഭാവന നല്‍കിയവരില്‍ ഒരാളാണ്. വര്‍ഗീയത ഇളക്കിവിട്ട് ജനങ്ങളില്‍ സ്വാധീനം ഉറപ്പിക്കാന്‍ ന്യൂനപക്ഷ സമുദായസംഘടനകളും കക്ഷികളും നടത്തുന്ന ശ്രമങ്ങള്‍ക്ക് തടയിടാനും ഒറ്റപ്പെടുത്താനും വേണ്ടി മതനിരപേക്ഷ രാഷ്ട്രീയത്തെ ശക്തിപ്പെടുത്താന്‍ പാര്‍ടി നേതാവെന്ന നിലയില്‍ ഉമ്മര്‍മാസ്റ്റര്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങളാണ് കാഴ്ചവച്ചത്. പ്രസ്ഥാനത്തെ കെട്ടുറപ്പോടെ നയിക്കാനുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃപരമായ പങ്കുവഹിച്ചു. ഉമ്മര്‍മാസ്റ്ററുടെ നിര്യാണത്തില്‍ സംസ്ഥാന കമ്മിറ്റിയോഗം അഗാധമായ ദുഃഖവും അനുശോചനവും പ്രകടിപ്പിച്ചു.

കുന്നത്തൂര്‍ ഏരിയ കമ്മിറ്റി അംഗം എസ് രാമചന്ദ്രന്‍നായര്‍, കാഷ്യൂ വര്‍ക്കേഴ്സ് സെന്റര്‍ സംസ്ഥാന കമ്മിറ്റി അംഗവും പാര്‍ടി സിപിഐ എം മുഖത്തല ഏരിയ കമ്മിറ്റി അംഗവുമായിരുന്ന എച്ച് എ മജീദ്, പാര്‍ടി പാറശാല മുന്‍ ഏരിയ കമ്മിറ്റി അംഗം എന്‍ ലാസര്‍, മൂവാറ്റുപുഴയിലെ ആയവന പാര്‍ടി മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്‍ ആര്‍ കൃഷ്ണന്‍, പാലിയം-കൂട്ടംകുളം സമരസേനാനിയായിരുന്ന ഇരിങ്ങാലക്കുടയിലെ പി സി കുറുമ്പ, പാലിയം സമരസേനാനി കൊടുങ്ങല്ലൂര്‍ ചിറയ്ക്കല്‍ കോവിലകത്ത് രമ തമ്പുരാട്ടി, പ്രശസ്ത പിന്നണി ഗായകന്‍ പി ബി ശ്രീനിവാസന്‍, പ്രമുഖ വയലിനിസ്റ്റും കര്‍ണാടക സംഗീതജ്ഞനുമായ ലാല്‍ഗുഡി ജയരാമന്‍ എന്നിവരുടെ നിര്യാണത്തില്‍ സംസ്ഥാന കമ്മിറ്റി അ അനുശോചിച്ചു.

deshabhimani 280413

No comments:

Post a Comment