Tuesday, April 30, 2013

ബാഗേപള്ളിയെ ത്രസിപ്പിച്ച് ഇടത് റാലി


ബാഗേപള്ളി (കര്‍ണാടക): ചിക്ക്ബലാപുര്‍ ജില്ലയിലെ ബാഗേപള്ളി മണ്ഡലത്തെ ഇളക്കിമറിച്ച് സിപിഐ എം നേതൃത്വത്തില്‍ ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പു റാലി. കത്തുന്ന വെയിലിലും ആയിരങ്ങള്‍ അണിചേര്‍ന്നു. ഗ്രാമീണരും നഗരവാസികളുമെല്ലാം ചെങ്കൊടിയുമേന്തി ബാഗേപള്ളി ടൗണില്‍ ഒഴുകിയെത്തി. തൊഴിലാളികള്‍, കര്‍ഷകര്‍, ദളിത്-ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍ എന്നിവരെല്ലാം അണിനിരന്നപ്പോള്‍ അത് മഹാപ്രവാഹമായി ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും അഴിമതിക്കെതിരെ പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി. ബാഗേപള്ളി നാഷണല്‍ കോളേജ് ഗ്രൗണ്ടില്‍നിന്ന് പകല്‍ ഒന്നോടെയാണ് പ്രകടനം ആരംഭിച്ചത്. പ്രകടനത്തിനു മുന്നിലായി പ്രത്യേക വാഹനത്തില്‍ സ്ഥാനാര്‍ഥി ജി വി ശ്രീറാം റെഡ്ഡിയും സിപിഐ എം പൊളിറ്റ്ബ്യൂറോം അംഗം സീതാറാം യെച്ചൂരിയും ജനങ്ങളെ അഭിവാദ്യംചെയ്തു. ഡി വി ജി റോഡുവഴി നീങ്ങിയ പ്രകടനം രണ്ടോടെ പൊതുസമ്മേളനനഗരിയായ ഷാദി മഹല്‍ ഗ്രൗണ്ടില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന പൊതുസമ്മേളനം സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. കന്നഡ ദളിത് സാഹിത്യകാരന്‍ ദേവനാരു മഹാദേവ, ജി വി ശ്രീറാം റെഡ്ഡി എന്നിവരും സംസാരിച്ചു.

കര്‍ണാടകത്തില്‍ അഴിമതിക്കെതിരായ ജനവികാരം പ്രതിഫലിക്കും: യെച്ചൂരി

ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ അഴിമതിക്കെതിരായ ജനവികാരം പ്രതിഫലിക്കുമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. ബാഗേപള്ളിയില്‍ ഇടതുമുന്നണി തെരഞ്ഞെടുപ്പുറാലി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

കര്‍ണാടകത്തിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്ന ബദല്‍നയങ്ങളാണ് സിപിഐ എം ഉയര്‍ത്തുന്നത്. ഇടതുപക്ഷപാര്‍ടികളുടെ സ്ഥാനാര്‍ഥികള്‍ വിജയിച്ചാല്‍ അത് പാവപ്പെട്ടവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും വിജയമാണെന്നും യെച്ചൂരി പറഞ്ഞു. രാജ്യത്തെയും ജനങ്ങളെയും കൊള്ളയടിക്കുന്നവരുടെ കൂടെ നില്‍ക്കണോ ജനങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടി പോരാടുന്നവര്‍ക്കൊപ്പം നില്‍ക്കണോ എന്നതാണ് തെരഞ്ഞെടുപ്പിലെ മുഖ്യ ചോദ്യം. കേന്ദ്രത്തിലായാലും സംസ്ഥാനത്തായാലും കഴിഞ്ഞ അഞ്ചുവര്‍ഷം കോണ്‍ഗ്രസും ബിജെപിയും ജനങ്ങളെ കൊള്ളയടിച്ചു. പാവപ്പെട്ടവരുടെ ഉന്നമനത്തിനുള്ള ഒരു നയസമീപനവും കോണ്‍ഗ്രസിനും ബിജെപിക്കും ഇല്ല. ബാഗേപള്ളിയില്‍ സിപിഐ എം സ്ഥാനാര്‍ഥി ജി വി ശ്രീറാം റെഡ്ഡിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസും ബിജെപിയും ഖനി- റിയല്‍ എസ്റ്റേറ്റ് മാഫിയകളും ശ്രമിക്കുകയാണ്. ഖനിമാഫിയക്കും ഭൂമാഫിയക്കും എതിരെ നിയമസഭയ്ക്കകത്തും പുറത്തും ശ്രീറാം റെഡ്ഡി നടത്തിയ പോരാട്ടങ്ങളാണ് അദ്ദേഹത്തിനെതിരെ നീങ്ങാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. ജനങ്ങളുടെ സ്വത്ത് കൊള്ളയടിക്കുന്നവര്‍ക്കെതിരെയുള്ള പോരാട്ടമായി ഈ തെരഞ്ഞെടുപ്പിനെ കണ്ട് ശ്രീറാം റെഡ്ഡിയെ വിജയിപ്പിക്കണമെന്നും യെച്ചൂരി അഭ്യര്‍ഥിച്ചു.

കോണ്‍ഗ്രസിനും ബിജെപിക്കും സമ്പന്നരുടെ താല്‍പ്പര്യം മാത്രം: വൃന്ദ

ബംഗളൂരു: കോണ്‍ഗ്രസും ബിജെപിയും സമ്പന്നര്‍ക്കുവേണ്ടി മാത്രം നിലകൊള്ളുന്ന പാര്‍ടികളാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോം അംഗം വൃന്ദ കാരാട്ട് പറഞ്ഞു. കര്‍ണാടക മലവള്ളി മണ്ഡലത്തിലെ സിപിഐ എം സ്ഥാനാര്‍ഥി കെ ബസവരാജിന്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു വൃന്ദ.

ദരിദ്രര്‍ക്കും ചൂഷണം ചെയ്യപ്പെടുന്ന ജനവിഭാഗങ്ങള്‍ക്കും വേണ്ടിയാണ് സിപിഐ എം നിലകൊള്ളുന്നത്. ത്രിപുരയില്‍ സിപിഐ എമ്മിന്റെ മുഖ്യമന്ത്രിയായ മണിക് സര്‍ക്കാരാണ് രാജ്യത്തെ മുഖ്യമന്ത്രിമാരില്‍ ഏറ്റവും ദരിദ്രന്‍. പാവപ്പെട്ട ജനവിഭാഗത്തിന് വേണ്ടി പ്രവര്‍ത്തിച്ചാണ് സിപിഐ എം സ്ഥാനാര്‍ഥികള്‍ അധികാരസ്ഥാനങ്ങളില്‍ എത്തുന്നത്. സിപിഐ എമ്മിന്റെ ഒരു നേതാവിനെയും അഴിമതിക്കാരനെന്ന് ചൂണ്ടിക്കാണിക്കാനാകില്ല- വൃന്ദ പറഞ്ഞു.

deshabhimani 300413

No comments:

Post a Comment