Monday, April 29, 2013
ഗ്രാമീണ്‍ ബാങ്ക് ഓഹരിയും സ്വകാര്യമേഖലയ്ക്ക്
സാധാരണക്കാരന്റെ സാമ്പത്തിക ഭദ്രതയുടെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന ഗ്രാമീണ്‍ ബാങ്കുകളുടെ ഓഹരിയും സ്വകാര്യമേഖലക്ക് നല്‍കുന്നു. ധനമന്ത്രി പി ചിദംബരം കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അവതരിപ്പിച്ച റീജ്യണല്‍ റൂറല്‍ ബാങ്ക് ആക്ട്-2013 ആണ് രാജ്യത്തെ ഗ്രാമീണ്‍ ബാങ്കുകള്‍ക്ക് വിനയാകുന്നത്. ഗ്രാമീണ്‍ ബാങ്കുകളുടെ ഓഹരി അനുപാതം പുനര്‍നിര്‍ണയിച്ചാണ് സ്വകാര്യവല്‍ക്കരണത്തിന് കളമൊരുക്കുന്നത്. നിലവിലുള്ള ഓഹരി അനുപാതം കേന്ദ്ര സര്‍ക്കാര്‍-50 ശതമാനം, സംസ്ഥാന സര്‍ക്കാര്‍-15, സ്പോണ്‍സര്‍ ബാങ്ക്-35 എന്നിങ്ങനെയാണ്. കേന്ദ്ര സര്‍ക്കാര്‍, സ്പോണ്‍സര്‍ ബാങ്ക് എന്നിവ ചേര്‍ന്നുള്ള ഓഹരി 51 ശതമാനമായി കുറയ്ക്കുമെന്നാണ് പ്രധാന ഭേദഗതി. സംസ്ഥാന സര്‍ക്കാരിന്റെ ഓഹരി കുറയ്ക്കുന്നതുസംബന്ധിച്ച് കൂടിയാലോചന നടത്തുമെന്നും പ്രഖ്യാപനത്തിലുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഓഹരി കുറച്ചില്ലെങ്കില്‍തന്നെയും കുറഞ്ഞത് 36 ശതമാനം സ്വകാര്യ പങ്കാളിത്തമാണ് ദേഭദഗതിയിലൂടെ ഉറപ്പാക്കുന്നത്. പരിഷ്കരണത്തിന്റെ മറവില്‍ കോര്‍പറേറ്റുകള്‍ക്കും കുത്തക മുതലാളിമാര്‍ക്കും യഥേഷ്ടം മൂലധനനിക്ഷേപത്തിന് അവസരമൊരുക്കുകയാണ് സര്‍ക്കാര്‍. ഇതോടെ നയരൂപീകരണത്തില്‍ സര്‍ക്കാരിന്റെ നിയന്ത്രണം ദുര്‍ബലമാവുകയും സ്വകാര്യ ഓഹരിയുടമകള്‍ക്ക് അപ്രമാദിത്വം കൈവരികയും ചെയ്യും.
63 ഗ്രാമീണ്‍ ബാങ്കുകളാണ് ഇന്ത്യയില്‍ നിലവിലുള്ളത്. നേരത്തെ 196 ബാങ്കുകളുണ്ടായിരുന്നു. സംസ്ഥാനത്ത് ഒരു ഗ്രാമീണ്‍ ബാങ്ക് എന്ന സംവിധാനം നടപ്പാക്കണമെന്ന നിര്‍ദേശം 2011-ല്‍ പുറപ്പെടുവിച്ചതോടെയാണ് എണ്ണം കുറഞ്ഞുതുടങ്ങിയത്. രാജ്യത്തുടനീളമായി 17,000 ശാഖകളും മുക്കാല്‍ ലക്ഷം ജീവനക്കാരുമുള്ള ബാങ്കിങ് ശൃംഖലയായി ഗ്രാമീണ്‍ ബാങ്ക് മാറിക്കഴിഞ്ഞു. 2500 കോടിയാണ് ലാഭം. 3.25 ലക്ഷം കോടി രൂപ ബിസിനസുള്ള ബാങ്ക് ഒറ്റയടിക്ക് മുതലാളിമാര്‍ക്ക് വിട്ടുകൊടുക്കുകയാണ് പരിഷ്കരണത്തിനുപിന്നിലെ ലക്ഷ്യമെന്ന് വ്യക്തം. 10 ശതമാനം ഓഹരിക്ക് ഒന്നും പത്തു മുതല്‍ ഇരുപത് ശതമാനം വരെ ഓഹരിക്ക് രണ്ടും 25 ശതമാനത്തിന് മൂന്നും ഡയറക്ടര്‍മാരെ തെരഞ്ഞെടുക്കാന്‍ ഭേദഗതിയിലൂടെ ഓഹരി ഉടമകള്‍ക്ക് അധികാരം നല്‍കുന്നു. ഡയറക്ടര്‍മാരുടെ കാലാവധി രണ്ടു വര്‍ഷമാണെങ്കിലും രണ്ട് വര്‍ഷത്തേക്കുകൂടി പുനര്‍നിയമനം നടത്താം.
നിലവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ രണ്ട് വീതവും സ്പോണ്‍സറായ സിന്‍ഡിക്കറ്റ് ബാങ്കിന്റെ മൂന്നും നബാര്‍ഡ്, റിസര്‍വ് ബാങ്ക് എന്നിവയുടെ ഒന്നുവീതവും പ്രതിനിധികളാണ് ഡയറക്ടര്‍ ബോര്‍ഡിലുള്ളത്. ഓരോ ഗ്രാമീണ്‍ ബാങ്കിന്റെയും അംഗീകൃത മൂലധനം ഒരു കോടിയില്‍നിന്ന് 500 കോടിയായി ഉയര്‍ത്താനും ഭേദഗതി നിര്‍ദേശിക്കുന്നു. ഗ്രാമീണ്‍ ബാങ്കുകള്‍ വന്‍ നഷ്ടമുണ്ടാക്കിയ കാലത്ത് മൂലധനം ഉയര്‍ത്താന്‍ താല്‍പ്പര്യമെടുക്കാതിരുന്ന സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരണത്തിന് കളമൊരുക്കുന്നതിന് മൂലധനം വര്‍ധിപ്പിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു. ധാരാളം ശാഖകള്‍ തുടങ്ങാന്‍ നടപടി സ്വീകരിച്ചതിനുപിന്നാലെ സ്വകാര്യവല്‍ക്കരണത്തിനും തീരുമാനമായതോടെ ഗ്രാമീണമേഖലയിലെ സമ്പത്ത് കൊള്ളയടിക്കാനുള്ള അവസരമാണ് കോര്‍പറേറ്റുകള്‍ക്ക് ലഭിക്കുക. കൃഷി, കൈത്തൊഴില്‍, പരമ്പരാഗത തൊഴില്‍ മേഖലകള്‍, സര്‍ക്കാര്‍ നടപ്പാക്കുന്ന ക്ഷേമപദ്ധതികള്‍ തുടങ്ങിയവയാണ് ഗ്രാമീണ്‍ ബാങ്കിന്റെ മുന്‍ഗണനാ മേഖലകള്‍. തൊണ്ണൂറു ശതമാനം വായ്പാവിതരണവും ഈ മേഖലകളിലാണ്. സ്വകാര്യവല്‍ക്കരണത്തോടെ ഇത് കീഴ്മേല്‍ മറിയും. കൃഷി വായ്പകളും സബ്സിഡികളും ഉള്‍പ്പെടെ കോര്‍പറേറ്റുകള്‍ ചോര്‍ത്തും. ഗ്രാമീണമേഖലയുടെ വികസനത്തിന് 1975-ല്‍ സ്ഥാപിതമായ ഗ്രാമീണ്‍ ബാങ്കിന്റെ മുന്‍ഗണനാ മേഖലകളെയാകെ തകിടംമറിക്കുന്നതാകും ഈ ഭേദഗതിയെന്ന് ഓള്‍ കേരള ഗ്രാമീണ്‍ ബാങ്ക് സ്റ്റാഫ് ഫെഡറേഷന്‍ പ്രസിഡന്റ് സി പി നരേന്ദ്രന്‍ പറഞ്ഞു.
(പി പി സതീഷ്കുമാര്‍)
deshabhimani 290413
Subscribe to:
Post Comments (Atom)
No comments:
Post a Comment