Friday, April 26, 2013

ആദിവാസി ഊരുകളില്‍ അടിയന്തരസഹായം എത്തിക്കണം


കേരളത്തിലെ ആദിവാസി വിഭാഗം പൊതുവിലും പാലക്കാട് ജില്ലയിലെ അഗളിയില്‍ പ്രത്യേകിച്ചും നേരിടുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ഗവണ്‍മെന്റ് കുറ്റം സ്വയം ഏറ്റെടുത്ത സാഹചര്യത്തില്‍ അടിയന്തരമായും ശുദ്ധമായ കുടിവെള്ളവും ആരോഗ്യപരിപാലനവും ഉറപ്പുവരുത്തണം. മേന്മയുള്ള ഭഭക്ഷണപദാര്‍ത്ഥങ്ങള്‍ സൗജന്യമായി വിതരണം നടത്തണം. ഇതിന് മേല്‍നോട്ടം വഹിക്കാന്‍ ഒരു മന്ത്രിയെ ചുമതലപ്പെടുത്തണം. ഈ വിഭാഗങ്ങളോട് പ്രതിബദ്ധതയുള്ള സര്‍വ്വീസിലുള്ള ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ ഉത്തരവാദിത്വം ഏല്‍പ്പിക്കണം- സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

പട്ടികവര്‍ഗത്തില്‍നിന്ന് ഒരു മന്ത്രി വന്നാല്‍ ആദിവാസി രക്ഷപ്പെടുമെന്ന പ്രചരണമാണ് യുഡിഎഫ് നടത്തിയത്. ഈ വകുപ്പ് നിര്‍ജ്ജീവമായിരിക്കുകയാണ്. ആദിവാസികള്‍ അഭിമുഖീകരിക്കുന്ന ഗുരുതരമായ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. ഇവരുടെ പ്രയാസങ്ങള്‍ ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ പാര്‍ടി ഘടകങ്ങള്‍ സജീവമായി രംഗത്തിറങ്ങണമെന്നും സെക്രട്ടേറിയറ്റ് അഭ്യര്‍ത്ഥിച്ചു.

കേരളത്തില്‍ ഇന്നുവരെ കാണാത്ത കാര്യമാണ് ഇപ്പോള്‍ സംഭവിക്കുന്നത്. രണ്ടുവര്‍ഷത്തിനുള്ളില്‍ 35 ആദിവാസി കുട്ടികളാണ് പോഷകാഹാരക്കുറവ് മൂലം മരണപ്പെട്ടത്. ഇതെല്ലാം ഒരു വയസ്സിനു താഴെയുള്ള കുട്ടികളാണ്. ഔപചാരികമായ കണക്കുകളെക്കാളും കൂടുതലാണ് മരണനിരക്ക്. യുഡിഎഫ് ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം എല്‍ഡിഎഫ് ഗവണ്‍മെന്റ് രൂപംകൊടുത്ത എല്ലാ ആരോഗ്യ സുരക്ഷാ പദ്ധതികളും അട്ടിമറിച്ചതാണ് ഇതിന്റെ പ്രധാന കാരണം. വകുപ്പുതല സംയോജനം ഇല്ലാത്തതിന്റെ ഭാഗമായി ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ നാഥനില്ലാത്ത സ്ഥിതിയാണ് ഈ അവസ്ഥയ്ക്ക് പ്രധാന കാരണം. പഞ്ചായത്ത്, ട്രൈബല്‍, ആരോഗ്യം, സാമൂഹ്യക്ഷേമം എന്നീ വകുപ്പുകള്‍ യോജിപ്പിച്ച് ആരോഗ്യപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഗവണ്‍മെന്റ് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല.

പട്ടികവര്‍ഗ വിഭാഗത്തിന് നീക്കിവച്ച പ്ലാന്‍ ഫണ്ടിന്റെ പകുതിപോലും ചെലവഴിച്ചില്ല. പ്രധാനമായും ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട് പദ്ധതികള്‍ ആവിഷ്കരിക്കേണ്ട മൂന്ന് പഞ്ചായത്തും- അഗളി, ഷോളയൂര്‍, പുത്തൂര്‍ ഇക്കാര്യത്തില്‍ നിരവധി കോടികളാണ് ചെലവഴിക്കാതിരുന്നത്. പോഷകാഹാരം ഉറപ്പുവരുത്തേണ്ട അംഗന്‍വാടികളില്‍ കഴിക്കാന്‍ പറ്റാത്ത ഭഭക്ഷണമാണ് വിതരണം ചെയ്തത്. പ്രൈമറി ഹെല്‍ത്ത് സെന്ററുകളുടെ മേല്‍നോട്ടം വഹിക്കാന്‍ ആറുമാസം മുമ്പ് സൂപ്പര്‍വൈസര്‍മാരെ നിയമിച്ചിട്ട് ഒരാള്‍ പോലും സര്‍വ്വീസില്‍ പ്രവേശിച്ചില്ല. ഈ സെന്ററുകളില്‍ രോഗികളെ എത്തിക്കേണ്ട ചുമതലയുള്ള ട്രൈബല്‍ വളണ്ടിയര്‍, ആശാ വര്‍ക്കര്‍, ജെ.പി.എച്ച്.എന്‍ വിഭാഗത്തിലെ ജീവനക്കാരെ ഫലപ്രദമായി ഗവണ്‍മെന്റ് ഉപയോഗിച്ചില്ല. ഒരു റവ്യൂ പോലും നടത്തിയില്ല.

എല്‍ഡി.എഫ് ഗവണ്‍മെന്റിന്റെ കാലത്ത് നിര്‍മ്മിച്ച 100 കിടക്കയുള്ള കോട്ടത്തറയിലെ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ഈ ഗവണ്‍മെന്റ് വന്നതിനുശേഷം ഒരു ഡോക്ടര്‍ പോലും ഇവിടെ ഇല്ലാത്ത സ്ഥിതി വന്നു. ഒരു ആദിവാസി സ്ത്രീ ഹൃദയസ്തംഭനം മൂലം പ്രാഥമിക ചികിത്സ പോലും ലഭിക്കാതെ ആശുപത്രിക്കു മുമ്പില്‍ പിടഞ്ഞുവീണു മരിച്ചു. ശിരുവാണിപ്പുഴയിലെ മലിനപ്പെട്ട ജലം ആശുപത്രിയില്‍ പമ്പ് ചെയ്ത് ആശുപത്രിയില്‍ കൊടുക്കുകയാണ്. ഒരു ട്രീറ്റ്മെന്റ് പ്ലാന്റ് പോലും ഇല്ല.

ആദിവാസി ഊരുകളിലെല്ലാം വെള്ളത്തിന്റെ പ്രശ്നം രൂക്ഷമായിരിക്കുന്നു. കുടിവെള്ളം എത്തിക്കേണ്ട വാട്ടര്‍ അതോറിറ്റിയും പഞ്ചായത്തും നോക്കുകുത്തികളായി. റേഷന്‍ ഷോപ്പില്‍ വിതരണം നടത്തേണ്ട അരി ആദിവാസികള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്നതല്ല. ഭഭൂരിപക്ഷം ആദിവാസികളെയും ഈ ഗവണ്‍മെന്റ് എ.പി.എല്‍ ലിസ്റ്റില്‍ പെടുത്തി അവര്‍ക്ക് ഒരു കിലോഗ്രാമിന് 8.90 രൂപയ്ക്ക് വില്‍ക്കുകയാണ്. അനുവദിച്ച അരിയുടെ പകുതി പോലും അവര്‍ക്ക് വാങ്ങാന്‍ കഴിയുന്നില്ല. തൊഴിലുറപ്പ് പദ്ധതിയില്‍ ഭഭൂരിപക്ഷം ആദിവാസികള്‍ക്കും തൊഴില്‍ കൊടുക്കുന്നില്ല. ജോലി ചെയ്ത ഇനത്തില്‍ തന്നെ 25 ലക്ഷം രൂപ കൂലി കൊടുക്കാന്‍ ബാക്കിയുണ്ട്- പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

deshabhimani

No comments:

Post a Comment