Sunday, April 28, 2013
അലഭ്യലഭ്യശ്രീ
എല്ലാം കിട്ടി എന്നു കരുതും- ഒന്നും കിട്ടില്ല. ഭാഗ്യമുണ്ട്; യോഗമില്ല. പി സി ചാക്കോ അങ്ങനെയാണ്. എ കെ ആന്റണിയെപ്പോലെ എക്സ് ആദര്‍ശശാലി. ഉമ്മന്‍ചാണ്ടിക്കുപുറകെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായ തീപ്പൊരി. വയലാര്‍ രവിയോളം തലയെടുപ്പുള്ള തീപ്പന്തം. കാഞ്ഞിരപ്പള്ളിയില്‍നിന്ന് നീലക്കൊടിയേന്തി കെഎസ്യുവിലൂടെ ആളിപ്പടര്‍ന്ന ചാക്കോ ഒരുകാലത്ത് കേരളത്തിലെ കോണ്‍ഗ്രസിന്റെ ജ്വലിക്കുന്ന ഭാവിയാണെന്ന് പറഞ്ഞവരുണ്ട്. അന്നൊക്കെ എന്തുപറയുമ്പോഴും അല്‍പ്പം പുരോഗമനത്തിന്റെയും ആദര്‍ശത്തിന്റെയും മേമ്പൊടി കാണും. ഇന്ദിരാഗാന്ധിയെ തള്ളിപ്പറഞ്ഞ് ആന്റണിയോടൊപ്പം ഇടതുപക്ഷത്തേക്ക് ചാടിയതും പിന്നീട് എന്‍സിപിയുടെ സംസ്ഥാന പ്രസിഡന്റായതുമെല്ലാം അക്കാലത്തെ ആദര്‍ശാസുഖംകൊണ്ടാണ്. ആദര്‍ശം ഭക്ഷിച്ചാല്‍ കോണ്‍ഗ്രസില്‍ രക്ഷയില്ലെന്ന് തോന്നാന്‍ കാലം കുറെ വേണ്ടിവന്നു. നല്ല ഭക്ഷണം കായല്‍മീനും തിരുതയുമൊക്കെയാണെന്നും അത് കഴിക്കുകയും കഴിപ്പിക്കുകയും ചെയ്താലാണ് അധികാരസ്ഥാനങ്ങളിലേക്ക് വാതില്‍ തുറന്നുകിട്ടുകയെന്നും ബോധ്യപ്പെടുമ്പോഴേക്കും പല പല കപ്യാര്‍മാര്‍ക്കും മെത്രാന്‍പട്ടം കിട്ടിയിരുന്നു.
നില്‍ക്കുന്നിടത്ത് പരമാവധി ആത്മാര്‍ഥത എന്നതാണ് ചാക്കോശൈലി. ഏല്‍പ്പിച്ച ജോലി പൂര്‍ത്തിയാക്കാന്‍ എന്തും ചെയ്യും. ത്യാഗമാണെങ്കില്‍ ത്യാഗം, അരുതായ്മയാണെങ്കില്‍ അത്. അധ്വാനശീലനാണ്. എന്നുവച്ച്, പാടത്ത് ജോലിയും വരമ്പത്ത് കൂലിയും എന്ന ശാഠ്യമില്ല. കര്‍മംചെയ്യുകതന്നെ ലക്ഷ്യം. കര്‍മഫലം മറ്റ് വല്ലവരും അടിച്ചുകൊണ്ടുപോകും. ചാക്കോയെ സാറേയെന്ന് വിളിക്കുകയും ആ പ്രസംഗം കേട്ട് കോരിത്തരിച്ച് വശാവുകയും ചെയ്ത പലരും ഇന്ന് കേന്ദ്രമന്ത്രിമാരും പ്രമാണിമാരുമൊക്കെയാണ്. സ്വന്തമായി കൈമണി എന്ന ഉപകരണം മാത്രമുള്ളവര്‍ക്ക് മന്ത്രിപ്പട്ടം കിട്ടിയപ്പോള്‍, ചാക്കോ വെറും എംപിയായി ഡല്‍ഹിയില്‍ കഴിയേണ്ടിവന്നു. അപ്പോഴാണ്, കോണ്‍ഗ്രസിന്റെ ഔദ്യോഗികവക്താവിന്റെ കുപ്പായം ഒഴിഞ്ഞത്. ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കും വക്താവാകാന്‍ പറ്റില്ല- അതിന് ഭാഷ വേണം; ഭാവന വേണം; വിവേകശേഷി വേണം. ചാക്കോയ്ക്ക് അതെല്ലാമുണ്ടെന്ന് ഹൈക്കമാന്‍ഡ് കണ്ടു. വക്താവായി കഴിവ് തെളിയിച്ചപ്പോള്‍ മറ്റൊരു പദവി വന്നു. ഒന്നേമുക്കാല്‍ലക്ഷം കോടി രൂപയുടെ ഏര്‍പ്പാട് അന്വേഷിക്കുന്ന സംഘത്തിന്റെ മേലാളായി നിയമനം. കൂടെയുള്ളവരും താഴെയുള്ളവരും മന്ത്രിവാഹനത്തില്‍ പറപറക്കുമ്പോള്‍ ചാക്കോയുടെ തലയില്‍ കോണ്‍ഗ്രസിനെ രക്ഷിക്കാനുള്ള അധ്വാനഭാരം.
പണം അടിച്ചുമാറ്റിയത് കോണ്‍ഗ്രസാണ്. അതില്‍ തലേക്കെട്ടുള്ളവരും ഇല്ലാത്തവരുമൊക്കെ കുടുങ്ങും. അതൊഴിവാക്കാന്‍ രക്ഷകാവതാരമായി ചാക്കോ. അല്ലെങ്കിലും, സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി എന്നു പറഞ്ഞാല്‍തന്നെ ഒരു രക്ഷാസമിതിയാണ്. മലപോലെ വരുന്ന ആരോപണങ്ങളെ എലിപോലെയാക്കണമെങ്കില്‍ ഇത്തരം സമിതിയെ ഏല്‍പ്പിച്ചാല്‍മതി. 2ജി അഴിമതി ചില്ലറ ഏര്‍പ്പാടല്ല. നേരേ ചൊവ്വേ അന്വേഷിച്ചാല്‍പിന്നെ കോണ്‍ഗ്രസുണ്ടാകില്ല. ആദ്യം വേണ്ടത് മന്‍മോഹന്‍സിങ്്, ചിദംബരം തുടങ്ങിയ പ്രമാണിമാര്‍ക്ക് വിടുതല്‍ കൊടുക്കുകയാണ്. ചാക്കോ അത് ഭംഗിയായി ചെയ്തുതീര്‍ക്കാന്‍ പോകുമ്പോഴാണ്, പുതിയ വിവാദം വരുന്നത്. ചാക്കോ പക്ഷപാതപരമായും മുന്‍വിധിയോടെയും പെരുമാറുന്നുവെന്ന് മുപ്പതംഗസമിതിയിലെ 15 പേര്‍ക്കും പരാതി. വിശ്വാസം നഷ്ടമായി, അതുകൊണ്ട് ഇനി ചാക്കോ വേണ്ടെന്ന്. വെറുതെ പറയുകയല്ല, സ്പീക്കറെ നേരില്‍ കണ്ട് കത്ത് നല്‍കിയിരിക്കുന്നു. അതോടെ, ജെപിസി യോഗം മാറ്റി തല്‍ക്കാലം തടിയൂരുന്ന ചാക്കോയെയാണ് കണ്ടത്.
ചാക്കോയെ മാറ്റുകയാണെങ്കില്‍, മൂന്നു പ്രതിപക്ഷ അംഗങ്ങളെ വേറെയും മാറ്റേണ്ടിവരുമെന്ന് കോണ്‍ഗ്രസ് പറയുന്നു. എന്തുചെയ്തും ചാക്കോ ചുട്ടെടുക്കുന്ന ഒരു റിപ്പോര്‍ട്ട് സംഘടിപ്പിക്കണം. ചാക്കോതന്നെ താരം. വടകരമുതല്‍ വടകരവരെ ഷട്ടില്‍ സര്‍വീസ് നടത്തുന്ന മുല്ലപ്പള്ളിയെക്കൊണ്ട് ആര്‍എംപിക്കാര്‍ക്കേ ഗുണമുള്ളൂ. കെ വി തോമസ് ഹൈക്കമാന്‍ഡിനെ സേവിക്കുന്നുണ്ട്. കെ സി വേണുഗോപാലും ശശി തരൂരും ഉലകംചുറ്റി സേവനം നടത്തുകയാണ്. അവര്‍ക്കെല്ലാം മന്ത്രിപദവിയുണ്ട്. ചാക്കോയ്ക്ക് കിട്ടിയ കസേരയില്‍ മുള്ളും മുരടുമാണെങ്കിലും സേവനം അതിഗംഭീരംതന്നെ. കള്ളന്മാരെ രക്ഷിക്കാനും വേണം അപാരമായ കഴിവ്. കല്‍ക്കരിപ്പാടം അഴിമതി കണ്ടെത്താനും ഒരു സമിതിയുണ്ടാക്കി ചാക്കോയ്ക്ക് അധ്യക്ഷസ്ഥാനം കൊടുക്കാവുന്നതേയുള്ളൂ. വെള്ളംകോരികളും വിറകുവെട്ടികളും എക്കാലത്തും ഇങ്ങനെയൊക്കെയാകും.
സൂക്ഷ്മന്‍ deshabhimani varanthapathipp 290413
Subscribe to:
Post Comments (Atom)
No comments:
Post a Comment