Tuesday, April 30, 2013
മോഡിയെ കണ്ട് കവാത്ത് മറന്നവര്‍
കാട്ടുകുരങ്ങിന് പച്ചമാംസവും സിംഹത്തിന് മുന്തിരിപ്പഴവും കൊടുക്കുന്ന വിചിത്രകഥാപാത്രങ്ങളല്ല നമ്മുടെ സമുദായ നേതാക്കള്‍. നരേന്ദ്രമോഡിയുടെ ശിവഗിരിവരവില്‍ മദോന്മത്തരായി ആലവട്ടവും വെഞ്ചാമരവും വീശുകയും മോഡിയുടെ ഭാഷ കടംകൊള്ളുകയുമാണിവര്‍. ന്യൂനപക്ഷം നാടിന് ദുശ്ശകുനം എന്നാണ് എന്‍എസ്എസ് സചിവോത്തമന്‍ സുകുമാരാന്‍നായര്‍ക്കൊപ്പം എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വിളംബരംചെയ്യുന്നത്. മോഡിയെപ്പോലെ തനിത്തങ്കമായ ലക്ഷണമൊത്ത ഒരു ഭരണാധികാരിയെ ഈരേഴുപതിനാലുലോകത്തും മഷിയിട്ടുനോക്കിയാലും കാണാനാകില്ലെന്നാണ് "നടേശഗുരു"വിന്റെ അരുളിപ്പാട്. അതുകൊണ്ട് മഹാനായ ശ്രീനാരായണ ഗുരു സ്ഥാപിക്കുകയും സ്വാമിയുടെ സമാധികേന്ദ്രമായി മാറുകയും ചെയ്ത ശിവഗിരിയില്‍ മുസ്ലിങ്ങളുടെ വംശഹത്യക്കായി അഹോരാത്രം പെടാപ്പാടുപെടുന്ന മോഡി വന്നത് ബലേ ഭേഷ് എന്നാണ്.
പക്ഷേ, ഇങ്ങനെയൊരു തലതിരിഞ്ഞ വിചാരമല്ലല്ലോ നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിനുണ്ടായിരുന്നത്. "കരുണാവാരിധിയാം നബി മുത്തുരത്നമോ"യെന്നാണ് "ആത്മോപദേശ ശതക"ത്തില്‍ മുഹമ്മദ് നബിയെ ഗുരു കണ്ടത്. ഭൂമിയോളം ക്ഷമിക്കാമെന്ന് ഒരു ഭക്തന്‍ പറഞ്ഞപ്പോള്‍ ക്രിസ്തുവിനോളം എന്ന് തിരുത്തിയ ഗുരു മറ്റൊരു ഘട്ടത്തില്‍ "പരമേശ്വര പവിത്രപുത്രനാം യേശു" എന്നും വിശേഷിപ്പിച്ചു. ഇങ്ങനെ വ്യത്യസ്ത ജനവിഭാഗങ്ങള്‍ അവരുടെ രക്ഷകരായി കരുതുന്ന ആരാധ്യപുരുഷരെ തികഞ്ഞ ആദരവോടെ കണ്ട ഗുരു ഒരു ജാതി, ഒരുമതം, ഒരു ദൈവം എന്ന സങ്കല്‍പ്പം പ്രാവര്‍ത്തികമാക്കാനാണ് ശിവഗിരിയില്‍ മഠം സ്ഥാപിച്ചത്. അതുകൊണ്ടുതന്നെ ഗുജറാത്ത് വംശഹത്യയുടെ ചോരക്കറയുള്ള മോഡിയെ അവിടേക്ക് ആനയിച്ച് ആദരിക്കുന്നതില്‍ വിയോജിച്ച്, ശ്രീനാരായണ ധര്‍മം പ്രചരിപ്പിക്കാന്‍ ബാധ്യസ്ഥമായ യോഗത്തിന്റെ അധിപന് തെറ്റുതിരുത്തിക്കാനുള്ള കടമയുണ്ടായിരുന്നു. കുമാരനാശാന്‍ മുതല്‍ സി കേശവന്‍വരെയുള്ളവര്‍ ഇരുന്ന കസേരയിലാണ് താനിരിക്കുന്നതെന്ന് ഒരുനിമിഷം ഓര്‍ക്കാന്‍ വെള്ളാപ്പള്ളിക്ക് കഴിയാതെ പോയതിനാല്‍ അത് സംഭവിച്ചില്ല. പീതാംബരവര്‍ണം മാറ്റി ശിവഗിരിയെ കാവിപുതപ്പിക്കുകയായിരുന്നു മോഡിയുടെ വരവിലൂടെ.
ഈ അതിക്രമത്തെ സമ്പൂര്‍ണമായി പിന്തുണച്ച് മോഡി സ്തുതിഗീതമായി "കേരളകൗമുദി"മാറിയത് ചരിത്രത്തിലെ മറ്റൊരു വിരോധാഭാസമായി. ശിവഗിരിയെയും ഗുരുവിനെയും പറ്റിയുള്ള അത്യുന്നത അവബോധവും അതില്‍നിന്നുളവായ ആശയപ്രചാരണത്തിനുള്ള ത്വരയും കൗമുദിയെ നയിച്ചിരുന്നു. അതുകൊണ്ടാണ് സ്ഥാപകപത്രാധിപര്‍ സി വി കുഞ്ഞുരാമന്‍ ഗുരുവിനെ കണ്ട് നടത്തിയ അഭിമുഖത്തിലെ "ഒരു ജാതി, ഒരുമതം, ഒരു ദൈവം" എന്ന സൂക്തം പത്രത്തിന്റെ തിലകക്കുറിയായത്. സംഘപരിവാറിന്റെ ബുദ്ധികേന്ദ്രമായ പി പരമേശ്വരന്‍ ശ്രീനാരായണ ഗുരുവിനെപ്പറ്റി ഒരു പുസ്തകം രചിക്കുകയും ഡോ. സുകുമാര്‍ അഴീക്കോടിന്റെ ആമുഖത്തോടെ അത് പുറത്തിറക്കുകയും ചെയ്തപ്പോള്‍ പത്രാധിപര്‍ കെ സുകുമാരന്‍ പേരുവച്ചെഴുതിയ അതിനിശിതമായ വിമര്‍ശന ലേഖനം, മോഡിയുടെ ആദരവിന് കഴുത്തുനീട്ടിക്കൊടുത്ത കേരളകൗമുദിയുടെ ഇന്നത്തെ സാരഥിയായ "കുഞ്ഞുമോന്‍" ഒന്നു വായിച്ചുനോക്കിയിരുന്നെങ്കിലെന്ന് ഒരുവേള വെറുതെ നിനച്ചുപോയി.
1995ല്‍ ആന്റണി ഭരണത്തണലില്‍ ശിവഗിരിയെ കാവിക്കാരുടെ കേന്ദ്രമാക്കാന്‍ സ്വാമി പ്രകാശാനന്ദയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുകയും അതിനായി പൊലീസിന്റെ "ബ്ലൂസ്റ്റാര്‍ ഓപ്പറേഷന്‍" ഉണ്ടാകുകയുംചെയ്തപ്പോള്‍ കേരളകൗമുദിയുടെ അന്നത്തെ പത്രാധിപര്‍ എം എസ് മണി, ശിവഗിരിയെ ഹിന്ദുമഠമാക്കാന്‍ നാഗ്പുരില്‍ ഉടലെടുത്ത ഗ്രാന്‍ഡ് ഡിസൈനാണ് ഉണ്ടായിരിക്കുന്നതെന്ന് തെളിവുകള്‍ നിരത്തി തുറന്നുകാട്ടി പതിനഞ്ചു ദിവസമായി ലേഖനപരമ്പര പ്രസിദ്ധീകരിച്ചു. ഈ പാരമ്പര്യം വിസ്മരിച്ച് ശിവഗിരിയില്‍ മോഡിയെ വരവേല്‍ക്കാന്‍ മുഖപ്രസംഗപേജ് അടക്കം അലങ്കരിച്ച് പത്രം ഇറങ്ങുക മാത്രമല്ല, ശിവഗിരിയില്‍ പോയി കാവിപ്പട്ട് പുതയ്ക്കാന്‍ പത്രഉടമ മോഡിയുടെ മുന്നില്‍ ശിരസ്സുകുനിക്കുകയും ചെയ്തപ്പോള്‍ ചവിട്ടിമെതിച്ചത് പൂര്‍വസൂരികളുടെ ഗുരു-ശിവഗിരി ദര്‍ശനങ്ങളാണ്.
ആര്‍ എസ് ബാബു deshabhimani
Subscribe to:
Post Comments (Atom)
New generation of ezhavas are rss-bjp supporters..
ReplyDeleteDont blame them..The main reason is cpi(m) and inc(k), inc (a) etc...