Monday, April 29, 2013

വൈദ്യുതി നിരക്ക് കുത്തനെ കൂട്ടുന്ന ഉത്തരവ് നാളെ


വൈദ്യുതിച്ചാര്‍ജ് വന്‍തോതില്‍ വര്‍ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് ചൊവ്വാഴ്ച ഇറങ്ങും. യൂണിറ്റിന് 20 പൈസമുതല്‍ ഒരുരൂപവരെ കൂട്ടാനാണ് വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ നീക്കം. മെയ് ഒന്നുമുതല്‍ കൂടിയ നിരക്ക് നല്‍കണം. മാസ ഉപയോഗം 300 കഴിഞ്ഞാല്‍ എല്ലാ യൂണിറ്റിനും ഒരേവില ഈടാക്കണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. നിശ്ചിത സ്ലാബില്‍ കൂടുതല്‍ ഉപയോഗിക്കുന്ന യൂണിറ്റിനുമാത്രം അധികനിരക്ക് ഈടാക്കുന്ന രീതിയും ഇതോടെ മാറും.

മാസം 40 യൂണിറ്റുവരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് വര്‍ധനയുണ്ടാകില്ല. എന്നാല്‍, നിരക്കുഘടനയില്‍ നിലവിലുള്ള സ്ലാബ് സമ്പ്രദായം ഒഴിവാക്കണമെന്ന കെഎസ്ഇബിയുടെ ആവശ്യം റഗുലേറ്ററി കമീഷന്‍ ഭാഗികമായി അംഗീകരിച്ചു. ഇവര്‍ ഉപയോഗിക്കുന്ന മുഴുവന്‍ വൈദ്യുതിക്കും ഉയര്‍ന്ന നിരക്ക് നല്‍കേണ്ടിവരും. നിലവില്‍ 501 യൂണിറ്റുമുതലാണ് സ്ലാബ് സമ്പ്രദായത്തില്‍നിന്ന് ഒഴിവാക്കിയിട്ടുള്ളത്. പുതിയ തീരുമാനത്തോടെ സംസ്ഥാനത്തെ 1.25 ലക്ഷം ഗാര്‍ഹിക ഉപയോക്താക്കള്‍ സ്ലാബ് സമ്പ്രദായത്തിനുപുറത്താകും. ഇവര്‍ക്ക് 40 ശതമാനംവരെ നിരക്കുവര്‍ധനയുണ്ടാകും. 41 മുതല്‍ 300 യൂണിറ്റുവരെ ഉപയോക്താക്കള്‍ ആറുമുതല്‍ 12 ശതമാനംവരെ അധികനിരക്ക് നല്‍കേണ്ടിവരും. ഓരോസ്ലാബിലെയും നിലവിലുള്ള നിരക്ക് കൂട്ടും.

വന്‍കിട ഉപയോക്താക്കളുടെ ഗണത്തില്‍പ്പെടുന്ന വ്യവസായ- വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ആറുശതമാനം വര്‍ധനയുണ്ടായേക്കും. കാര്‍ഷികവൈദ്യുതിക്ക് 1.50ല്‍നിന്ന് രണ്ടു രൂപയാക്കാനും ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. സിംഗിള്‍ ഫേസ് കണക്ഷനുള്ള വീടുകളില്‍നിന്ന് മാസം 20 രൂപ സ്ഥിരം നിരക്ക് ഈടാക്കുന്നത് 120 യൂണിറ്റുവരെ 20 രൂപയും അതിനുമുകളില്‍ 25 രൂപയും ത്രീ ഫേസ് കണക്ഷന് 60ല്‍നിന്ന് 75ഉം ആക്കണമെന്നാണ് ബോര്‍ഡ് ആവശ്യം.

മെയ് ഒന്നുമുതല്‍ 2014 മാര്‍ച്ച് 31 വരെയാണ് പുതിയ നിരക്കുകള്‍ നിലവിലുണ്ടാവുക. അതേസമയം, ഈ കാലയളവിനിടയില്‍ വീണ്ടും വര്‍ധനയ്ക്കുള്ള സാധ്യത തള്ളാനാകില്ല. കഴിഞ്ഞവര്‍ഷം ജൂലൈ 26ന് മുന്‍കാലപ്രാബല്യത്തോടെ നിരക്ക് ഭീമമായി വര്‍ധിപ്പിച്ചിരുന്നു. തെരുവുവിളക്കുകള്‍ക്ക് നിരക്ക് മൂന്നിരട്ടിയാക്കിയ കെഎസ്ഇബി കാര്‍ഷികവൈദ്യുതിനിരക്കും ജീവകാരുണ്യസ്ഥാപനങ്ങള്‍ക്കുള്ള നിരക്കും ഉയര്‍ത്തി.

deshabhimani

No comments:

Post a Comment