Saturday, April 27, 2013
യു എസ് പത്രങ്ങള്‍ കയ്യടക്കാന്‍ കോച് ബ്രദേഴ്‌സ് രംഗത്ത്
യു എസില്‍ മാധ്യമങ്ങളുടെ നിയന്ത്രണം കയ്യടക്കാനുള്ള തീവ്രവലതുപക്ഷത്തിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ പത്രമായ ലോസ് ആഞ്ചലസ് ടൈംസ് ഉള്‍പ്പെടെയുളള എട്ട് പത്രങ്ങളാണ് കോച്ബ്രദേഴ്‌സ് എന്ന കോര്‍പറേറ്റ് വമ്പന്മാര്‍ വിലയ്ക്കുവാങ്ങാന്‍ പദ്ധതിയിട്ടിട്ടുള്ളത്.
ചിക്കാഗൊ ട്രിബൂണ്‍, ബാള്‍ട്ടിമോര്‍സണ്‍, ഒര്‍ലാന്റൊ സെന്റിനല്‍, സൗത്ത് ഫ്‌ളോറിഡ സണ്‍ സെന്റിനല്‍, ഹാര്‍ട്ട്‌ഫോര്‍ഡ് കുറാന്റ, മോണിംഗ് കാള്‍ (അലന്‍ടൗണ്‍) ഡെയ്‌ലി പ്രസ് (ഹാംപ്ടണ്‍റോഡ്) എന്നിവയാണ് പട്ടികയിലുളള മറ്റ് ഏഴ് പത്രങ്ങള്‍. രാജ്യത്തെ രണ്ടാമത്തെ പ്രസിദ്ധീകരണ കമ്പനിയായ ട്രിബൂണിന്റെ ഉടമസ്ഥതയിലുള്ളതാണ് ഇവയെല്ലാം. റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിച്ച സാം ബെല്ലിന്റെ സാരഥ്യത്തില്‍ ട്രിബൂണ്‍ കമ്പനി കഴിഞ്ഞവര്‍ഷം പാപ്പരായി. വായ്പ നല്‍കിയ ജെ പി മോര്‍ഗന്‍ ചേസ് ഉള്‍പ്പെടെയുളള ധനകാര്യ സ്ഥാപനങ്ങള്‍ ഈ പത്രങ്ങളെല്ലാം ഏറ്റെടുക്കുകയും ഇപ്പോള്‍ വില്‍ക്കാനൊരുങ്ങുകയുമാണ്. ഊര്‍ജ, നിര്‍മാണ മേഖലകളിലെ കുത്തക കമ്പനിയായ കോച്ബ്രദേഴ്‌സിന്റെ വാര്‍ഷിക വരുമാനം 11,500 കോടി ഡോളറാണ്. എട്ട് പത്രങ്ങള്‍ക്കും കൂടി 62 കോടി 30 ലക്ഷം ഡോളറാണ് വില പറഞ്ഞിട്ടുള്ളത്.
ലിബര്‍ട്ടേറിയന്‍ എന്നറിയപ്പെടുന്ന ഒരു ത്രിമുഖ തീവ്രവലതുപക്ഷ രാഷ്ട്രീയ അജണ്ട കോച്ബ്രദേഴ്‌സ് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. അതിസമ്പന്നന്മാര്‍ക്ക് വളരെ കുറച്ചുമാത്രം നിയന്ത്രണങ്ങളും നികുതികളുമുള്ള ഒരു വ്യവസ്ഥിതി യു എസില്‍ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ സ്ഥാപിതമാക്കുകയെന്നതാണ് രാഷ്ട്രീയ അജണ്ട. അതില്‍ മൂന്നാമത്തെ ഇനമാണ് മാധ്യമങ്ങളുടെമേലുള്ള നിയന്ത്രണം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ തീവ്ര വലതുപക്ഷക്കാരുടെ ടീപാര്‍ട്ടി പ്രസ്ഥാനത്തിന് സാമ്പത്തിക സഹായം നല്‍കുന്നതുള്‍പ്പെടെ നിയമനിര്‍മാണങ്ങളെ സ്വാധീനിക്കാന്‍ വേണ്ടി വന്‍ തോതില്‍ കോച്ബ്രദേഴ്‌സ് പണം ചെലവഴിക്കുന്നുണ്ട്.
2012 ല്‍ ബരാക് ഒബാമ വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത് തടയാന്‍ തീവ്രവലതുപക്ഷം മാധ്യമങ്ങളില്‍ പരസ്യത്തിനായി വന്‍തോതില്‍ പണം ചെലവഴിച്ചു. ടെലിവിഷന്‍ പരസ്യങ്ങള്‍ക്കായി ചെലവഴിച്ചത് 50 കോടി ഡോളറിലേറെയാണ്. ഇങ്ങനെ പണം ചെലവഴിക്കുന്നതിലും നല്ലത് മാധ്യമങ്ങളുടെ നിയന്ത്രണം കയ്യടക്കുകയാണ് നല്ലതെന്ന ചിന്താഗതി ശക്തിപ്പെട്ടത് ഒബാമയുടെ വിജയത്തിനുശേഷമാണ്. മാധ്യമ ബിസിനസില്‍ കിട്ടുന്ന ലാഭത്തേക്കാളേറെ വായനക്കാരുടെ രാഷ്ട്രീയ ചിന്താഗതിയെ സ്വാധീനിക്കുകയാണ് തീവ്ര വലതുപക്ഷത്തിന്റെ ലക്ഷ്യം.
യു എസില്‍ മാധ്യമരംഗം കോര്‍പറേറ്റ് ശക്തികളുടെയും വലതുപക്ഷത്തിന്റെയും നിയന്ത്രണത്തിലാണ്. ആഗോള മാധ്യമ ഭീമനായ മര്‍ഡോക് യു എസിലും കടന്നുചെന്നിട്ടുണ്ട്. ലിബറല്‍ സമീപനം പുലര്‍ത്തിയിരുന്ന 'ന്യൂയോര്‍ക്ക് പോസ്റ്റ്' മര്‍ഡോക് ഏറ്റെടുത്തശേഷം വലതുപക്ഷത്തിന്റെ ജിഹ്വയായി മാറിയിട്ടുണ്ട്. വാള്‍സ്ട്രീറ്റ് ജേര്‍ണലും മര്‍ഡോക്കിന്റെ നിയന്ത്രണത്തിലാണ്. പ്രമുഖ പത്രങ്ങളെ വലതുപക്ഷത്തിന്റെ ജിഹ്വകളാക്കി മാറ്റുന്നതിനുള്ള ശ്രമം വളരെ അപകടകരമായ പ്രവണതയാണെന്ന് 'വാഷിംഗ്ടണ്‍ പോസ്റ്റ്' പത്രത്തില്‍ ഹാരോള്‍ഡ് മെയര്‍സണ്‍ എഴുതി.
ഇംഗ്ലീഷ് പത്രങ്ങള്‍ക്ക് പുറമെ യു എസില്‍ പ്രസിദ്ധീകരിക്കുന്ന 'ഹൊയ്' എന്ന സ്പാനിഷ് പത്രത്തിന്റെ നിയന്ത്രണം കൂടി കയ്യടക്കാന്‍ കോച്ബ്രദേഴ്‌സ് ശ്രമിക്കുന്നു. ലാറ്റിനമേരിക്കന്‍ വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണത്. കോച്ബ്രദേഴ്‌സിനു പുറമെ മറ്റ് രണ്ട് ശതകോടീശ്വരന്മാരും ഈ പത്രങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുന്നുണ്ട്. ലോസ് ആഞ്ചലസ് ടൈംസ് മാത്രമായി വാങ്ങുന്നതിനാണ് മര്‍ഡോക് താല്‍പര്യം പ്രകടിപ്പിച്ചിട്ടുള്ളത്.
janayugom
Subscribe to:
Post Comments (Atom)
No comments:
Post a Comment