കേരളത്തില്‍ ജാതിരഹിത മതനിരപേക്ഷ സമൂഹം അട്ടിമറിക്കാനുള്ള ശ്രമമാണ് സാമുദായികസംഘടനകള്‍ നടത്തുന്നത്. യുഡിഎഫും കോണ്‍ഗ്രസുമാണ് ഇവിടെ കുറ്റവാളി. ജാതിമതശക്തികള്‍ക്കെതിരെ ഒരു നിലപാടും എടുക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. ശിവഗിരിയില്‍ നരേന്ദ്രമോഡിയുടെ സന്ദര്‍ശനത്തെ എതിര്‍ക്കാന്‍ യുഡിഎഫോ മുഖ്യമന്ത്രിയോ തയ്യാറായില്ല. എന്‍എസ്എസും എസ്എന്‍ഡിപിയും അനുകൂലിച്ചതു കൊണ്ട് മോഡിയുടെ വരവ് എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. സാമുദായിക സംഘടന എന്തെങ്കിലും പറഞ്ഞാല്‍ മറുപടി പറയില്ല. വോട്ടിന്റെ പിന്തുണ മാത്രം ലക്ഷ്യമിട്ടാണിത്. കാസര്‍കോട് കലാപവും മറാട് കേസും നരിക്കാട്ടേരി സ്ഫോടനവുമെല്ലാം അന്വേഷണം അട്ടിമറിച്ചത് തീവ്രവാദികളുടെ താല്‍പര്യം സംരക്ഷിക്കാനാണ്. നാറാത്ത് ആയുധപരിശീലനം പുറത്തായ സാഹചര്യത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെയും തീവ്രവാദികളെയും സംരക്ഷിച്ച ലീഗും ആത്മപരിശോധന നടത്തണമെന്ന് പിണറായി ആവശ്യപ്പെട്ടു.
കുടിവെള്ള വിതരണം സ്വകാര്യവല്‍ക്കരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായി പ്രക്ഷോഭം സംഘടിപ്പിക്കും. നാലുവര്‍ഷം കഴിയുമ്പോഴേക്കും കുടിവെള്ളവിതരണം പൂര്‍ണ്ണമായും സ്വകാര്യകമ്പനിക്ക് ശെകമാറും. എല്‍ഡിഎഫ് ചേര്‍ന്ന് സമരപരിപാടികള്‍ ആവിഷ്കരിക്കും. സംസ്ഥാനത്ത് ആദിവാസികള്‍ അതീവഗുരുതരമായ ദുരിതം അനുഭവിക്കുന്നു. എല്‍ഡിഎഫ് കാലത്ത് നടപ്പാക്കിയ സമ്പൂര്‍ണ്ണ ആരോഗ്യപദ്ധതി യുഡിഎഫ് അട്ടിമറിച്ചു. ഭക്ഷണം കഴിക്കാന്‍ പോലും കഴിയുന്നില്ല. മലിനജലമാണ് അട്ടപ്പാടിയിലെ ജനങ്ങള്‍ കുടിക്കുന്നത്. സൗജന്യഭക്ഷണവും ആരോഗ്യസുരക്ഷയും യുഡിഎഫ് സര്‍ക്കാര്‍ വന്നതിനുശേഷം അട്ടിമറിച്ചു. ബിപിഎല്‍ പട്ടികയിലായിരുന്ന ആദിവാസികളെ എപിഎല്ലാക്കി. രണ്ടു വര്‍ഷം കൊണ്ട് 35 കുട്ടികള്‍ പോഷകാഹാരമില്ലാതെ മരിച്ചു. അടിയന്തിരമായി മുഴുവന്‍ ആദിവാസികളെയും ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം. ഒരു മന്ത്രിക്ക് ചുമതല നല്‍കി ഐഎഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ആദിവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
പാര്‍ട്ടിക്ക് അപകീര്‍ത്തികരമായ നിലപാട് സ്വീകരിച്ചതിന് സംസ്ഥാന കമ്മറ്റിയംഗം എം എം ലോറന്‍സിനെ പരസ്യമായി താക്കീത് ചെയ്യുവാന്‍ തീരുമാനിച്ചതായി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
എം എം ലോറന്‍സിന് പരസ്യശാസന
തിരു: പാര്‍ടി നിലപാടിന് വിരുദ്ധമായി പരസ്യ പ്രതികരണം നടത്തിയ സംസ്ഥാന കമ്മറ്റിയംഗം എം എം. ലോറന്‍സിനെ പരസ്യമായി ശാസിക്കാന്‍ തീരുമാനിച്ചതായി സിപിഐ എം സംസ്ഥാന കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഏപ്രില്‍ 14-ന് മംഗളം ദിനപത്രത്തിന് എം എം ലോറന്‍സ് നല്‍കിയ അഭിമുഖം പാര്‍ടിയെ അപകീര്‍ത്തിപ്പെടുത്തുന്നതും പാര്‍ടി നിലപാടുകള്‍ക്ക് വിരുദ്ധമായിട്ടുള്ളതുമാണ്. പി ബി അംഗം കോടിയേരി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്.
No comments:
Post a Comment