Tuesday, April 30, 2013

സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി: അപകടമരണ നഷ്ടപരിഹാരം നിര്‍ത്തി


സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയിലെ അപകടമരണ നഷ്ടപരിഹാരം സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയായ റിലയന്‍സും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് ഇല്ലാതാക്കി. 2008-09 മുതല്‍ പൊതുമേഖലാസ്ഥാപനമായ യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷുറന്‍സ് കമ്പനി ഏറെ ഫലപ്രദമായി നല്‍കിയ ആനുകൂല്യമാണ് പൊതുജനങ്ങള്‍ക്ക് നിഷേധിച്ചത്. കുടുംബനാഥന്‍ മരിച്ചാല്‍ ആശ്രിതര്‍ക്ക് രണ്ടുലക്ഷം രൂപ ലഭിക്കുന്ന ആനുകൂല്യമായിരുന്നു എല്‍ഡിഎഫ് ഭരണകാലത്ത് തുടക്കമിട്ട പദ്ധതിയുടെ ഏറ്റവും വലിയ ആകര്‍ഷകം. ഇതാണ് രഹസ്യമായി ഇല്ലാതാക്കിയത്. കുടുംബനാഥന്‍ മരിച്ചതിനെത്തുടര്‍ന്ന് ആനുകൂല്യത്തിന് അപേക്ഷിച്ചപ്പോഴാണ് ഇത് നിര്‍ത്തലാക്കിയതായി പലരും അറിയുന്നത്.

പദ്ധതിക്കായി പുതിയ ടെന്‍ഡര്‍ വിളിച്ചപ്പോള്‍ അതുവരെ പദ്ധതി നടപ്പാക്കിയിരുന്ന യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷുറന്‍സ് കമ്പനി വാര്‍ഷിക പ്രീമിയമായി ആവശ്യപ്പെട്ടത് 1150 രൂപയായിരുന്നു. റിലയന്‍സാകട്ടെ 735 രൂപയും. 35 ലക്ഷം കുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള പദ്ധതിയില്‍ യുണൈറ്റഡ് ഇന്ത്യയേക്കാള്‍ 150 കോടിയോളം രൂപ കുറവാണ് റിലയന്‍സ് ക്വോട്ട് ചെയ്തതെന്ന ന്യായംപറഞ്ഞ് സര്‍ക്കാര്‍ പദ്ധതി നടത്തിപ്പിന്റെ ചുമതല ഇവര്‍ക്കുനല്‍കി. അപകടമരണ നഷ്ടപരിഹാരം നല്‍കിയവകയില്‍ വന്‍ തുക ചെലവായ സാഹചര്യത്തിലാണ് യുണൈറ്റഡ് ഇന്ത്യ ഇതിന് ആനുപാതികമായി കൂടുതല്‍ പ്രീമിയം ആവശ്യപ്പെട്ടത്. എന്നാല്‍ പ്രീമിയം കുറച്ചുവെന്നുപറഞ്ഞ് കരാര്‍ നേടിയ റിലയന്‍സാകട്ടെ അപകടമരണ നഷ്ടപരിഹാരം നിര്‍ത്തലാക്കി. സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള ഈ നടപടി ജനങ്ങള്‍ക്ക് കനത്ത പ്രഹരമായി. പദ്ധതി നടത്തിപ്പിലെ വീഴ്ചയെത്തുടര്‍ന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്തിയ കമ്പനിയെയാണ് കേരളത്തില്‍ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുത്തതെന്നതും ശ്രദ്ധേയമാണ്. പൊതുമേഖലാസ്ഥാപനം, അതുവരെ ഫലപ്രദമായി പദ്ധതി നടപ്പാക്കിയ സ്ഥാപനം എന്നീ പരിഗണനകള്‍ യുണൈറ്റഡിന് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. പദ്ധതി നടപ്പാക്കുന്ന കമ്പനിക്ക് കേരളത്തിലെ മുഴുവന്‍ ജില്ലകളിലും ഓഫീസ് വേണമെന്ന നിബന്ധനയും റിലയന്‍സിനായി സര്‍ക്കാര്‍ നീക്കി. സര്‍ക്കാരുമായി ചേര്‍ന്നുള്ള വന്‍ തട്ടിപ്പിനാണ് ഇതുവഴി കളമൊരുങ്ങുന്നതെന്ന് അന്നേ ആക്ഷേപമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ വ്യക്തമായി.

2011-12 വര്‍ഷം മാത്രം അപകടമരണ നഷ്ടപരിഹാരമായി യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ചെലവഴിച്ചത് 90.5 ലക്ഷം രൂപയാണ്. 2010-11 വര്‍ഷം 15.25 ലക്ഷം രൂപയും ചെലവഴിച്ചു. കരാര്‍പ്രകാരം 2013 മാര്‍ച്ച് വരെയുള്ള ക്ലെയിമുകളും യുണൈറ്റഡ് ഇന്ത്യ നല്‍കും. അതിനുശേഷം മരിച്ചവരുടെ കുടുംബങ്ങള്‍ക്കാണ് ആനുകൂല്യം നഷ്ടമാകുക. അതേസമയം അപകടമരണ നഷ്ടപരിഹാരം യുണൈറ്റഡ് ഇന്ത്യ പദ്ധതിയില്‍ സ്വന്തംനിലയ്ക്ക് ഏര്‍പ്പെടുത്തിയതാണെന്ന വിശദീകരണമാണ് പദ്ധതിയുടെ നോഡല്‍ വിഭാഗമായ തൊഴില്‍വകുപ്പിന്റെ മന്ത്രി ഷിബു ബേബിജോണിന്റെ വിശദീകരണം. റിലയന്‍സ് കമ്പനിയോട് ഇത് നല്‍കണമെന്ന് നിര്‍ബന്ധിക്കാന്‍ ആവില്ല. എങ്കിലും ഇക്കാര്യത്തില്‍ സമ്മര്‍ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. പിന്നെന്തിന് യുണൈറ്റഡ് ഇന്ത്യയെ ഒഴിവാക്കിയെന്നതിന് കൃത്യമായ വിശദീകരണവും അദ്ദേഹം നല്‍കിയില്ല.

deshabhimani 300413

No comments:

Post a Comment