Sunday, April 28, 2013
ഭൂമിദാനം മുതല്‍ നീലനക്ഷത്ര ആതിഥ്യം വരെ ഉണ്ണികൃഷ്ണന്റെ ചാരവഴികള്‍ സമ്പന്നം
ഒരമേരിക്കന്‍ സി ഐ എ ചാരന്റെ സര്‍വലക്ഷണവുമൊത്ത ആര്‍ ഉണ്ണികൃഷ്ണന്‍ എന്ന മലയാളിയായ തമിഴ്‌നാട് സര്‍ക്കാര്‍ ചാരന്‍ കാല്‍നൂറ്റാണ്ടോളമായി ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിന്റെ അകത്തളങ്ങളില്‍ നിറഞ്ഞാടാന്‍ ചാരവൃത്തിയുടെ പതിനെട്ടടവും പയറ്റി വന്നുവെന്ന വിവരങ്ങളും പുറത്തുവരുന്നു.
മന്ത്രിമാരുടേയും ഭരണയന്ത്രത്തിലെ ഉന്നതരുടേയും മനസറിഞ്ഞ് കരുക്കള്‍ നീക്കി വന്ന അയാള്‍ ഓരോരുത്തരുടേയും ദൗര്‍ബല്യങ്ങള്‍ മണത്തറിഞ്ഞാണ് അവരെ വലയില്‍ വീഴ്ത്തുന്നതെന്ന് സെക്രട്ടേറിയറ്റിന്റെ ഉപശാലകളില്‍ ഏറെക്കാലമായി സംസാരമുണ്ടായിരുന്നുവത്രേ. പക്ഷേ ഇവയൊന്നും അങ്ങാടിപ്പാട്ടാകാതിരിക്കാന്‍ ഉണ്ണികൃഷ്ണന്‍ പ്രലോഭനങ്ങള്‍ വാരിയെറിഞ്ഞു. ഭൂമിദാനം മുതല്‍ നക്ഷത്ര വേശ്യകളെ വരെ കാഴ്ചവച്ചും രാജകീയമായ ആതിഥ്യമരുളിയും താന്‍ ലക്ഷ്യമിടുന്നവരെ ചൂണ്ടെയെറിഞ്ഞു പിടിക്കാന്‍ അതിസമര്‍ഥന്‍.
സെക്രട്ടേറിയറ്റില്‍ മുല്ലപ്പെരിയാറടക്കം അന്തര്‍സംസ്ഥാന നദീജലതര്‍ക്കം കൈകാര്യം ചെയ്യുന്ന ജലവിഭവവകുപ്പിലും മറ്റു പല വകുപ്പുകളിലുമുള്ളവര്‍ക്ക് വന്‍തോതില്‍ ഭൂമിദാനം ചെയ്ത് അവരെ വീഴ്ത്താന്‍ വിരുതന്‍. ഉണ്ണികൃഷ്ണന്‍ വഴി വശത്താക്കിയവര്‍ക്ക് തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലെ രാധാപുരം, വള്ളിയൂര്‍, ചാത്തന്‍കുളം, തേനി, കമ്പം, കൊടൈക്കനാല്‍, നീലഗിരി എന്നിവിടങ്ങളില്‍ വന്‍തോതില്‍ സൗജന്യമായി ഭൂമി പതിച്ചു നല്‍കിയിട്ടുണ്ടത്രേ. ഒരമ്പേഷണം നടത്തിയാല്‍ സെക്രട്ടേറിയറ്റിലേയും ഭരണരാഷ്ട്രീയത്തിലേയും പലരുടേയും തലയുരുളും.
സുപ്രിംകോടതി നിയോഗിച്ച ഉന്നതാധികാരസമിതി മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചപ്പോള്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഒരുക്കിയ പഞ്ചനക്ഷത്ര ആതിഥ്യം കണ്ട് താന്‍ അമ്പരന്നു പോയെന്ന് എല്‍ ഡി എഫ് സര്‍ക്കാരിലെ ജലവിഭവ മന്ത്രിയായിരുന്ന എന്‍ കെ പ്രേമചന്ദ്രന്‍ ഓര്‍മ്മിപ്പിച്ചതു ശ്രദ്ധേയം. 'നീലനക്ഷത്ര' സ്വഭാവമുള്ള ആ അതിഥിസല്‍ക്കാരത്തിന്റെ സൂത്രധാരന്‍ ഉണ്ണികൃഷ്ണനായിരുന്നുവത്രേ. ഉന്നതാധികാര സമിതി തെളിവെടുപ്പു നടത്തി മടങ്ങിയയുടന്‍ സമിതിയുടെ ശുപാര്‍ശകള്‍ തമിഴ്‌നാടിന് അനുകൂലമായിരിക്കുമെന്ന് അന്ന് കേന്ദ്രധനമന്ത്രിയായിരുന്ന പി ചിദംബരം പരസ്യമായി പറഞ്ഞത് വിവാദ കൊടുങ്കാറ്റുയര്‍ത്തിയിരുന്നു. ഉണ്ണികൃഷ്ണന്റെ ചാക്കിടല്‍ പാടവം അത്ഭുതകരമായി ഫലം കണ്ടു. സമിതിയുടെ നീതിനിഷേധത്തോടുകൂടിയ കണ്ടെത്തലുകള്‍ തമിഴ്‌നാടിന് അനുകൂലമാവുകയും ചെയ്തു. നക്ഷത്ര വേശ്യകളെപ്പോലും കാഴ്ച വച്ചാണ് ഇക്കാര്യത്തില്‍ ദൗര്‍ബല്യമുള്ളവരെ അയാള്‍ കെണിയിലാക്കുന്നതെന്നും പറയപ്പെടുന്നു. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട ഫയല്‍ നീക്കങ്ങള്‍ താളത്തിലാക്കുകയും നിയമനടപടികള്‍ വൈകിപ്പിക്കുകയും ചെയ്ത ജലവിഭവവകുപ്പിലേയും നിയമവകുപ്പിലേയും രണ്ട് ഉന്നതര്‍ക്ക് തമിഴ്‌നാട്ടില്‍ ഏക്കര്‍ കണക്കിന് ഭൂമിയാണ് പാരിതോഷികമായി നല്‍കിയത്. മുല്ലപ്പെരിയാറടക്കമുള്ള അന്തര്‍സംസ്ഥാന നദീജലതര്‍ക്കങ്ങള്‍ക്ക് വേണ്ടി തമിഴ്‌നാട് ബജറ്റില്‍ നീക്കിവച്ചിട്ടുള്ള 200 കോടി രൂപയില്‍ സിംഹഭാഗവും ഉണ്ണികൃഷ്ണന്‍ മുഖേന കേരളത്തിലാണ് വാരിയെറിയുന്നത്.
രഹസ്യങ്ങള്‍ ചോര്‍ത്താന്‍ സഹായിക്കുന്നവരുടെ മക്കള്‍ക്കും ബന്ധുക്കള്‍ക്കും തമിഴ്‌നാട്ടിലെ പ്രൊഫഷണല്‍ കോളജുകളില്‍ അഡ്മിഷന്‍ തരപ്പെടുത്തിക്കൊടുക്കുന്നതും ഇയാളുടെ പ്രൊഫഷണലിസത്തികവുള്ള മറ്റൊരു തന്ത്രമാണ്. മന്ത്രിമാരും ഉന്നതന്‍മാരും തമിഴ്‌നാട് സന്ദര്‍ശിക്കുമ്പോള്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ചെലവില്‍ പഞ്ചനക്ഷത്ര ആതിഥ്യമൊരുക്കുന്നതിന്റെ ചുമതലയും ഉണ്ണികൃഷ്ണനാണ്. ചില ഉന്നതരെ കുടുംബസമേതം തമിഴ്‌നാട്ടില്‍ കൊണ്ടുപോയി സല്‍ക്കരിക്കുന്നതും ഇയാളുടെ ചാരദൗത്യത്തിന്റെ ഭാഗമാണ്. ഇത്തരം സന്ദര്‍ശനങ്ങള്‍ കഴിഞ്ഞു മടങ്ങി വരുമ്പോള്‍ അതിഥിയുടെ പക്കലുള്ള എല്ലാ രഹസ്യഫയലുകളും ആതിഥേയന്‍ ഉണ്ണികൃഷ്ണനിലേക്ക് കൈമറിയുന്നു.
തലസ്ഥാനത്തെ തമിഴ്‌നാട് ടൂറിസം വകുപ്പ് ഓഫീസും വൈക്കം സത്യഗ്രഹ സ്മാരകമായി അവിടെ തമിഴ്‌നാട് സര്‍ക്കാര്‍ പണികഴിപ്പിച്ച പെരിയോര്‍ ഇ വി രാമസ്വാമി നായിക്കര്‍ മന്ദിരവുമാണ് ഉണ്ണികൃഷ്ണന്റെ ചാരപ്പണിയുടെ താവളങ്ങള്‍, പെരിയോര്‍ ഹൗസ് ആണ് തന്റെ താവളമെന്നും തമിഴ്‌നാട് സര്‍ക്കാരിന്റെ അനുമതി ലഭിച്ചശേഷം മാത്രമേ താന്‍ പ്രതികരിക്കൂ എന്നും വെള്ളിയാഴ്ച രാത്രി വൈകി ഫോണിലൂടെ ബന്ധപ്പെട്ടപ്പോള്‍ അറിയിച്ച ഉണ്ണികൃഷ്ണന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ അടിസ്ഥാനരഹിതമെന്നാണ് വിശേഷിപ്പിച്ചത്.
മന്ത്രിസ്ഥാനം തെറിച്ച കെ ബി ഗണേഷ്‌കുമാറിനും ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിനും ഉണ്ണികൃഷ്ണന്‍ ചെന്നൈയില്‍ 'രാജകീയമായി' സല്‍ക്കാരം നല്‍കിയതായി ഒരു ചാനല്‍ വെളിപ്പെടുത്തിയിരുന്നു. 22 വര്‍ഷമായി തന്റെ ചാരവൃത്തി അഭംഗുരം തുടര്‍ന്ന ഉണ്ണികൃഷ്ണന്റെ സെക്രട്ടേറിയറ്റിലെ ചില ഉറ്റ അനുചരര്‍ തമ്മില്‍ ഏതാനും ദിവസം മുമ്പുണ്ടായ കുടിപ്പകയാണ് അയാളുടെ ചാരവൃത്തിയുടെ കഥകള്‍ സംസ്ഥാന ഇന്റലിജന്‍സിന് മുന്നിലെത്താന്‍ ഇടയാക്കിയതെന്നും അറിവായി.
കെ രംഗനാഥ് janayugom 280413
Subscribe to:
Post Comments (Atom)
പുളുംത്താൻ പോലീസിന്റെ കള്ളകഥ ഉപ്പ് ചേർത്ത് മാത്രം വിഴുങ്ങുക
ReplyDeleteമുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാടിനു വേണ്ടി ചരടുവലിച്ച മനോരമയും ഉണ്ണിക്കുട്ടനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ജാഗ്രത്യ്ക്ക് ഒന്നും പറയുവാനില്ലേ??
ReplyDeleteചാണ്ടി സര്‍ക്കാരില്‍ മന്ത്രി അനൂപ് ജേക്കബിനെക്കാള്‍ സ്വാധീനം മനോരമയ്ക്കാണെന്ന് അറിയാവുന്ന ഉണ്ണിക്കുട്ടന്‍ മനോരമയ്ക്കും MRF നും എന്തൊക്കെ പാരിതോഷികം നല്‍കിയിട്ടുണ്ടാവും എന്നുകൂടി അന്വേഷിക്കൂ..
http://anilphil.blogspot.ae/2011/12/blog-post_04.html