Friday, April 26, 2013

രണ്ട് പ്രതികളെ ജയില്‍ മാറ്റിയത് നിയമലംഘനമെന്ന് കോടതി


ചന്ദ്രശേഖരന്‍ വധക്കേസിലെ രണ്ട് പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റിയ ജയില്‍ എഡിജിപിയുടെ ഉത്തരവ് നിയമലംഘനമാണെന്ന് കോടതി. വിചാരണക്കോടതിയെ അറിയിക്കാതെയുള്ള ജയില്‍മാറ്റം നീതീകരിക്കാനാവില്ല. ഇതുസംബന്ധിച്ച് പ്രതിഭാഗം നല്‍കിയ ഹര്‍ജിയില്‍ 29ന് തീരുമാനമെടുക്കുമെന്ന് ജഡ്ജി ആര്‍ നാരായണ പിഷാരടി അറിയിച്ചു.

ആറാംപ്രതി അണ്ണന്‍ സിജിത്ത്, 13-ാം പ്രതി പി കെ കുഞ്ഞനന്തന്‍ എന്നിവരെയാണ് കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ കോഴിക്കോട്ടേക്ക് മാറ്റി ജയില്‍ എഡിജിപിയുടെ ഉത്തരവുണ്ടായത്. അസുഖബാധിതരായ ഇവര്‍ക്ക് കണ്ണൂര്‍ ജയിലില്‍തന്നെ ആയുര്‍വേദ ചികിത്സയ്ക്ക് സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരുന്നത്. ഇതില്‍ കണ്ണൂര്‍ ജയില്‍ സൂപ്രണ്ടില്‍നിന്ന് കോടതി വിശദീകരണം തേടിയിരുന്നു. വിചാരണയ്ക്ക് കോഴിക്കോട്ടേക്ക് ദിവസവും പ്രതികളെ കൊണ്ടുവരുന്നതിലുള്ള അസൗകര്യവും സുരക്ഷാപ്രശ്നവും പറഞ്ഞാണ് രണ്ടുപേരെയും കോഴിക്കോട്ടേക്ക് മാറ്റിയത്. സിജിത്തിനുവേണ്ടി അഡ്വ. പി വി ഹരിയും കുഞ്ഞനന്തനുവേണ്ടി അഡ്വ. കെ ഗോപാലകൃഷ്ണക്കുറുപ്പുമാണ് ഹര്‍ജി നല്‍കിയത്. പ്രോസിക്യൂഷന്‍ സാക്ഷികളുടെ മൊഴികള്‍ വിശ്വാസയോഗ്യമല്ലെന്ന് തെളിയിക്കാന്‍ അവരുടെ ഫോണ്‍ സംഭാഷണത്തിന്റെ വിശദാംശം തേടണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം അഭിഭാഷകര്‍ നല്‍കിയ ഹര്‍ജിയിലും 29ന് വിധി പറയും.

deshabhimani

No comments:

Post a Comment