Saturday, April 27, 2013

പ്രീ പ്രൈമറി അധ്യാപകരുടെ വേതനം കൂട്ടും


സര്‍ക്കാര്‍ സ്കൂളുകളോട് ചേര്‍ന്ന് അധ്യാപക രക്ഷാകര്‍തൃസമിതി നടത്തുന്ന പ്രീ-പ്രൈമറി സ്കൂളുകളിലെ എല്ലാ അധ്യാപകര്‍ക്കും ആയമാര്‍ക്കും സുപ്രീംകോടതി നിര്‍ദേശിച്ച വേതനം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 1701 അധ്യാപികമാര്‍ക്കും 190 ആയമാര്‍ക്കും വര്‍ധന ലഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്കൂളുകളില്‍ ഇനി പ്രീ-പ്രൈമറി സ്കൂളുകള്‍ അനുവദിക്കില്ല. 11 എയ്ഡഡ് അറബിക് കോളേജുകളില അധ്യാപകര്‍ക്ക് യുജിസി ശമ്പള പാക്കേജ് അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു. യോഗ്യതയുള്ള അധ്യാപികമാര്‍ക്ക് അയ്യായിരവും ആയമാര്‍ക്ക് 3500ഉം രൂപവീതം നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം 995 അധ്യാപികമാര്‍ക്കും 1552 ആയമാര്‍ക്കും വര്‍ധന അനുവദിച്ചു. മറ്റുള്ളവര്‍ക്ക് ചുരുങ്ങിയ പ്രതിഫലമാണുണ്ടായിരുന്നത്. ഈ അന്തരം ഒഴിവാക്കാനാണ് എല്ലാവര്‍ക്കും വര്‍ധന ബാധകമാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അങ്കണവാടികള്‍ ഉള്ളതിനാലാണ് പുതുതായി പ്രീ-പ്രൈമറി സ്കൂള്‍ അനുവദിക്കേണ്ടെന്ന് തീരുമാനിച്ചത്. മറ്റു കോളേജുകളില്‍ യുജിസി പാക്കേജ് അനുവദിച്ചപ്പോള്‍ അറബിക് കോളേജുകളില്‍ നടപ്പാക്കിയിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാക്കേജിന് മുന്‍കാലപ്രാബല്യം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, യുജിസി നിബന്ധനകള്‍ക്ക് വിരുദ്ധമായാണ് അറബിക് കോളേജുകളില്‍ പാക്കേജ് അനുവദിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിശ്ചിതയോഗ്യതയില്ലാത്ത ഏറെ അധ്യാപകര്‍ അറബിക് കോളേജുകളിലുണ്ട്. മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ യുജിസി ഫണ്ട് അനുവദിക്കില്ല. അതോടെ സാമ്പത്തികബാധ്യത സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുക്കേണ്ടിവരും. കൊച്ചിയില്‍ ബിപിസിഎല്‍ നടപ്പാക്കുന്ന 20,000 കോടി രൂപയുടെ വിപുലീകരണപദ്ധതിക്ക് 750 കോടി രൂപയുടെ പ്രവൃത്തി കോണ്‍ട്രാക്ട് നികുതി ഒഴിവാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വാറ്റിനത്തില്‍ മൂവായിരം കോടി രൂപ അടയ്ക്കുന്നത് 15 വര്‍ഷത്തേക്ക് നീട്ടിവയ്ക്കാനും അനുമതി നല്‍കി. ധാരണാപത്രത്തിലെ വ്യവസ്ഥ അനുസരിച്ചാണിത്. ലളിതകലാ അക്കാദമി ജീവനക്കാര്‍ക്കും ഫിഷറീസ് വകുപ്പിലെ അഡാക്കിനു കീഴിലെ ഫാം വര്‍ക്കര്‍മാര്‍ക്കും ശമ്പളപരിഷ്കരണത്തിന്റെ ആനുകൂല്യം അനുവദിച്ചു. ധനകമീഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ധനവകുപ്പില്‍ സെല്‍ ആരംഭിക്കും. ഇതിനായി 11 തസ്തിക അനുവദിച്ചു. വയനാട് ജില്ലയിലെ നടവയലില്‍ മൃഗാശുപത്രി ആരംഭിക്കും. ഓയില്‍പാം ഇന്ത്യാ ലിമിറ്റഡിന്റെ വെച്ചൂര്‍ റൈസ്മില്ലില്‍ 11 പുതിയ തസ്തിക അനുവദിച്ചു. തൃശൂര്‍ കോര്‍പറേഷന്‍ കെഎസ്യുഡിപി പ്രകാരം നടപ്പാക്കുന്ന അഴുക്കുചാല്‍ നവീകരണപ്രവൃത്തിയുടെ ടെന്‍ഡറിന് അനുമതി നല്‍കി. വിശ്വകര്‍മ സമുദായത്തിന്റെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ഡോ. പി എന്‍ ശങ്കരന്‍ കമീഷന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ഓഫീസും ജീവനക്കാരെയും അനുവദിച്ചു. മലപ്പുറം ഗസ്റ്റ്ഹൗസ് പരിസരത്തെ 128-ാം നമ്പര്‍ അങ്കണവാടിക്ക് കെട്ടിടം പണിയാന്‍ സ്ഥലം അനുവദിക്കും. ആരോഗ്യ ഇന്‍ഷൂറന്‍സ് പരിധിയില്‍നിന്ന് അപകടമരണം ഒഴിവാക്കിയെന്ന പരാതി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

deshabhimani 260413

No comments:

Post a Comment