Sunday, April 28, 2013

ഗണേശിനും അനൂപിനുമെതിരെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ദേശാഭിമാനി 280413

ഗണേശിനും അനൂപിനും എതിരെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തമിഴ്നാട് ഉദ്യോഗസ്ഥന്‍ ചോര്‍ത്തിയതു സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ മന്ത്രി അനൂപ് ജേക്കബ്, മുന്‍മന്ത്രി കെ ബി ഗണേശ്കുമാര്‍ എന്നിവര്‍ക്കെതിരെ ഗുരുതര പരാമര്‍ശങ്ങളുള്ളതായി സൂചന. ഫയല്‍വിവരം ചോര്‍ത്തിയ തമിഴ്നാടിന്റെ മലയാളി ഉദ്യോഗസ്ഥന്‍ മുഖേന ഇരുവരും തമിഴ്നാട് സന്ദര്‍ശിച്ചതിന്റെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവരം. മന്ത്രി അനൂപ് ജേക്കബ്ബിന്റെയും ഗണേശ്കുമാറിന്റെയും സ്വകാര്യയാത്രകളുടെയും ജലവിഭവ വകുപ്പിലെയും നിയമവകുപ്പിലെയും ആറ് ഉന്നത ഉദ്യോഗസ്ഥരുടെ മക്കള്‍ക്ക് തമിഴ്നാട്ടിലെ കോളേജുകളില്‍ പ്രവേശനം കരസ്ഥമാക്കിയതിന്റെയും വിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്.

മലയാളിയും തമിഴ്നാടിന്റെ കേരളത്തിലെ പ്രോട്ടോക്കോള്‍ ഓഫീസറുമായ ഉണ്ണിക്കൃഷ്ണനാണ് ഫയല്‍ വിവരങ്ങള്‍ ചോര്‍ത്തിയത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ ഇന്റലിജന്‍സ് എഡിജിപി ടി പി സെന്‍കുമാറിനെ ചുമതലപ്പെടുത്തിയതായി ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യം അറിയിച്ചു. മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീംകോടതിയില്‍ നടക്കാനിരിക്കുന്ന അന്തിമവാദം കേള്‍ക്കലുമായി ബന്ധപ്പെട്ട ചില നിര്‍ണായക വിവരങ്ങള്‍ ഉണ്ണിക്കൃഷ്ണന്‍ മുഖേന ചോര്‍ത്തിയെന്നാണ് സൂചന. നിയമവകുപ്പിലെ ഒരു അഡീഷണല്‍ സെക്രട്ടറിയില്‍ നിന്നാണ് ഈ വിവരങ്ങള്‍ ഉണ്ണിക്കൃഷ്ണന് ലഭിച്ചത്. മുല്ലപ്പെരിയാര്‍ കേസില്‍ കരാര്‍ ലംഘനവുമായി ബന്ധപ്പെട്ട് തമിഴ്നാടിനെതിരെ സമര്‍പ്പിക്കാനിരുന്ന തെളിവുകളും പുതിയ ഡാം സംബന്ധിച്ച കരട് റിപ്പോര്‍ട്ടും തമിഴ്നാടിന് ലഭിച്ചു. സെക്രട്ടറിയറ്റിലെ പല വകുപ്പ് ഓഫീസുകളിലും ഉണ്ണിക്കൃഷ്ണന്റെ അടുപ്പക്കാരായ ഉദ്യോഗസ്ഥരുണ്ടെന്നാണ് ഇന്റലിജന്‍സിന് കിട്ടിയ വിവരം. ചില മന്ത്രിമാര്‍ക്കും ഭരണകക്ഷി നേതാക്കള്‍ക്കും തമിഴ്നാട്ടിലുള്ള വസ്തു വകകളെപ്പറ്റിയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഒരു വര്‍ഷത്തിനിടെ അനൂപ് ജേക്കബ്ബും കെ ബി ഗണേശ്കുമാറും ഒരു ഡസനിലേറെ തവണ തമിഴ്നാട്ടിലെ ചില കേന്ദ്രങ്ങളില്‍ രഹസ്യയാത്ര നടത്തിയതായും ഇന്റലിജന്‍സ് കണ്ടെത്തിയിട്ടുണ്ട്.

തമിഴ്നാട്ടില്‍ നിന്നുള്ള ചില മന്ത്രിമാരും ജഡ്ജിമാരും കേരളത്തില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ അനുഗമിക്കുന്നതും മറ്റും ഉണ്ണിക്കൃഷ്ണനാണ്. വൈക്കത്ത് പ്രവര്‍ത്തിക്കുന്ന തന്തൈ പെരിയാര്‍ സാംസ്കാരിക കേന്ദ്രത്തിന്റെ ചുമതലയും ഇദ്ദേഹത്തിനാണ്. കഴിഞ്ഞ 22 വര്‍ഷമായി തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് ഇദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. പതിനഞ്ചിനാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് നല്‍കിയത്.

ഉണ്ണിക്കൃഷ്ണന്റെ ആതിഥ്യം സ്വീകരിച്ചിട്ടില്ല: അനൂപ് ജേക്കബ്

കൊച്ചി: തമിഴ്നാട് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉണ്ണികൃഷ്ണന്റെ അതിഥിയായി തമിഴ്നാട് സന്ദര്‍ശിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി അനൂപ് ജേക്കബ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എഫ്സിഐയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രമന്ത്രി കെ വി തോമസ് വിളിച്ച യോഗത്തില്‍ പങ്കെടുക്കാനാണ് മാര്‍ച്ച് 25ന് രാവിലെ ചെന്നൈയിലെത്തിയത്. യോഗം കഴിഞ്ഞ് ചെന്നൈയില്‍നിന്ന് വിമാനമാര്‍ഗം കോഴിക്കോട്ടേക്ക് മടങ്ങി. ഔദ്യോഗിക യാത്രയായതിനാല്‍ സംസ്ഥാന സര്‍ക്കാരാണ് എല്ലാ ചെലവും വഹിച്ചത്. യാത്രയുടെ രേഖകള്‍ ആര്‍ക്കും പരിശോധിക്കാമെന്നും മന്ത്രി അറിയിച്ചു.

No comments:

Post a Comment