Thursday, April 25, 2013

മരുന്നറിയാത്ത ഉക്രെയിന്‍ ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് ഭീഷണിയാവുന്നു


ചെറുതോണി: വിദേശ സര്‍വകലാശാലകളില്‍ മെഡിസിന്‍ പഠനം കഴിഞ്ഞ് സംസ്ഥാന ആരോഗ്യവകുപ്പില്‍ അസിസ്റ്റന്റ് സര്‍ജന്‍ തസ്തികയില്‍ ജോലിയില്‍ കയറിയ ഒരുകൂട്ടം ഡോക്ടര്‍മാര്‍ രോഗികള്‍ക്കും നഴ്‌സുമാരടക്കമുള്ളവര്‍ക്കും ഒരുപോലെ തലവേദനയായി. യഥാവിധി മരുന്നു കുറിയ്ക്കാന്‍പോലും അറിയാത്ത ഈ ഡോക്ടര്‍മാരുടെ ചികിത്‌സ തേടാന്‍ രോഗികള്‍ ഭയപ്പെടുകയാണ്.
ഇത്തരത്തില്‍ സര്‍വീസില്‍ കയറിയ ഒരു ഡോക്ടര്‍ തെറ്റായ മരുന്നു കുറിച്ചത് മറ്റൊരു സീനിയര്‍ ഡോക്ടര്‍ തക്ക സമയത്ത് കണ്ടെത്തിയ സംഭവം കഴിഞ്ഞ ദിവസം ചെറുതോണിയിലെ ജില്ലാ ആശുപത്രിയിലുണ്ടായി. ഇതേച്ചൊല്ലി രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറെ കയ്യേറ്റം ചെയ്യാന്‍ മുതിര്‍ന്നത് ആശുപത്രി ജീവനക്കാര്‍ ഇടപെട്ട് തടയുകയായിരുന്നു. പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായ ഉക്രെയിനില്‍ പഠനം പൂര്‍ത്തിയാക്കിയ ഏഴുപേര്‍ക്കാണ് ചെറുതോണി ആശുപത്രിയില്‍ നിയമനം ലഭിച്ചിരിക്കുന്നത്. ഉക്രെയിനു പുറമെ ബീജിംഗില്‍ മെഡിസിന്‍ കഴിഞ്ഞ മൂന്നുപേര്‍ കൂടി ഇടുക്കിയില്‍ ജോലിയില്‍ പ്രവേശിക്കാനിരിക്കുകയാണ്. കേരളത്തിലെ എന്‍ട്രന്‍സ് പലവട്ടം എഴുതിയിട്ടും പാസാവാത്തവര്‍ ലക്ഷങ്ങള്‍ മുടക്കി ഉക്രെയിനിലും ബീജിംഗിലും മെഡിസിന്‍ കോഴ്‌സിനു ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റുമായി മടങ്ങിയെത്തുകയാണ്. അടുത്തിടെ ഇവരുടെ ബിരുദം എം ബി ബി എസിനു തുല്യമായി ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ചതോടെ പി എസ് സി നിയമനങ്ങള്‍ക്ക് ഇക്കൂട്ടരെയും പരിഗണിക്കുകയായിരുന്നു. ഡിപ്ലോമ സര്‍ട്ടിഫിക്കറ്റില്‍ 90 ശതമാനത്തിനുമേലാണ് ഇക്കൂട്ടരില്‍ ഭൂരിഭാഗം പേര്‍ക്കും മാര്‍ക്ക്. നാട്ടില്‍ പഠിച്ചിരുന്ന വിദ്യാര്‍ത്ഥികളില്‍ സമര്‍ത്ഥര്‍ക്കുപോലും 70 ശതമാനത്തില്‍ താഴെയായിരിക്കും മാര്‍ക്ക് എന്നിരിക്കെ ഇന്റര്‍വ്യൂവില്‍ ഉക്രെയിന്‍കാര്‍ മേല്‍ക്കൈ നേടും. അസി. സര്‍ജന്‍ നിയമനത്തിന് ടെസ്റ്റ് ഒഴിവാക്കി പി എസ് സി ഇന്റര്‍വ്യൂ മാത്രമാണ് നടത്തിയത്.

പനി ബാധിച്ച് ഇടുക്കി ജില്ലാ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം എത്തിയ ഒരു രോഗിയെ പരിശോധിച്ചത് ഉക്രെയിനില്‍ പഠിച്ച ഒരു ഡോക്ടറായിരുന്നു. പരിശോധനക്കുശേഷം 'പ്ലീസ് ഗീവ് ഇഞ്ചക്ഷന്‍ ടു ഫീവര്‍' (പനിക്കുള്ള ഇഞ്ചക്ഷന്‍ കൊടുക്കുക) എന്ന് കുറിപ്പെഴുതി നഴ്‌സിനു നല്‍കുകയായിരുന്നു. മരുന്ന് ഏതാണെന്നും എത്ര സി സി വേണമെന്നും നഴ്‌സ് ചോദിച്ചപ്പോള്‍ സാധാരണ നല്‍കുന്ന മരുന്നു നല്‍കാനാണ് ഡോക്ടര്‍ പറഞ്ഞത്. ഇവിടെ ലഭ്യമായ മരുന്നുകള്‍ ഏതെന്നറിയാത്തതിനാല്‍ നഴ്‌സുമാരുടെ സഹായത്താലാണ് അവര്‍ ചികിത്‌സ നടത്തുന്നത്. കാഷ്വാലിറ്റിയില്‍ എത്തുന്നവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കാന്‍പോലും കഴിയാത്ത ഇക്കൂട്ടര്‍ക്കൊപ്പം ഡ്യൂട്ടി നോക്കാന്‍ നഴ്‌സുമാരും മടിക്കുകയാണ്. ചെറിയ അപകട കേസുകളില്‍ പോലും സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ വരുംവരെ ചോരവാര്‍ന്ന നിലയില്‍ രോഗികള്‍ക്ക് ആശുപത്രി വരാന്തയില്‍ കഴിയേണ്ട നിലയാണ്.

ഇവരുടെ പരിജ്ഞാനക്കുറവു ശ്രദ്ധയില്‍ പെട്ട പി എസ് സി ഏതാനും നിര്‍ദ്ദേശങ്ങളടങ്ങിയ കുറിപ്പ് സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. കേരളത്തിലെ ഗ്രാമീണ മേഖലകളിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഇക്കൂട്ടര്‍ക്ക് ഒരു വര്‍ഷമെങ്കിലും നിര്‍ബന്ധ പരിശീലനം നല്‍കണമെന്നതാണ് നിര്‍ദ്ദേശങ്ങളില്‍ പ്രധാനം. ഇതിനു ശേഷമേ വിദേശ ബിരുദമുള്ളവരെ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരത്തിനു പരിഗണിക്കാവൂ എന്നും പി എസ് സി ശുപാര്‍ശ ചെയ്തിട്ടുണ്ട്. അതേസമയം പുതുതായി തയ്യാറാക്കിയ റാങ്ക് ലിസ്റ്റില്‍ വെറും മൂന്നു ശതമാനത്തോളം മാത്രമാണ് വിദേശ ബിരുദമുള്ളവരെന്ന് പി എസ് സി ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞു. മെഡിസിനില്‍ തിയറി ഭാഗം നന്നായി പഠിച്ചിറങ്ങിയവരാണവര്‍. പ്രായോഗിക ചികിത്‌സാ വശം മനസ്സിലാക്കിയെടുക്കാന്‍ ചിലപ്പോള്‍ സമയമെടുത്തേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമ്മുടെ നാട്ടിലെ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ നിന്ന് പഠിച്ചിറങ്ങുന്നവരെക്കാള്‍ മോശക്കാരൊന്നുമല്ല ഉക്രെയിന്‍, ബീജിംഗുകാരെന്നും ചെയര്‍മാന്‍ പറഞ്ഞു.
(പി എല്‍ നിസാമുദ്ദീന്‍)

janayugom 260413

No comments:

Post a Comment