Tuesday, April 30, 2013

വൈദ്യുതിനിരക്ക് വര്‍ധന ഉപേക്ഷിക്കണം: എ കെ ബാലന്‍


ജനങ്ങളുടെമേല്‍ വീണ്ടും 660 കോടിയോളം രൂപയുടെ വൈദ്യുതിചാര്‍ജ് ബാധ്യത അടിച്ചേല്‍പ്പിക്കാനുള്ള നീക്കം കടുത്തദ്രോഹവും ക്രൂരതയുമാണെന്ന് മുന്‍ വൈദ്യുതിമന്ത്രിയും സിപിഐ എം പാര്‍ലമെന്ററി പാര്‍ടി സെക്രട്ടറിയുമായ എ കെ ബാലന്‍ എംഎല്‍എ പ്രസ്താവനയില്‍ പറഞ്ഞു.

സ്ലാബ് സമ്പ്രദായം അവസാനിപ്പിക്കുന്നത് നിരക്ക് ഇരട്ടിയിലധികമാക്കും. ഒറ്റ വ്യവസായസ്ഥാപനങ്ങള്‍ക്കും പിടിച്ചുനില്‍ക്കാനാകില്ല. ജൂണ്‍മുതല്‍ ഇന്ധന സര്‍ച്ചാര്‍ജും ചുമത്തുമെന്ന് അറിയുന്നു. കെഎസ്ഇബിയുടെ മുഴുവന്‍ സാമ്പത്തികബാധ്യതയും ഉപയോക്താക്കളുടെമേല്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തെ ചെറുത്തുതോല്‍പ്പിക്കണം. ബോര്‍ഡിന് സാമ്പത്തികപ്രതിസന്ധിയുണ്ടെങ്കില്‍ സബ്സിഡി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. മഴക്കുറവുമാത്രമല്ല, ആസൂത്രണത്തിലെ പിഴവും കെടുകാര്യസ്ഥതയും പ്രതിസന്ധിക്ക് കാരണമാണെന്ന് ബോര്‍ഡ് റഗുലേറ്ററി കമീഷന് നല്‍കിയ കണക്കുതന്നെ വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തെ നീരൊഴുക്ക് ഒന്നിച്ചുകൂട്ടിയാല്‍ 13,200 മില്യണ്‍ യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം കേരളത്തിലെ ജലവൈദ്യുത പദ്ധതികളില്‍ ലഭ്യമായിട്ടുണ്ട്. റഗുലേറ്ററി കമീഷന് നല്‍കിയ കണക്കുപ്രകാരം ഈ രണ്ടുവര്‍ഷത്തേക്കുംകൂടി ബോര്‍ഡ് പ്രതീക്ഷിച്ച നീരൊഴുക്ക് 14,000 മില്യണ്‍ യൂണിറ്റാണ്. അതായത് 800 മില്യണ്‍ യൂണിറ്റ് വൈദ്യുതിയുടെ കുറവാണ് ഉണ്ടാകേണ്ടത്. എന്നാല്‍, ഇപ്പോള്‍ നേരിടുന്ന വൈദ്യുതിലഭ്യത കുറവ് ഇതിന്റെ നാലിരട്ടിയിലധികമാണ്. കമ്പോളത്തില്‍നിന്ന് വന്‍ വിലകൊടുത്ത് വൈദ്യുതി വാങ്ങിയിട്ടും പ്രശ്നം പരിഹരിക്കാന്‍ കഴിയുന്നില്ല.

2011 മാര്‍ച്ചില്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡ് മീഡിയം ടേം പവര്‍ പര്‍ച്ചേസ് എന്ന നിലയില്‍ 500 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനുള്ള ടെന്‍ഡര്‍ നടപടി തുടങ്ങിയിരുന്നു. അപ്പോള്‍ ലഭ്യമായ പ്രസരണ കോറിഡോര്‍ കേരളത്തിന്റെ അധീനതയില്‍ നിലനിര്‍ത്തുക എന്ന ലക്ഷ്യംകൂടി അതിനുപിന്നിലുണ്ടായിരുന്നു. എന്നാല്‍, ഈ സര്‍ക്കാര്‍ ടെന്‍ഡര്‍ റദ്ദുചെയ്തു. സതേണ്‍ഗ്രിഡിന് പുറത്തുനിന്ന് വൈദ്യുതി വാങ്ങാനുള്ള സാധ്യത വന്നാലും പ്രസരണ കോറിഡോര്‍ ലഭ്യമല്ലാത്ത സ്ഥിതിയിലേക്ക് കേരളം എത്തിയതിനുപിന്നില്‍ ദീര്‍ഘവീക്ഷണമില്ലാത്ത ഈ നടപടിയാണ്. വൈദ്യുതോല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും പ്രസരണനഷ്ടം കുറയ്ക്കുന്നതിനും വേണ്ട മുന്‍കരുതലുകള്‍ ബോര്‍ഡ് എടുക്കുന്നില്ല. ബൈതരണിയിലെ കല്‍ക്കരിപ്പാടം നഷ്ടപ്പെട്ടത് തിരിച്ചെടുക്കാന്‍ നടപടിയില്ല. കൂടംകുളത്തുനിന്ന് കേരളത്തിനുള്ള 266 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്നതിനുള്ള തിരുനെല്‍വേലി- മാടക്കത്തറ 400 കെവി ലൈനില്‍ ഇടമണ്‍- കൊച്ചി പണി പൂര്‍ത്തിയാക്കാനും ഈ സര്‍ക്കാരിന് കഴിഞ്ഞില്ല. കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി പൂര്‍ണമായും പരിഹരിക്കാന്‍ കഴിയാവുന്ന പ്രകൃതിവാതക പൈപ്പുലൈന്‍ പദ്ധതിയും സ്തംഭനാവസ്ഥയിലായി. ആഭ്യന്തര ഗ്യാസ് അലോക്കേഷനും വിലനിയന്ത്രണവും നിര്‍വഹിച്ചിരുന്ന മന്ത്രിസഭാസമിതിയുടെ ചെയര്‍മാന്‍ എ കെ ആന്റണിയായിട്ടുപോലും അത് ഉപയോഗപ്പെടുത്തുന്നില്ലെന്നും ബാലന്‍ ചൂണ്ടിക്കാട്ടി.

deshabhimani 300413

No comments:

Post a Comment