Monday, April 29, 2013
മമതയുടെ സ്റ്റാഫും തൃണമൂല്‍ നേതാവും ശാരദാഗ്രൂപ്പിലെ വന്‍ശമ്പളക്കാര്‍
ബംഗാളിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ തട്ടിപ്പ് നടത്തിയ ശാരദാഗ്രൂപ്പില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സെക്രട്ടറിയറ്റ് സ്റ്റാഫ് അംഗവും തൃണമൂല്‍ കോണ്‍ഗ്രസ് വിദ്യാര്‍ഥി വിഭാഗം സംസ്ഥാന പ്രസിഡന്റും ജോലിക്കാര്‍. ശാരദാഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള ചാനല്‍ 10-ലെ ജീവനക്കാരാണ് ഇവര്‍. മുഖ്യമന്ത്രിയുടെ സെക്രട്ടറിയറ്റില്‍ ലെന്‍സ്മാനായി പ്രവര്‍ത്തിക്കുന്ന ദയാല്‍ സഹ, ചാനല്‍ 10-ലെ ക്യാമറാമാനാണ്. ഇയാള്‍ ഒരേ സമയം ചാനലില്‍നിന്നും സര്‍ക്കാരില്‍നിന്നും വേതനം പറ്റുന്നു. 50000 രൂപയാണ് ചാനലില്‍ ഇയാളുടെ ശമ്പളം. 20000 രൂപ സര്‍ക്കാരില്‍നിന്നും കൈപ്പറ്റുന്നു. മുഖ്യമന്ത്രിക്ക് ഒപ്പം സഞ്ചരിക്കുന്ന ഇയാള്‍ക്ക് തൃണമൂല്‍ ഉന്നതങ്ങളില്‍ എതിരില്ല. ശംഭുദേബ് പാണ്ഡെ എന്ന ആളാണ് ചാനലില്‍നിന്ന് വേതനം പറ്റുന്ന വിദ്യാര്‍ഥി നേതാവ്. റിപ്പോര്‍ട്ടര്‍ തസ്തികയിലുള്ള ഇയാള്‍ക്കും മാസം 50000 രൂപയാണ് ശമ്പളം. അധ്യാപകരെ തല്ലിയതുള്‍പ്പെടെ പല കേസുകളിലും ഇയാള്‍ പ്രതിയാണ്.
തൃണമൂലുമായി ബന്ധമുള്ള നിരവധിപേര്‍ പല രീതിയിലും ശാരദാഗ്രൂപ്പില്‍നിന്ന് ആനുകൂല്യം നേടുന്നവരാണന്ന വിവരം ദിവസവും പുറത്തു വരുന്നുണ്ട്. തൃണമൂല്‍ എംപി കുനാല്‍ ഘോഷായിരുന്നു ചിട്ടിക്കമ്പനിയുടെ നിയന്ത്രണത്തിലുള്ള മാധ്യമ ഗ്രൂപ്പിന്റെ തലവന്‍. ശാരദാഗ്രൂപ്പിന്റെ ഉടമസ്ഥന്‍ സുദീപ് സെന്‍ 4,500 കോടി രൂപയാണ്് സ്വന്തം ആവശ്യങ്ങളുടെ പേരില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വകമാറ്റി തട്ടിയെടുത്തത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പല പേരുകളിലായി കെട്ടിടങ്ങളും ഭൂമിയും വാങ്ങി കൂട്ടിയിട്ടുണ്ട്. വിദേശത്തും പലതരത്തിലുള്ള നിക്ഷേപം ഇയാള്‍ നടത്തിയിട്ടുണ്ട്. മാധ്യമരംഗത്തും വന്‍ നിക്ഷേപമാണ് ഇയാള്‍ നടത്തിയത്. നാല് ചാനലും അഞ്ച് പത്രവും സ്വന്തമായി തുടങ്ങി. നിരവധി പത്രങ്ങളിലും ചാനലുകളിലും ഷെയറുകള്‍ വാങ്ങിക്കൂട്ടി. ഇവയെല്ലാം ഇടതുമുന്നണി വിരുദ്ധ പ്രചാരണത്തിന് ഉപയോഗിച്ചു. ചാനല്‍ 10 മാത്രമേ ജനങ്ങള്‍ കാണാവൂ എന്ന് മമത പലപ്പോഴും പരസ്യമായി ആവശ്യപ്പെട്ടിരുന്നു. 210 ബാങ്ക് അക്കൗണ്ടുകളാണ് സുദീപ് സെന്നിന്റെ പേരിലുള്ളത്. 67 എണ്ണം ബംഗാളിന് പുറത്താണ്. പാവപ്പെട്ട നിക്ഷേപകരെ മാത്രമല്ല ബാങ്കുകളെയും ഇയാള്‍ പറ്റിച്ചു. ശാരദാഗ്രൂപ്പിന്റെ പേരില്‍ ചെറുതും വലുതുമായി 162 സ്ഥാപനങ്ങളാണ് ഇയാള്‍ നടത്തിയത്. അവയുടെ പേരില്‍ വിവിധ ബാങ്കുകളില്‍നിന്ന് വന്‍ തുക വായ്പ എടുത്ത് തിരിമറി നടത്തി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നുമാത്രം 240 കോടി രൂപയാണ് വായ്പ എടുത്തത്. 35 ആഡംബരക്കാറുകളാണ് ഇയാളുടെ കൈവശമുള്ളത്. ബംഗാള്‍, അസം, ഒഡീഷ, ജാര്‍ഖണ്ഡ് എന്നിവടങ്ങളിലായി ബിനാമി പേരുകളില്‍ വന്‍തോതില്‍ ഭൂമി വാങ്ങി കൂട്ടിയിട്ടുണ്ട്.
(ഗോപി)
പരാതി നേരത്തെ ലഭിച്ചിട്ടും കേന്ദ്രം അനങ്ങിയില്ല
ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെയും കിഴക്കന്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെയും ചിട്ടിതട്ടിപ്പുകള്‍പോലുള്ള സാമ്പത്തിക കുംഭകോണം സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തില്ല. സിപിഐ എമ്മിനും ഇടതുമുന്നണിക്കുമെതിരെ മാധ്യമപ്രചാരണത്തിന് സാമ്പത്തികസഹായം നല്‍കിയ കള്ളക്കമ്പനികളെ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ പലഘട്ടങ്ങളിലും നടപടിയെടുക്കാതെ സഹായിച്ചു. ശാരദാസ്, റോസ് വാലി തുടങ്ങിയ വന്‍കിട തട്ടിപ്പുകമ്പനികള്‍ നടത്തുന്ന നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സിപിഐ എം രാജ്യസഭാംഗമായ പ്രശാന്ത ചാറ്റര്‍ജി കഴിഞ്ഞവര്‍ഷംതന്നെ കേന്ദ്ര ധനവകുപ്പിന് രേഖാമൂലം പരാതി നല്‍കിയിരുന്നു. എന്നാല്‍ റിസര്‍വ് ബാങ്ക്, സെബി, കേന്ദ്ര കമ്പനികാര്യവകുപ്പ് എന്നിവ ഒരു നടപടിയുമെടുത്തില്ല. ബംഗാളിലെ സാധാരണക്കാരുടെ കോടിക്കണക്കിന് രൂപയുമായി ശാരദാ ഗ്രൂപ്പ് മുങ്ങിയതിനെതിരെ പ്രതിഷേധം ശക്തമായപ്പോള്‍മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.
ബംഗാളില്‍ ചിട്ടിപോലുള്ള സാമ്പത്തിക ഇടപാടുകളിലും മറ്റു നിക്ഷേപപദ്ധതികളിലും ഏര്‍പ്പെടുന്നവരുടെ നിക്ഷേപത്തിന് സുരക്ഷിതത്വം നല്‍കാനും തട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും വ്യവസ്ഥചെയ്യുന്ന നിയമനിര്‍മാണം 2003ല്‍ ഇടതുമുന്നണി സര്‍ക്കാര്‍ പൂര്‍ത്തിയാക്കി രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയച്ചിരുന്നു. 10 വര്‍ഷമായിട്ടും അതിന് അംഗീകാരം നല്‍കിയില്ല. റിസര്‍വ് ബാങ്കിന്റെയും സെബിയുടെയും അനുമതിയും അംഗീകാരവുമില്ലാതെ പ്രവര്‍ത്തിച്ച ശാരദാസ്പോലുള്ള സ്ഥാപനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിസ്സംഗസമീപനം തുണയായി. കഴിഞ്ഞ ഒക്ടോബറില്‍ പ്രശാന്ത ചാറ്റര്‍ജി എംപി പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാന് നല്‍കിയ കത്തില്‍ അനധികൃത സാമ്പത്തിക ഇടപാട് നടത്തുന്ന 26 സ്ഥാപനങ്ങളുടെ തട്ടിപ്പുസംബന്ധിച്ച് വിശദമായി പ്രതിപാദിച്ചിരുന്നു. വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള കൃത്യമായ ഒരു പദ്ധതിയുമില്ലാതെയാണ് വന്‍ വാഗ്ദാനങ്ങള്‍ ഈ സ്ഥാപനങ്ങള്‍ നല്‍കുന്നത്. സെബി, റിസര്‍വ് ബാങ്ക്, കമ്പനികാര്യവകുപ്പ് എന്നിവ ഈ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ തയ്യാറാകുന്നില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
ചിട്ടിക്കമ്പനികള്‍ തങ്ങളുടെ പരിധിയില്‍ വരില്ലെന്നാണ് സെബി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയെ അറിയിച്ചത്. റിസര്‍വ് ബാങ്ക്, കേന്ദ്ര കമ്പനികാര്യവകുപ്പ്, സംസ്ഥാന സര്‍ക്കാര്‍ എന്നിവയുടെ സംയുക്തശ്രമംകൊണ്ടുമാത്രമേ ഇത്തരം നിയമവിരുദ്ധസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കഴിയുകയുള്ളൂവെന്നും സെബി അറിയിച്ചു. എന്നാല്‍, നിയമവിരുദ്ധ നിക്ഷേപപദ്ധതിക്കെതിരെ സെബിക്ക് നടപടിയെടുക്കാവുന്നതായിരുന്നു. നിക്ഷേപവുമായി ശാരദാസ് ഉടമ മുങ്ങിയശേഷമാണ് സെബി നടപടി ആരംഭിച്ചത്. ബംഗാളില്‍ സിപിഐ എമ്മിനെതിരെ പ്രവര്‍ത്തനമാരംഭിച്ച മാധ്യമസ്ഥാപനങ്ങളുടെ സാമ്പത്തികസ്രോതസ്സ് എന്ന നിലയിലാണ് നിയമവിരുദ്ധ ചിട്ടിസ്ഥാപനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിച്ചത്.
(വി ജയിന്‍)
deshabhimani 290413
Labels:
ബംഗാള്‍,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
No comments:
Post a Comment