Friday, April 26, 2013

ബംഗാളിലെ ചിട്ടി കുംഭകോണം: നളിനി ചിദംബരത്തിനും പങ്ക്


ആയിരക്കണക്കിന് നിക്ഷേപകരെ വഞ്ചിച്ച ബംഗാളിലെ ചിട്ടിക്കമ്പനി കുംഭകോണ കേസില്‍ തൃണമൂലിനൊപ്പം കോണ്‍ഗ്രസും കുടുങ്ങുന്നു. ധനമന്ത്രി പി ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരം തന്റെ പക്കല്‍ നിന്ന് വന്‍തുക കൈപ്പറ്റിയെന്ന് ശാരദാ ചിട്ടിഫണ്ട് ഉടമ സുദീപ്ത സെന്‍ വെളിപ്പെടുത്തി. സുദീപ്ത സിബിഐക്ക് അയച്ച കത്തിലാണ് മുതിര്‍ന്ന അഭിഭാഷകയുമായ നളിനി ചിദംബരത്തിനെതിരായ ആരോപണം.

പോസിറ്റീവ് ഗ്രൂപ്പ് ഉടമ മനോരഞ്ജന സിങ് വഴിയാണ് താന്‍ നളിനി ചിദംബരത്തെ കാണുന്നത്. ഇവര്‍ ചെന്നൈയില്‍ നളിനി ചിദംബരത്തിന്റെ ചേംബറിലേക്ക് തന്നെ കൂട്ടിക്കൊണ്ടുപോയി. വടക്കുകിഴക്കന്‍ ഇന്ത്യയില്‍ ഒരു ടിവി ചാനല്‍ തുടങ്ങാന്‍ സാമ്പത്തികമായി സഹായിക്കണമെന്ന് നളിനി ചിദംബരം ആവശ്യപ്പെട്ടു. 42 കോടിയാണ് ആവശ്യപ്പെട്ടത്. ഒരു കോടി രൂപ അവര്‍ കൈപ്പറ്റി. കൊല്‍ക്കത്തയില്‍ നളിനി ചിദംബരം വരുമ്പോഴെല്ലാം യാത്രാചെലവും താജ് ഹോട്ടലിലെ താമസവും താനാണ് ഒരുക്കിയിരുന്നത്. ചിദംബരം അന്ന് ആഭ്യന്തര മന്ത്രിയായിരുന്നു. ശാരദാ തട്ടിപ്പുമായി ആര്‍ക്കൊക്കെ ബന്ധമുണ്ടെന്ന് കണ്ടെത്താന്‍ സിബിഐ അന്വേഷണം വേണമെന്ന് ഇടതുപക്ഷ പാര്‍ടികള്‍ ആവശ്യപ്പെട്ടു. അതേസമയം ആരോപണം നളിനി ചിദംബരം നിഷേധിച്ചു. അഭിഭാഷക എന്ന നിലയില്‍ മാത്രമാണ് താന്‍ സുദീപ്തയെ ബന്ധപ്പെട്ടതെന്ന് അവര്‍ അവകാശപ്പെട്ടു.

ചിട്ടിതട്ടിപ്പ്: കമ്പനി ചെയര്‍മാന്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: ലക്ഷക്കണക്കിന് നിക്ഷേപകരെ പറ്റിച്ച് കോടികളുമായി മുങ്ങിയ ശാരദാ ചിട്ടിക്കമ്പനി ചെയര്‍മാന്‍ സുദീപ്ത സെന്‍ പിടിയിലായി. ഇയാളോടൊപ്പം കടന്ന കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ദേബ്യാനി മുഖര്‍ജി, മുതിര്‍ന്ന ഉദ്ദ്യോഗസ്ഥന്‍ അരവിന്ദ് ചൗഹാന്‍ എന്നിവരും അറസ്റ്റിലായി. ജമ്മു കശ്മീരില്‍ സോണാമര്‍ഗിലെ ആഡംബര ഹോട്ടലായ സ്നോലാന്‍ഡില്‍നിന്ന് ചൊവ്വാഴ്ച രാത്രിയാണ് മൂവരെയും പിടികൂടിയത്. കൊല്‍ക്കത്തയില്‍നിന്ന് എപ്രില്‍ 10ന് മുങ്ങിയ ഇവര്‍ ആദ്യം റാഞ്ചിയില്‍ തങ്ങി. അതിനുശേഷം ഡല്‍ഹി, ഹരിദ്വാര്‍, ഹള്‍ദവാണി, ഉധംപുര്‍ എന്നിവിടങ്ങളില്‍ തമ്പടിച്ചശേഷം 20നാണ് സോണാമാര്‍ഗില്‍ എത്തിയത്. കൊല്‍ക്കത്തയില്‍നിന്ന് റോഡുമാര്‍ഗമാണ് എല്ലായിടത്തേക്കും സഞ്ചരിച്ചത്. ജമ്മു കശ്മീരില്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ നാലു ദിവസത്തെ റിമാന്‍ഡില്‍ ബംഗാള്‍ പൊലീസ് കൊല്‍ക്കത്തയില്‍ കൊണ്ടുവന്നു. കൊല്‍ക്കത്തയില്‍നിന്ന് മുങ്ങുന്നതിനു മുമ്പ് കുടുംബത്തെ സെന്‍ നോയിഡയിലേക്ക് അയച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസുമായി അടുത്ത ബന്ധമുള്ള ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ചത് പ്രമുഖരായ ചില നേതാക്കളും എംപിമാരുമാണെന്ന പരാതി വ്യാപകമാണ്.

തൃണമൂല്‍ അധികാരത്തില്‍ വന്നശേഷമാണ് ആ സ്വാധീനം ഉപയോഗിച്ച് ചിട്ടിക്കമ്പനി വന്‍തോതില്‍ പണം സ്വരൂപിച്ചത്. കമ്പനി പൊളിഞ്ഞതിനെത്തുടര്‍ന്ന് തൃണമൂലിനെതിരായി വ്യാപക ജനരോഷമാണ്. തൃണമൂല്‍ നേതാക്കളും എംപിമാരും മന്ത്രിമാരും മറ്റും തന്നില്‍നിന്ന് വന്‍ തോതില്‍ പണം പിടുങ്ങിയെന്ന് പിടിയിലാകുമെന്ന അവസ്ഥയുണ്ടായപ്പോള്‍ ഇയാള്‍ സിബിഐയെ അറിയിച്ചതായി പറയപ്പെടുന്നു. 18 പേജുള്ള കത്തില്‍ തൃണമൂലിന്റെ രണ്ട് എംപിമാരുടെ പേര് പ്രത്യേകമായി എടുത്തുപറഞ്ഞിട്ടുണ്ട്. ശാരദ ചിട്ടിഫണ്ടുമായി ബന്ധമുള്ള എല്ലാവര്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് തൃണമൂല്‍ നേതാക്കളില്‍ ഒരു വിഭാഗം മമതയോട് ആവശ്യപ്പെട്ടു. പാര്‍ടിക്കും സര്‍ക്കാരിനുമെതിരായ ജനരോഷത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മമത മന്ത്രിമാരോടും നേതാക്കളോടും നിര്‍ദേശിച്ചു. സെന്നിന്റെ ഇടപാടുകളില്‍ വന്‍ ദുരൂഹതയുള്ളതിനാല്‍ പിടിയിലായ ഇയാളുടെ സുരക്ഷ ശക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് സൂര്യകാന്ത് മിശ്ര ആവശ്യപ്പെട്ടു.
(ഗോപി)

deshabhimani

No comments:

Post a Comment