Sunday, April 28, 2013

ശാരദാ ഗ്രൂപ്പ്: ഇടതുപക്ഷ വിരുദ്ധ പ്രചാരണത്തിന്റെ കേന്ദ്രം


തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഒത്താശയോടെ വന്‍ ചിട്ടിതട്ടിപ്പ് നടത്തിയ ശാരദാ ഗ്രൂപ്പ് മാധ്യമരംഗത്തും വന്‍കടന്നുകയറ്റം നടത്തി. രണ്ട് വാര്‍ത്താചാനലുകള്‍ ഉള്‍പ്പെടെ നാല് ടെലിവിഷന്‍ ചാനലുകളും ബംഗാളി, ഇംഗ്ലീഷ്, ഹിന്ദി, ഉര്‍ദു ഭാഷകളിലായി അഞ്ച് പത്രങ്ങളുമാണ് ഗ്രൂപ്പ് നടത്തിയത്. ഇടതുവിരുദ്ധ പ്രചാരണത്തിന് നേതൃത്വം നല്‍കിയ ഇവയെല്ലാം തൃണമൂല്‍ ജിഹ്വകളായും പ്രവര്‍ത്തിച്ചു.

ശാരദാ പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരില്‍ പ്രവര്‍ത്തിച്ച മാധ്യമങ്ങളുടെ ചുമതല വഹിച്ചത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാംഗവും മമത ബാനര്‍ജിയുടെ മാധ്യമ ഉപദേഷ്ടാവുമായ കുനാല്‍ഘോഷായിരുന്നു. ചീഫ് എക്സിക്യൂട്ടീവായി നിയമനം ലഭിച്ച ഇയാള്‍ വളരെ പെട്ടന്ന് മീഡീയ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാനായി. വാര്‍ഷിക പ്രതിഫലം ഒരു കോടി 98 ലക്ഷം രൂപയായിരുന്നു. തൃണമൂലുമായി അടുത്തുബന്ധമുള്ള സോമനാഥ്ദത്ത വൈസ് ചെയര്‍മാനായി. താരാ ന്യൂസ്, താരാ മ്യൂസിക്, ചാനല്‍ 10, ചാനല്‍ വിഷന്‍ എന്നിവയാണ് നേരിട്ട് നിയന്ത്രണത്തിലുള്ള ചാനലുകള്‍. ഷക്കാല്‍ ബേലാ, കലം, ബംഗാള്‍ പോസ്റ്റ് പ്രഭാത് വാര്‍ത്ത, ആസാദ് ഹിന്ദ് എന്നിവയായിരുന്നു പത്രങ്ങള്‍. ഇതിനുപുറമെ നിരവധി പത്രങ്ങളിലും ചാനലുകളിലും ഓഹരിയെടുത്ത് സ്വാധീനമുണ്ടാക്കി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ തന്നെ രാജ്യസഭാംഗമായ ശ്രിന്‍ജോയ് ബോസാണ് ഇതിനായി പ്രവര്‍ത്തിച്ചത്. കമ്പനി തകരുമെന്ന ഘട്ടം വന്നപ്പോള്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ കുനാല്‍ഘോഷ് ശാരദാ ഗ്രൂപ്പില്‍നിന്ന് രാജിവയ്ക്കുകയായിരുന്നു. കുനാല്‍ എംപി സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ടെങ്കിലും മമതയുടെ നിര്‍ദേശമില്ലാതെ രാജിയില്ലെന്ന നിലപാടിലാണ് ഇയാള്‍.

2008ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷമാണ് ശാരദാ ഗ്രൂപ്പ് ഇടതുവിരുദ്ധ പ്രചാരണം ഏറ്റെടുത്തത്. അനധികൃത ചിട്ടികമ്പനികള്‍ നിയന്ത്രിക്കാനുള്ള ബില്‍ ഇടതുമുന്നണിസര്‍ക്കാര്‍ പാസാക്കിയതോടെയാണ് ഇവര്‍ ഇടതുപക്ഷത്തിനെതിരെ തിരിഞ്ഞത്. സിംഗുര്‍, നന്ദിഗ്രാം പ്രക്ഷോഭത്തെ പിന്തുണച്ച് ഇടതുവിരുദ്ധ പ്രചാരണത്തിന് ആക്കം കൂട്ടി. തൃണമൂലിനെ അധികാരത്തിലേറാന്‍ സഹായിച്ച ആനന്ദബസാര്‍ പത്രികയടക്കമുള്ള മാധ്യമങ്ങള്‍ മമതയുടെ ഏകാധിപത്യനടപടിയെ വിമര്‍ശിച്ചപ്പോഴും ശാരദാ ഗ്രൂപ്പ് ഒപ്പം നിന്നു. ഇതിന് പ്രതിഫലമായി തൃണമൂല്‍ സര്‍ക്കാര്‍ വന്‍തോതില്‍ പരസ്യം വാരിക്കോരി നല്‍കി. ശാരദാഗ്രൂപ്പിന് ഓഹരിയുള്ള പ്രതിദിന്‍ പത്രത്തില്‍ റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ച കുനാല്‍ഘോഷ് മമത അധികാരത്തില്‍ വന്നശേഷമാണ് ശാരദ മീഡിയ ഗ്രൂപ്പിന്റെ ഉന്നതത്തില്‍ എത്തിയത്. മമതയുടെ ഉറ്റ സുഹൃത്തും ചിത്രകാരനുമായ സുവപ്രസന്ന ഭട്ടാചാര്യ ശാരദാ ഗ്രൂപ്പിന്റെ സഹായത്തോട് എക്കൂന്‍ സമയ് എന്ന പേരില്‍ ചാനല്‍ തുടങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് ചിട്ടികമ്പനി പൊട്ടിയത്.
(ഗോപി)

ചിട്ടിക്കമ്പനികള്‍ക്കെതിരെ അന്വേഷണം തുടങ്ങി

ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ പ്രവര്‍ത്തിച്ച് ജനങ്ങളെ കബളിപ്പിച്ച് ശാരദ ഗ്രൂപ്പ് മുങ്ങിയതോടെ രാജ്യത്തെ അനധികൃത പണം നിക്ഷേപക സ്ഥാപനങ്ങള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു. കോര്‍പറേറ്റ് മന്ത്രാലയവും സെബിയും റിസര്‍വ്ബാങ്കുമാണ് അന്വേഷണം നടത്തുന്നത്. ശാരദ ഗ്രൂപ്പിനെതിരെ ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു. കമ്പനിക്കും ഉടമ സുദീപ്ത സെന്നിനുമെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് നിക്ഷേപ പദ്ധതി അവസാനിപ്പിക്കാന്‍ സെബി കഴിഞ്ഞ 23ന് ശാരദ ഗ്രൂപ്പിന് നിര്‍ദേശം നല്‍കിയെങ്കിലും പാലിച്ചില്ലെന്ന് ധനമന്ത്രാലയം അറിയിച്ചു. നിക്ഷേപത്തുക കമ്പനി വാഗ്ദാനംചെയ്ത പലിശയടക്കം മൂന്നു മാസത്തിനകം തിരിച്ചു നല്‍കാനായിരുന്നു നിര്‍ദേശം. ഇത് ലംഘിച്ചതിനാണ് സെബി കേസെടുത്തത്. അസം പൊലീസിന്റെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കേസ്. നികുതി നിയമം ലംഘിച്ചതായി വ്യക്തമായതിനെതുടര്‍ന്നാണ് ആദായനികുതി വകുപ്പിന്റെ അന്വേഷണം.

രാജ്യത്ത് പലയിടങ്ങളിലും അനധികൃത നിക്ഷേപ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. കിഴക്കന്‍ ഇന്ത്യയിലാണ് ഇത്തരം സ്ഥാപനങ്ങള്‍ ഏറെയും. ഇടപാടുകളുടെ വിശദാംശങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ പരിശോധിച്ചുവരികയാണ്. മാര്‍ഗനിര്‍ദേശം ലംഘിച്ച സ്ഥാപനങ്ങള്‍ക്കെതിരെ സെബി നടപടി ആരംഭിച്ചു. അനധികൃത പണമിടപാട് സ്ഥാപനങ്ങള്‍ക്കെതിരെ യോജിച്ച പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ സാമ്പത്തിക സേവനവകുപ്പ് 2012 ജൂലൈയില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാന പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യം ചെറുക്കാനുള്ള വിഭാഗം, റിസര്‍വ് ബാങ്ക്, സെബി, കമ്പനി രജിസ്ട്രാര്‍, കേന്ദ്ര റവന്യൂവകുപ്പ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവയുടെ യോജിച്ചുള്ള പ്രവര്‍ത്തനം വേണമെന്ന് നിര്‍ദേശിച്ചിരുന്നു. അനധികൃത പ്രവര്‍ത്തനം നടത്തുന്നുവെന്ന് സംശയിക്കുന്ന 31 സ്ഥാപനങ്ങളെ സംബന്ധിച്ച രേഖകള്‍ കോര്‍പറേറ്റ് മന്ത്രാലയത്തിന്റെ പരിശോധനയിലാണ്. നിക്ഷേപ പദ്ധതികളെ സംബന്ധിച്ച വിശദീകരണം ആവശ്യപ്പെട്ട് 42 കമ്പനികള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. 1956ലെ കമ്പനി നിയമം ലംഘിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്

ചിട്ടിക്കമ്പനിയില്‍ പണം നിക്ഷേപിച്ച ഒരാള്‍കൂടി ആത്മഹത്യചെയ്തു

കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണയോടെ പ്രവര്‍ത്തിച്ച് പൊട്ടിയ ശാരദാ ചിട്ടിക്കമ്പനിയില്‍ പണം നിക്ഷേപിച്ച ഒരാള്‍കൂടി ആത്മഹത്യചെയ്തു. പുരുളിയ സ്വദേശി തപന്‍ ബിശ്വാസാണ് ശനിയാഴ്ച ആത്മഹത്യചെയ്തത്. ഇതോടെ ആത്മഹത്യചെയ്ത നിക്ഷേപകരുടെ എണ്ണം ആറായി. നിരവധിപേര്‍ ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ട്. ചിട്ടിക്കമ്പനിയില്‍ പണം നിക്ഷേപിച്ചവരില്‍ ബഹുഭൂരിഭാഗവും പാവപ്പെട്ട ഗ്രാമീണരാണ്. കമ്പനിക്കായി പ്രവര്‍ത്തിച്ച തൃണമൂലുകാരായ ഏജന്റുമാരുടെ വാഗ്ദാനങ്ങളില്‍ മയങ്ങിയാണ് പലരും ചിട്ടിക്കമ്പനിയില്‍ പണം നിക്ഷേപിച്ചത്. തൃണമൂലിന്റെ ഉന്നത നേതാക്കള്‍ക്ക് പങ്കുള്ള കമ്പനിയില്‍ വിശ്വാസമര്‍പ്പിച്ചാണ് ഇവര്‍പണം നിക്ഷേപിച്ചത്. ലക്ഷക്കണക്കിന് നിക്ഷേപകര്‍ക്കാണ് പണം നഷ്ടമായത്.

deshabhimani 280413

No comments:

Post a Comment