Thursday, April 25, 2013

കാലം കാണാതെപോയ ഇതിഹാസ ഗായിക

വിഖ്യാത ഗായിക ഷംഷാദ് ബീഗത്തിന്റെ മരണവാര്‍ത്ത ഇന്നലെ ദേശീയ മാധ്യമങ്ങളെ അല്‍പനേരത്തേക്കെങ്കിലും ആശയക്കുഴപ്പത്തിലാക്കി. അറിഞ്ഞ വാര്‍ത്ത സത്യമാണോ എന്ന കാര്യത്തില്‍ പലര്‍ക്കും സംശയം. പ്രായം തൊണ്ണൂറ്റിനാല് കഴിഞ്ഞെങ്കിലും ബീഗത്തിന്റെ വിയോഗവാര്‍ത്ത പെട്ടെന്നങ്ങനെ വിശ്വസിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ തയ്യാറായില്ല.

ഇതാദ്യമായിട്ടല്ല ഷംഷാദ് ബീഗത്തിന്റെ മരണം ന്യൂസ് ഡസ്‌ക്കുകളിലേക്കെത്തുന്നത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി ഇതൊരു സ്ഥിരം പരിപാടിയാണ്. 1998 ഓഗസ്റ്റ് 10 ന് ഇന്ത്യയിലെ ഒട്ടുമിക്ക വാര്‍ത്താ പ്രസിദ്ധീകരണങ്ങളും ബീഗത്തിന്റെ വിയോഗം കൊണ്ടാടി. മലയാളത്തിലെ ഒരു വാരികയില്‍ അനുസ്മരണ ലേഖനം പോലും പ്രസിദ്ധീകരിക്കപ്പെട്ടു. പഴയകാല ഹിന്ദുസ്ഥാനി സംഗീതജ്ഞയായ ഷംഷാദ് ബീഗമാണ് അന്ന് അന്തരിച്ചത്. കേട്ടപാടെ അത് ഇതിഹാസ ഗായികയായ ഷംഷാദാണെന്ന് തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. ഒടുവില്‍ താന്‍ ജീവിച്ചിരിക്കുന്നതായി പത്രക്കുറിപ്പ് നല്‍കേണ്ടി വന്നു ബീഗത്തിന്!

ഇങ്ങനെ പലതരത്തില്‍ അവഗണനകളുണ്ടായിട്ടും ഷംഷാദ് ബീഗത്തിന്. 'കജ്‌രാ മൊഹബത്ത് വാലാ....' പോലെ ഇന്ത്യന്‍ സിനിമാ സംഗീതത്തിലെ ഏറ്റവും വലിയ വിജയഗാനം പാടിയ, എണ്ണമറ്റ സൂപ്പര്‍ ഹിറ്റുകള്‍ ഗാനലോകത്തിന് സമ്മാനിച്ച അതുല്യഗായികയെ കാലാകാലങ്ങളിലായി പല ദേശീയ സര്‍ക്കാരുകളും മറക്കാന്‍ മത്സരിക്കുകയായിരുന്നു. ഉചിതാംവണ്ണം ബഹുമതികള്‍ നല്‍കുന്നതിലോ അവരുടെ സംഭാവനകള്‍ പുതുതലമുറയെ ബോധ്യപ്പെടുത്തുന്നതിലോ മാത്രമല്ല, ഇന്ത്യന്‍ സിനിമാ സംഗീതത്തിന്റെ ജൂബിലി ആഘോഷങ്ങളില്‍ പോലും പതിവായി ഷംഷാദിനെ വിസ്മരിക്കാറുണ്ടായിരുന്നു.

ലാഹോര്‍ റേഡിയോ പാട്ടുകാരിയായി ജനശ്രദ്ധ നേടിയ ഷംഷാദ് നമ്മുടെ സിനിമ പിച്ചവച്ച് കരുത്ത് നേടുന്ന കാലഘട്ടങ്ങളില്‍ അവിഭാജ്യ ഗായികാശബ്ദമായിരുന്നു. ലതാ മങ്കേഷ്‌ക്കരുടെ യുഗം തുടങ്ങുന്നതിനുമുമ്പ് ഷംഷാദ് - സുരയ്യാ - നൂര്‍ജഹാന്‍ പാടിയ അനശ്വര ഗാനങ്ങള്‍ ഒരു പഴയ തലമുറയുടെ മാത്രം ഗൃഹാതുര സ്വപ്‌നങ്ങളല്ല. പില്‍ക്കാലത്ത് പേരും പെരുമയും നേടിയ പല പിന്നണി സംഗീതസംവിധായകരുടേയും ആദ്യ ഗാനങ്ങള്‍ പാടിയത് ഷംഷാദാണ്. ലത-ആശ സഹോദരങ്ങളും അവിശ്വസനീയമായ വളര്‍ച്ചയില്‍ ആ സംഗീത സംവിധായകര്‍പോലും ഷംഷാദിനെ തുണച്ചില്ല.

'സൂര്യനു പിന്നില്‍ മറഞ്ഞുപോയി മറ്റ് നക്ഷത്രങ്ങള്‍' എന്നു പറയുന്നതുപോലെയാണ് ഷംഷാദിന്റെ കാര്യം. യേശുദാസിനു പിന്നില്‍ ജയചന്ദ്രനും ബ്രഹ്മാനന്ദനും മറഞ്ഞതുപോലെ, സച്ചിനു പിന്നില്‍ ഗാംഗുലിയും ദ്രാവിഡും മറഞ്ഞതുപോലെ ഷംഷാദും വിസ്മൃതിയുടെ കാടകങ്ങളിലെ വലിയ ഇരയായിരുന്നു!
(വി സി അഭിലാഷ്)

ഷംഷാദ് ബീഗം അന്തരിച്ചു അവസാനിച്ചത് ഹിന്ദി സിനിമസംഗീതത്തിന്റെ ഒരു യുഗം

ന്യൂഡല്‍ഹി: വിഖ്യാത ഹിന്ദി പിന്നണിഗായിക ഷംഷാദ് ബീഗം (94) മുംബൈയിലെ വസതിയില്‍ അന്തരിച്ചു. കുറച്ചുനാളായി അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു. ''മേരെ പിയേ ഗയേ റങ്കൂണ്‍'', ''കഭി ആര്‍ കഭി പാര്‍'', ''കജ്രാ മൊഹബ്ബത്ത് വാലാ'' തുടങ്ങിയവയാണു ഷംഷാദിന്റെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ .  2009 ല്‍ ഫാല്‍ക്കേ ഗോല്‍ഡന്‍   സിംഗര്‍ അവാര്‍ഡ് നേടിയിരുന്നു.
1955 ല്‍ ഭര്‍ത്താവ് ഗണപത് ലാല്‍ ബട്ടോ മരിച്ചതു മുതല്‍ മകള്‍ ഉഷ രത്രയോടും മരുമകന്‍ കേണല്‍ രത്രയോടുമൊപ്പമായിരുന്നു ഷംഷാദിന്റെ താമസം.   ഹിന്ദി സിനിമാ പിന്നണി ഗാനരംഗത്തെ ആദ്യ വനിതാ താരോദയമായിരുന്നു ഷംഷാദ്. സിനിമാ ഗാനങ്ങള്‍ക്ക് ഇത്ര തൊങ്ങലുകളില്ലാത്ത കാലത്ത് ഈണവും വരികളും മാത്രം കൂട്ടുപിടിച്ച് ആലാപനത്തിന്റെ മാസ്മരികതയില്‍ ഒരു തലമുറയുടെ ഉന്മാദമായി മാറിയ ഗായിക.

 1919 ഏപ്രില്‍ 14ന് പഞ്ചാബിലെ അമൃത്സറില്‍ മിയാന്‍ ഹുസൈന്‍ ബക്ഷ് മന്റെയും ഗുലാം ഫാത്തിമയുടെയും മകളായി 1919 ഏപ്രില്‍ 14ന് ആയിരുന്നു ഷംഷാദ് ബീഗത്തിന്റെ ജനനം. കടുത്ത യാഥാസ്ഥിതിക കുടുംബം. വീട്ടിലെ ഗ്രാമഫോണിലൂടെ കേട്ട മുസ്‌ലിം ഭക്തിഗാനങ്ങളായിരുന്നു ഷംഷാദിന്റെ പ്രാഥമിക സംഗീത പാഠങ്ങള്‍. റേഡിയോയിലൂടെയായിരുന്നു സംഗീത ജീവിതത്തിന്റെ തുടക്കം.

937 ഡിസംബറില്‍ ലഹോര്‍ റേഡിയോ പ്രക്ഷേപണം തുടങ്ങിയതു ഷംഷാദിന്റെ ഗാനത്തോടെയായിരുന്നു.പെഷവാര്‍, ഡല്‍ഹി നിലയങ്ങളിലൂടെയും പിന്നീട് അവരുടെ ഗാനങ്ങള്‍ വന്നു. അക്കാലത്തെ ഏതാനും ഗ്രാമഫോണ്‍ റെക്കോഡിങ് കമ്പനികള്‍ക്കായി മുസ്‌ലിം ഭക്തിഗാനങ്ങളും ആലപിച്ചു. പാട്ടുകേട്ടു പഠിച്ച സംഗീതമായിരുന്നു അവരുടെ കൈമുതല്‍. 1981ല്‍ ഗംഗാ മാംഗ് രഹി ബലിദാന്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് അവസാനമായി പാടിയത്.അസാധാരണ പ്രതിഭയായിരുന്നു ഷംഷാദ് ബീഗമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.ഷംഷാദ് ബീഗത്തിന്റെ നിര്യാണത്തോടെ ഹിന്ദി സിനിമസംഗീതത്തിന്റെ ഒരു യുഗം അവസാനിച്ചുവെന്ന് ഹിന്ദി സിനിമാലോകം മുംബൈയില്‍ അനുസ്മരിച്ചു.

janayugom

സംഗീതത്തെ സ്നേഹിച്ച്; പ്രശസ്തി മോഹിക്കാതെ

മുംബൈ: ഷംസാദ് ബീഗത്തിന്റെ നാദമനോഹാരിതയെ പ്രസിദ്ധ സംഗീത സംവിധായകനായ ഒ പി നയ്യാര്‍ അമ്പലമണിയോടാണ് ഉപമിച്ചത്. അത്രയേറെ ശുദ്ധവും വ്യക്തവുമാണ് ഷംസാദിന്റെ സ്വരമെന്ന് നയ്യാര്‍ പലപ്പോഴും പറയുമായിരുന്നു. ഗുലാം ഹൈദര്‍, നൗഷാദ് തുടങ്ങിയ സംഗീത കുലപതികളും ഈ അനുഗൃഹീത ഗായികയുടെ സ്വരമാധുരി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. കെ എല്‍ സൈഗാളിന്റെ കടുത്ത ആരാധികയായിരുന്ന ഷംസാദ് വളരെ ചെറുപ്പത്തിലേ സംഗീതത്തെ അതിരറ്റ് സ്നേഹിച്ചിരുന്നു. എന്നാല്‍, കടുത്ത യാഥാസ്ഥിതികനായിരുന്ന പിതാവ് ഇവരെ സംഗീതം അഭ്യസിക്കുന്നതില്‍നിന്ന് വിലക്കി. അതേസമയം, പിതൃസഹോദരന്‍ നല്‍കിയ പ്രോത്സാഹനമാണ് ഷംസാദിന് തുണയായത്. തുടര്‍ന്ന് പിതാവിന്റെ സമ്മതത്തോടെതന്നെ ഇവര്‍ ക്സെനോഫോണ്‍ എന്ന റെക്കോഡിങ് കമ്പനിയുമായി കരാറിലേര്‍പ്പെട്ടു. ഒരു പാട്ടിന് 15 രൂപയായിരുന്നു ഷംസാദ് പ്രതിഫലം വാങ്ങിയിരുന്നത്. റെക്കോഡിങ് സമയത്ത് ബുര്‍ഖ ധരിക്കണമെന്നും ക്യാമറയ്ക്കുമുന്നില്‍ പ്രത്യക്ഷപ്പെടരുതെന്നുമുള്ള നിബന്ധനകളോടെയാണ് അച്ഛന്‍ ഷംസാദിന് സമ്മതം നല്‍കിയത്. 1934ല്‍ 15-ാം വയസ്സില്‍ ഗണപത്ലാല്‍ ബട്ടോയുമായുള്ള വിവാഹശേഷവും അച്ഛന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചുതന്നെയായിരുന്നു ഇവരുടെ ജീവിതം. എന്നാല്‍, വെള്ളിവെളിച്ചത്തില്‍നിന്ന് ഒഴിഞ്ഞുമാറിയുള്ള ജീവിതം ഒരിക്കല്‍ ഇവര്‍ക്ക് ദോഷവുംചെയ്തിട്ടുണ്ട്. "മരണ"ത്തിന്റെ രൂപത്തിലായിരുന്നു അത്. ഹിന്ദി ചലച്ചിത്രത്തിലെ സൂപ്പര്‍സ്റ്റാര്‍ ദിലീപ് കുമാറിന്റെ ഭാര്യയും പഴയകാല നായികയുമായ സൈറാബാനുവിന്റെ മുത്തശ്ശി ഷംഷാദ് ബീഗം അന്തരിച്ചപ്പോഴായിരുന്നു ഈ സംഭവം. സിനിമയില്‍ പാടിയിട്ടില്ലെങ്കിലും അവരും സംഗീതജ്ഞയായിരുന്നു. മരിച്ചത് പിന്നണിഗായികയായ ഷംസാദ് ആണെന്ന് ആരാധകര്‍ തെറ്റിദ്ധരിച്ചു. പത്രങ്ങളിലും ഇന്റര്‍നെറ്റിലും മറ്റും അനുസ്മരണക്കുറിപ്പുകളും ലേഖനങ്ങളുംവരെ പ്രസിദ്ധീകരിക്കപ്പെട്ടു. ഒടുവില്‍ സാക്ഷാല്‍ ഷംസാദുതന്നെ വാര്‍ത്താക്കുറിപ്പ് ഇറക്കിയെങ്കിലും കാര്യമായ ഫലംചെയ്തില്ല. 1998 ആഗസ്ത് 10നായിരുന്നു സംഭവം.

deshabhimani

No comments:

Post a Comment