Sunday, April 28, 2013

നേഴ്സുമാര്‍ വീണ്ടും സമരത്തിലേക്ക്


ഡോ. എസ് ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ അട്ടിമറിച്ചതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്‍ (ഐഎന്‍എ) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മെയ് 20ന് സെക്രട്ടറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും.

 ഡോ. എസ് ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കുക, പുരുഷ നേഴ്സുമാര്‍ക്ക് ശതമാനക്കണക്കില്‍ സംവരണം ഏര്‍പ്പെടുത്തുക, കേരള നേഴ്സിങ് രജിസ്ട്രേഷനുള്ള എല്ലാ നേഴ്സുമാര്‍ക്കും മിനിമംവേതനം ഉറപ്പുവരുത്തുക, നേഴ്സുമാരെ ട്രെയ്നി ആക്കി നിര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കുക, വേണ്ടത്ര പ്രായോഗിക പരിശീലനം നല്‍കാത്ത നേഴ്സിങ് സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുക, സ്വകാര്യ ആശുപത്രിയിലെ നേഴ്സുമാര്‍ക്ക് പെന്‍ഷന്‍ പദ്ധതി ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും ഐഎന്‍എ ഉന്നയിച്ചു. ഇവ നടപ്പാക്കിയില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ഡോ. എസ് ബലരാമന്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ മുഴുവന്‍ വ്യവസായ അനുബന്ധ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. നേഴ്സുമാര്‍ക്ക് ഒരു നീതിയും നല്‍കാതെയാണ് സ്വകാര്യ ആശുപത്രികളിലെ ശമ്പളവര്‍ധന പ്രഖ്യാപിച്ചത്. മിനിമംവേതനം നല്‍കാത്ത ആശുപത്രികളുടെ പേരില്‍ നിയമനടപടി സ്വീകരിക്കാന്‍ കഴിയാത്തതരത്തിലാണ് തൊഴില്‍ വകുപ്പ് നടപടി സ്വീകരിച്ചത്. ആശുപത്രികളെ കിടക്കകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കുന്നത് മാനേജ്മെന്റുകള്‍ക്ക് വീണ്ടും ശമ്പളം കുറയ്ക്കാന്‍ അവസരം ഒരുക്കും. നേഴ്സിങ്മേഖലയില്‍ ചൂഷണം തുടരാന്‍ അവസരം ഒരുക്കുന്ന തരത്തിലാണ് വ്യവസായ അനുബന്ധ സമിതി റിപ്പോര്‍ട്ടെന്ന് ഐഎന്‍എ ഭാരവാഹികള്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷിഹാബ്, ജില്ലാ സെക്രട്ടറി എം ഡി സെറിന്‍, കമ്മിറ്റി അംഗം സി വി ജിനു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani

No comments:

Post a Comment