Saturday, April 27, 2013
തെരഞ്ഞെടുപ്പിന്റെ കേളികൊട്ട്
ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന് ഒരുവര്‍ഷംകൂടി കാത്തിരിക്കണം. എന്നാല്‍, കേളികൊട്ട് തുടങ്ങിക്കഴിഞ്ഞു. "വീട് വച്ചിട്ടില്ല. ഭാര്യയെയും കണ്ടെത്തിയിട്ടില്ല. എന്നാല്‍, മകന് പേര് സോമലിംഗം" എന്ന ആന്ധ്രയിലെ ചൊല്ലുപോലെയാണ് ദേശീയ രാഷ്ട്രീയസ്ഥിതി. രണ്ടാം യുപിഎ സര്‍ക്കാരിന് ഭരിക്കാനുള്ള ഭൂരിപക്ഷമില്ലെങ്കിലും അധികാരത്തില്‍നിന്ന് ഇനിയും താഴെയിറങ്ങിയിട്ടിയില്ല. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയിട്ടുമില്ല. എന്നാല്‍, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎയിലും ബിജെപി നേതൃത്വം നല്‍കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിലും ആരാണ് പ്രധാനമന്ത്രിയെന്ന തര്‍ക്കം തുടങ്ങി. മൂന്നാമതൊരു അങ്കത്തിന് ബാല്യമുണ്ടെന്ന് ഒന്നിലധികം തവണ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുതന്നെ വ്യക്തമാക്കിക്കഴിഞ്ഞു. എന്നാല്‍, കോണ്‍ഗ്രസ് വൈസ് പ്രസിഡന്റും നെഹ്റു കുടുംബത്തിലെ അംഗവുമായ രാഹുല്‍ഗാന്ധിയുടെ പേരും അദ്ദേഹത്തിന്റെ അനുയായികള്‍ മുന്നോട്ടുവയ്ക്കുന്നു.
എന്‍ഡിഎയിലാണ് മത്സരം രൂക്ഷം. ആരായിരിക്കണം പ്രധാനമന്ത്രിയെന്ന ചോദ്യത്തില്‍ എന്‍ഡിഎയില്‍മാത്രമല്ല ബിജെപിയിലും പൊരിഞ്ഞ പോരാണ്. മൂന്നുതവണ ഗുജറാത്തില്‍ തുടര്‍ച്ചയായി വിജയിച്ചെന്ന മേന്മ കാട്ടിയാണ് നരേന്ദ്രമോഡി പ്രധാനമന്ത്രിസ്ഥാനത്തിന് മത്സരിക്കുന്നത്. കോര്‍പറേറ്റ് വേദികളിലാണ് മോഡിയും രാഹുലും അവരുടെ "കഴിവുകള്‍" ബോധ്യപ്പെടുത്തുന്നത്. സാമ്പത്തികപ്രതിസന്ധിയുടെ കാലത്ത് കോര്‍പറേറ്റുകള്‍ക്ക് കൊള്ളലാഭം നേടാന്‍ കൂടുതല്‍ ജനവിരുദ്ധനയങ്ങള്‍ നടപ്പാക്കേണ്ടി വരുമെന്നുറപ്പ്. അതിനു പറ്റിയ കരുത്തനായ നേതാവിനെയാണ് കോര്‍പറേറ്റുകള്‍ മോഡിയില്‍ കാണുന്നത്. കോണ്‍ഗ്രസിനെപ്പോലെ മോഡി സംശയിച്ചുനില്‍ക്കില്ലെന്ന ചിന്താഗതിയാണ് കോര്‍പറേറ്റുകളെ മോഡിക്കു പിന്നില്‍ അണിനിരത്താന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍, കോര്‍പറേറ്റുകളുടെ ഈ സംശയം ദൂരീകരിക്കാനാണ് പ്രധാനമന്ത്രിയും ധനമന്ത്രിയും നവ ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കുമെന്ന് ആവര്‍ത്തിക്കുന്നത്.
വലിയ വിഭാഗം കോര്‍പറേറ്റുകളുടെ പിന്തുണ ഉറപ്പാക്കിയെങ്കിലും മോഡിക്ക് ബിജെപിയുടെ പൂര്‍ണ പിന്തുണ ലഭിച്ചെന്നു പറയാനാകില്ല. ജനസംഘത്തിന്റെയും ബിജെപിയുടെയും സ്ഥാപക നേതാക്കളിലൊരാളായ എല്‍ കെ അദ്വാനി, മോഡിയെപ്പോലെ ബഹളംവയ്ക്കുന്നില്ലെങ്കിലും പ്രധാനമന്ത്രിയാകാനുള്ള മോഹം ഉപേക്ഷിച്ചിട്ടില്ല. 2009ലെ തെരഞ്ഞെടുപ്പില്‍ അഭിനവ സര്‍ദാര്‍പട്ടേല്‍ എന്ന പ്രതിഛായയുമായി അദ്വാനി പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും ജനങ്ങള്‍ അദ്ദേഹത്തെ സ്വീകരിച്ചില്ല. ആറുവര്‍ഷംമുമ്പ് പാര്‍ലമെന്ററി ബോര്‍ഡില്‍നിന്ന് മാറ്റി ഗുജറാത്തില്‍ ഒതുക്കിയ മോഡിയെ അതേ പാര്‍ലമെന്ററി ബോര്‍ഡിലേക്കെടുത്ത് ദേശീയതലത്തിലേക്ക് വീണ്ടും കൊണ്ടുവന്നത് രാജ്നാഥ്സിങ്ങാണ്. എന്നാല്‍, സുഷമസ്വരാജും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാനും യശ്വന്ത് സിന്‍ഹയും ജസ്വന്ത് സിങ്ങും ഉമാഭാരതിയും വിനയ് കത്യാറും മറ്റും മോഡിയെ പ്രധാനമന്ത്രിസ്ഥാര്‍ഥിയാക്കുന്നതിനെ എതിര്‍ക്കുന്നു. മോഡി ദേശീയ നേതൃത്വത്തിലേക്ക് വന്നാല്‍ തങ്ങളുടെയൊക്കെ ഭാവി എന്താകുമെന്ന ആശങ്കയാണ് പല നേതാക്കളെയും അലട്ടുന്നത്.
മോഡിയുടെ തീവ്ര ഹിന്ദുത്വ മുഖത്തിലൂടെ മാത്രമേ അല്‍പ്പമെങ്കിലും വോട്ട് നേടാനാകൂ എന്നതാണ് ബിജെപി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ഈ വഴി നേടുമ്പോഴാണ് ഐക്യജനതാദള്‍പോലുള്ള സഖ്യകക്ഷികളെ നഷ്ടപ്പെടുകയെന്ന ഭീഷണി നിലനില്‍ക്കുന്നത്. മതേതരമുഖമുള്ളയാളായിരിക്കണം എന്‍ഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്നും എല്ലാവിഭാഗം ജനങ്ങളെയും ഒന്നിച്ചുകൊണ്ടുപോകാന്‍ കഴിയുന്നയാളായിരിക്കണം സ്ഥാനാര്‍ഥിയെന്നും കഴിഞ്ഞ 14ന് ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ജനറല്‍കൗണ്‍സിലില്‍ സംസാരിക്കവെ നിതീഷ് കുമാര്‍ പറഞ്ഞു. പ്രധാനമന്ത്രി സ്ഥാനര്‍ഥിയെ മുന്‍കൂട്ടി പ്രഖ്യാപിക്കണമെന്നും നിതീഷ് ആവശ്യപ്പെട്ടു. മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കാനുള്ള ബിജെപി മോഹത്തിനാണ് ഇതോടെ തിരിച്ചടിയേറ്റത്. മോഡിയെ സ്ഥാനാര്‍ഥിയാക്കിയാല്‍ ബിഹാറില്‍നിന്ന് അദ്ദേഹത്തെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് പിന്തുണയ്ക്കാന്‍ എംപിമാരുണ്ടാകില്ലെന്നത് ബിജെപിക്ക് എളുപ്പം ദഹിക്കാന്‍ കഴിയുന്ന കാര്യമല്ല. നിലവില്‍ ബിഹാറില്‍നിന്നുള്ള 40 സീറ്റില്‍ 20 എണ്ണം ഐക്യജനതാദളിനും എട്ടെണ്ണം ബിജെപിക്കുമാണ്. നിതീഷ് കുമാറിന്റെ ഐക്യജനതാദള്‍കൂടി എന്‍ഡിഎ വിട്ടാല്‍ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലെ ശുഷ്കമായ മുന്നണിയായി എന്‍ഡിഎ മാറും. ശിവസേനയും അകാലിദളും മാത്രമായിരിക്കും എന്‍ഡിഎയില്‍ അവശേഷിക്കുക. ഇത്തരമൊരു സഖ്യവുമായി തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ മോഡിക്കെന്നല്ല ആര്‍ക്കും പ്രധാനമന്ത്രിയാകാന്‍ കഴിയില്ലെന്നര്‍ഥം.
മോഡിയെ ബിജെപി ഉയര്‍ത്തിക്കാട്ടുന്നത് ഹിന്ദുത്വവോട്ട് ഉറപ്പിക്കാനാണെങ്കില്‍ മോഡിയെ നിതീഷ് തള്ളിപ്പറയുന്നത് ന്യൂനപക്ഷവോട്ടുകള്‍ ലക്ഷ്യംവച്ചാണ്. മോഡിക്ക് പ്രധാനമന്ത്രിക്കസേരയാണ് നിലനിര്‍ത്തേണ്ടതെങ്കില്‍ നിതീഷിന് മുഖ്യമന്ത്രിക്കസേരയാണ് ആദ്യം ഉറപ്പിച്ച് നിര്‍ത്തേണ്ടത്. ബിഹാറിലെ മാറിമറിയുന്ന രാഷ്ട്രീയ സമവാക്യങ്ങളാണ് യഥാര്‍ഥത്തില്‍ നിതീഷിന്റെ മോഡി വിരുദ്ധതയ്ക്ക് കാരണം. 2005ല്‍ ലാലുവിന്റെ എം-വൈ (മുസ്ലിം-യാദവ്) സമവാക്യം തകര്‍ത്താണ് നിതീഷ് കുമാര്‍ ആദ്യം മുഖ്യമന്ത്രിയായത്. 11 ശതമാനം വരുന്ന യാദവവോട്ടുകളും 17 ശതമാനം വരുന്ന മുസ്ലിങ്ങളുമാണ് 15 വര്‍ഷം ബിഹാര്‍ ഭരിക്കാന്‍ ലാലുവിന് അവസരം നല്‍കിയത്. ലാലുപ്രസാദ് യാദവിന്റെ മുസ്ലിംവോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കി പിന്നോക്ക മുസ്ലിങ്ങളെ കൂടെ നിര്‍ത്തിയാണ് നിതീഷ്കുമാര്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുന്നത്. 33.5 ശതമാനം വരുന്ന അതിപിന്നോക്കവിഭാഗത്തെയും പസ്വാന്‍ ഒഴിച്ചുള്ള മഹാദളിതരെയും നിതീഷ് സമര്‍ഥമായി കൂടെനിര്‍ത്തിയാണ് ലാലുവിന്റെ എം-വൈ സമവാക്യത്തെ അട്ടിമറിച്ചത്. നിതീഷിന്റെ സ്വന്തം ജാതിയായ കുര്‍മികള്‍ നാലു ശതമാനം മാത്രമാണ് എന്നതിനാലാണ് പുതിയ രാഷ്ട്രീയ കൂട്ടുകെട്ടിന് നിതീഷ് ശ്രമിച്ചത്.
ബിജെപിയുടെ 14 ശതമാനം വരുന്ന സവര്‍ണ- ബനിയ വോട്ടുകളുടെ സഹായമില്ലാതെ നിതീഷ്കുമാറിന് അധികാരത്തിലെത്താന്‍ കഴിയുമായിരുന്നില്ല. അതിനാലാണ് 1995 മുതല്‍ ബിജെപിയുമായി കൂട്ടുകൂടാന്‍ നിതീഷ് തയ്യാറായത്. ഐപിഎഫുമായുള്ള സഖ്യം ഉപേക്ഷിച്ചാണ് സമതാപാര്‍ടി നേതാവായിരുന്ന നിതീഷ്കുമാര്‍ ബിജെപിയുമായി സഖ്യം സ്ഥാപിച്ചത്. അതായത്, ബിജെപിയുടെ സഹായത്തോടെയാണ് നിതീഷ്കുമാര്‍ അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ നുണയാന്‍ തുടങ്ങിയതെന്നു സാരം. വാജ്പേയി മന്ത്രിസഭയില്‍ ആദ്യം കൃഷിമന്ത്രിയായും പിന്നീട് റെയില്‍വേ മന്ത്രിയായും നിതീഷ്കുമാര്‍ പ്രവര്‍ത്തിച്ചു. 2002 ഫെബ്രുവരിയില്‍ ഗോധ്രയിലും ഗുജറാത്തിലെ മറ്റിടങ്ങളിലും മുസ്ലിങ്ങള്‍ക്കെതിരെ മോഡിയുടെ നേതൃത്വത്തില്‍ വംശഹത്യ നടന്നപ്പോള്‍ റെയില്‍മന്ത്രിയെന്ന നിലയില്‍ ബിജെപിക്കൊപ്പം നിന്നയാളാണ് നിതീഷ്കുമാര്‍. അന്ന് മോഡിക്കെതിരെ ശബ്ദിക്കാതിരുന്ന നിതീഷ് ഇപ്പോള്‍ മോഡിക്കെതിരെ കടുത്ത നിലപാട് എടുക്കുന്നതും ബിഹാറിലെ രാഷ്ട്രീയ പശ്ചാത്തലത്തിലാണെന്നു കാണാം.
ഒഡിഷയില്‍ നവീന്‍ പട്നായിക് നടത്തിയ പരീക്ഷണത്തില്‍ നിതീഷിനും താല്‍പ്പര്യമുണ്ടെന്നാണ് ഒരു വിലയിരുത്തല്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പാണ് സഖ്യകക്ഷിയായ ബിജെപിയെ ഉപേക്ഷിച്ച് നവീന്‍ പട്നായിക്കിന്റെ ബിജെഡി നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിച്ചതും വിജയിച്ചതും. തുടര്‍ന്നുള്ള ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെഡി വിജയം ആവര്‍ത്തിച്ചു. അതുപോലെ ബിജെപിയെ ഉപേക്ഷിച്ച് തനിച്ച് വിജയം നേടുകയെന്നത് നിതീഷിന്റെയും സ്വപ്നമാണ്. ഈ ലക്ഷ്യംവച്ചാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുവേളയില്‍ മോഡി ബിഹാറില്‍ പ്രചാരണം നടത്തുന്നതിനെതിരെ നിതീഷ് രംഗത്തെത്തിയത്. പട്നയില്‍ ബിജെപി നിര്‍വാഹകസമിതി യോഗം നടക്കവെ മോഡിക്കൊപ്പം നിതീഷിന്റെയും പടംവച്ചുകൊണ്ടുള്ള പോസ്റ്റര്‍ പതിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി നേതാക്കള്‍ക്കുള്ള അത്താഴംപോലും നിതീഷ് റദ്ദാക്കുകയുണ്ടായി. ലാലുവില്‍നിന്ന് അകന്ന മുസ്ലിംവോട്ട് കോണ്‍ഗ്രസിലേക്ക് പോകാതെ പരമാവധി തന്റെ പക്ഷത്തേക്ക് നിര്‍ത്താനാണ് നിതീഷ് അന്ന് ശ്രമിച്ചത്. എന്നാല്‍, ഈ പൊടിക്കൈകൊണ്ടുമാത്രം ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാനാകില്ലെന്നു കണ്ടാണ് മോഡിക്കെതിരെയുള്ള ആക്രമണം നിതീഷ് ശക്തമാക്കിയത്. മോഡിക്കെതിരെയുള്ള വോട്ടുകള്‍ കോണ്‍ഗ്രസിലേക്കും ലാലുപക്ഷത്തേക്കും പോകാതെ സ്വപക്ഷത്തേക്ക് നിര്‍ത്തുകതന്നെയാണ് നിതീഷിന്റെ ലക്ഷ്യം. തൃണമൂല്‍ കോണ്‍ഗ്രസും ഡിഎംകെയും മറ്റും യുപിഎ വിടുന്ന ഘട്ടത്തില്‍ മുങ്ങിത്താഴുന്ന ആ മുന്നണിക്കൊപ്പം നിതീഷ് പോകാനുള്ള സാധ്യത വിരളമാണുതാനും. അതായത്, മോഡി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായതുകൊണ്ട് കോണ്‍ഗ്രസിന് ബിഹാറില്‍ എന്തെങ്കിലും മെച്ചമുണ്ടെങ്കില്‍ നിതീഷിന്റെ പുതിയ നീക്കത്തോടെ അതില്ലാതാകും. മാത്രമല്ല, ബിജെപിയുമായുള്ള വേര്‍പിരിയല്‍ നടന്നാല്‍ പഞ്ചകോണമത്സരമാണ് ബിഹാറില്‍ നടക്കുകയെന്നും നിതീഷ് കരുതുന്നു. കോണ്‍ഗ്രസ്, ലാലു-പസ്വാന്‍ സഖ്യം, കോണ്‍ഗ്രസ്, ഇടതുപക്ഷ പാര്‍ടികള്‍ എന്നിവ പ്രത്യേകമായി മത്സരിച്ചാല്‍ ഐക്യജനതാദളിന് മുന്‍തൂക്കം ലഭിക്കും. മാത്രമല്ല, ബിജെപിയുമായുള്ള ബന്ധം വിടര്‍ത്തിയാലും ബിഹാറിലെ നിതീഷ് സര്‍ക്കാരിന് തല്‍ക്കാലം പോറല്‍ ഏല്‍ക്കുകയുമില്ല. 243 അംഗ സഭയില്‍ ഐക്യജനതാദളിന് 118 സീറ്റുണ്ട്. അതായത്, കേവല ഭൂരിപക്ഷമുണ്ടെന്നര്‍ഥം. ഈ സാഹചര്യത്തിലാണ് മോഡിയെ അതിനിശിതമായി വിമര്‍ശിക്കാന്‍ നിതീഷ് ധൈര്യം കാട്ടിയത്. എന്‍ഡിഎക്ക് നേതൃത്വം നല്‍കുന്നത് ബിജെപിയാണെങ്കിലും താന്‍ പറയുന്നതനുസരിച്ചായിരിക്കണം മുന്നണി പ്രവര്‍ത്തിക്കേണ്ടതെന്ന വ്യക്തമായ സന്ദേശമാണ് നിതീഷ് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്. ഇതിനു വഴങ്ങി ബിജെപി നില്‍ക്കുമോ എന്നകാര്യം വരും ദിവസങ്ങളില്‍ കാണാം.
വി ബി പരമേശ്വരന്‍ deshabhimani 270413
Subscribe to:
Post Comments (Atom)
No comments:
Post a Comment