പ്രശ്ന പരിഹാരത്തിനുള്ള ബുദ്ധി ഇരു രാജ്യങ്ങള്‍ക്കും ഉണ്ട്: ചൈന
ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനുള്ള കഴിവും ബുദ്ധിശക്തിയും ഇരു രാജ്യങ്ങള്‍ക്കുമുണ്ടെന്ന് ചൈന വെള്ളിയാഴ്ച പ്രതികരിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ വളരെയടുത്ത ആശയവിനിമയമാണ് നടക്കുന്നതെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുന്‍യിങ് പറഞ്ഞു. സൗഹാര്‍ദപരമായ സംഭാഷണങ്ങളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് വക്താവ് പറഞ്ഞു.
ഇതേസമയം ചൈനയുമായി വിവിധ തലങ്ങളില്‍ ചര്‍ച്ച നടത്തുമെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി വ്യക്തമാക്കി. ലഡാക്കിന്റെ കിഴക്കുഭഭാഗത്ത് ചൈന അതിര്‍ത്തി ലംഘിച്ചെന്ന വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ചൈനയുടെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം ലി കിക്വിയാങ് നടത്തുന്ന ആദ്യത്തെ വിദേശപര്യടനത്തിന് ഇന്ത്യയെ തെരഞ്ഞെടുത്തത് ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനാണെന്നും ഈ സന്ദര്‍ശനത്തിനു മേല്‍ കരിനിഴല്‍ വീഴ്ത്താനാണ് ഇപ്പോഴുള്ള വിവാദങ്ങള്‍ ഇടയാക്കുന്നതെന്ന് പെക്കിങ് സര്‍വകലാശാലയിലെ ദക്ഷിണേഷ്യാ വിദഗ്ധ ഹാന്‍ ഹുവ പറഞ്ഞു. അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് മാധ്യമങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ വരുന്നത് ആദ്യമല്ല. എന്നാല്‍, ഇപ്പോള്‍ അനവസരത്തിലാണ് ഇത്തരം വിവാദം ഉണ്ടായിരിക്കുന്നത്. ചൈനീസ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് മുമ്പ് ഈ വിവാദമുണ്ടായത് ഉചിതമായില്ലെന്നും ഹാന്‍ ഹുവ പറഞ്ഞു.
ചൈനീസ് മാധ്യമങ്ങളില്‍ ലഡാക്കിലെ അതിര്‍ത്തിപ്രശ്നം വലിയ വാര്‍ത്തയായില്ല. എന്നാല്‍, ഇന്ത്യന്‍ മാധ്യമങ്ങളില്‍ ഇത് സജീവ ചര്‍ച്ചയാണ്. ഇന്ത്യന്‍ വിദേശമന്ത്രിയുടെ ചൈനാ സന്ദര്‍ശനത്തിനും ചൈനീസ് പ്രധാനമന്ത്രിയുടെ നിര്‍ദിഷ്ട ഇന്ത്യാ സന്ദര്‍ശനത്തിനും മുമ്പാണ് അതിര്‍ത്തിയില്‍ പ്രശ്നമാണെന്ന വാര്‍ത്ത പ്രചരിച്ചതും അതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതും. എന്നാല്‍, ഈ വിഷയത്തില്‍ ബിജെപിയും എസ്പിയും പോലുള്ള പാര്‍ടികളും പ്രകോപനപരമായ പ്രസ്താവനകളാണ് നടത്തുന്നത്. ചൈനയാണ് ഇന്ത്യക്ക് ഏറ്റവും വലിയ വെല്ലുവിളിയെന്നും താന്‍ ഏറെക്കാലമായി ഇത് പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും സമാജ്വാദി പാര്‍ടി നേതാവ് മുലായംസിങ് യാദവ് പറഞ്ഞു.
(വി ജയിന്‍)
അതിര്‍ത്തിയിലെ പ്രശ്നം ചര്‍ച്ചചെയ്ത് പരിഹരിക്കും: ഇന്ത്യ, ചൈന
ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ ചൈനീസ് സൈന്യം ഇന്ത്യന്‍ ഭാഗത്തേക്ക് കടന്നുവെന്ന ആരോപണത്തെക്കുറിച്ച് ചര്‍ച്ചചെയ്യാമെന്ന് ചൈന സമ്മതിച്ചു. അതിര്‍ത്തിയിലെ സമാധാനത്തെയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെയും ബാധിക്കാത്ത വിധം പ്രശ്നം ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ കഴിയുമെന്ന് ചൈനീസ് സര്‍ക്കാര്‍ വ്യാഴാഴ്ച അറിയിച്ചു. മെയ് ഒമ്പതിന് ആരംഭിക്കുന്ന ചൈനീസ് സന്ദര്‍ശനത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്യുമെന്ന് ഇന്ത്യന്‍ വിദേശമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.
ഏപ്രില്‍ 15ന് കിഴക്കന്‍ ലഡാക്കിലെ ബുര്‍തെ മേഖലയില്‍ ചൈനീസ് സൈന്യം പത്ത് കിലോമീറ്റര്‍ ഉള്ളിലേക്ക് കയറി ഇന്ത്യന്‍ മേഖലയില്‍ നിലയുറപ്പിച്ചുവെന്ന് വാര്‍ത്തയുണ്ടായിരുന്നു. ഇത്തരം പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും ചേര്‍ന്നുള്ള സ്ഥിരം സംവിധാനമുണ്ടെന്നും അതുവഴി പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ കഴിയുമെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. കൃത്യമായി അതിര്‍ത്തി രേഖപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ ഈ മേഖലയില്‍ ഇത്തരം പ്രശ്നമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുന്‍യിങ് പതിവു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത്തരം പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ഇരു രാജ്യങ്ങളും ചര്‍ച്ച നടത്തി പരിഹരിക്കുകയാണ് പതിവ്. ഇരു രാജ്യങ്ങളുടെയും സാധാരണ ബന്ധത്തെയോ അതിര്‍ത്തിയിലെ സ്ഥിതിയെയോ അത് ബാധിക്കില്ല. അതിര്‍ത്തിയില്‍ സംഘര്‍ഷത്തിന് ചൈന പ്രകോപനമുണ്ടാക്കുന്നുവെന്ന മട്ടിലുള്ള പ്രചാരണം അദ്ദേഹം നിഷേധിച്ചു. ഇരുരാജ്യങ്ങളുടെയും സൈനിക ഉദ്യോഗസ്ഥരടങ്ങുന്ന ഫ്ളാഗ് മീറ്റിങ് കൂടാന്‍ തീരുമാനിച്ചു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പാകത്തില്‍ മാധ്യമങ്ങള്‍ ക്ഷമ കാട്ടുകയുംഅനുകൂല അന്തരീക്ഷമുണ്ടാക്കുകയും വേണം. ചൈനീസ് സൈന്യം അതിര്‍ത്തി ലംഘിച്ചിട്ടില്ലെന്നും ചുന്‍യിങ് പറഞ്ഞു.
ചൈനീസ് പ്രധാനമന്ത്രി ലീ കെക്വിയാങ്ങിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനു മുമ്പാണ് ഇന്ത്യന്‍ വിദേശമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ചൈന സന്ദര്‍ശിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയ്ക്കുള്ള ഒരുക്കങ്ങള്‍ക്കാണിത്. പ്രതിരോധമന്ത്രി എ കെ ആന്റണി മേയിലോ ജൂണിലോ ചൈന സന്ദര്‍ശിച്ചേക്കും. ഉത്തരമേഖലാ കമാന്‍ഡിലെ സൈനികോദ്യോഗസ്ഥരില്‍നിന്ന് വിവരങ്ങള്‍ ഗ്രഹിച്ചശേഷം കരസേനാ മേധാവി വിക്രംസിങ് പ്രതിരോധമന്ത്രി എ കെ ആന്റണിയെ സ്ഥിതിഗതികള്‍ ധരിപ്പിച്ചു. ഏപ്രില്‍ 15നുശേഷം 5 ലഡാക് സ്കൗട്ട്സ് ബറ്റാലിയനില്‍നിന്ന് സൈനികരെ കിഴക്കന്‍ ലഡാക്കിലേക്ക് അയച്ചു. ആവശ്യമെങ്കില്‍ കുടുതല്‍ സൈനികരെ അവിടേക്ക് നിയോഗിക്കും.
deshabhimani
No comments:
Post a Comment