Friday, April 26, 2013

ചന്ദ്രശേഖരന്‍ വധക്കേസ്: ഒമ്പത് സാക്ഷികളെ വിസ്തരിച്ചു


ടി പി ചന്ദ്രശേഖരന്‍ കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ഒമ്പത് സാക്ഷികളെ വ്യാഴാഴ്ച പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിസ്തരിച്ചു. വിവിധ മൊെബൈല്‍ കമ്പനികളുടെ കോള്‍ ഡാറ്റ റെക്കോഡ് ശേഖരിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയ കോഴിക്കോട് റൂറല്‍ ക്രൈം ഡിറ്റാച്ച്മെന്റ് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വി മമ്മുക്കുട്ടിയെയാണ് ആദ്യം വിസ്തരിച്ചത്. ഡിവൈഎസ്പി കെ വി സന്തോഷ് ആവശ്യപ്പെട്ട പ്രകാരമാണ് വിവരങ്ങള്‍ ശേഖരിച്ചുനല്‍കിയതെന്നും ഏതൊക്കെ നമ്പറുകളുടെ വിവരം നല്‍കിയെന്ന് നോക്കാതെ പറയാനാവില്ലെന്നും ക്രോസ് വിസ്താരത്തില്‍ മമ്മുക്കുട്ടി മൊഴി നല്‍കി.

കേസുമായി ബന്ധമുള്ള വിവിധ കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് പൊലീസിന് നല്‍കിയ തലശേരി മുനിസിപ്പാലിറ്റി റവന്യൂ ഓഫീസര്‍ പി വിലാസിനി, ചൊക്ലി ഗ്രാമപഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് ഭാസ്കരന്‍, കൂത്തുപറമ്പ് മുനിസിപ്പാലിറ്റി സൂപ്രണ്ട് കെ ചന്ദ്രഭാനു, കതിരൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പ്രദീപന്‍, മാഹി മുനിസിപ്പാലിറ്റി കമീഷണര്‍ കെ രജീഷ്, ന്യൂമാഹി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ അജിത്കുമാര്‍, കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്‍ പവിത്രന്‍, പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്‍ എം പ്രസീത എന്നിവരെയും വിസ്തരിച്ചു. സര്‍ട്ടിഫിക്കറ്റ് നല്‍കിയ കെട്ടിടങ്ങളില്‍ ആരാണ് താമസിക്കുന്നതെന്ന് അറിയില്ലെന്ന് സാക്ഷികള്‍ ക്രോസ് വിസ്താരത്തില്‍ ബോധിപ്പിച്ചു. പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ ബി രാമന്‍പിള്ള, പി വി ഹരി എന്നിവരും പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി കെ ശ്രീധരനും സാക്ഷികളെ വിസ്തരിച്ചു. അഴിയൂര്‍ വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് മുരളീശങ്കര്‍, അഴിയൂര്‍ വില്ലേജ് ഓഫീസര്‍ എം ശിവദാസന്‍, അഴിയൂര്‍ ഗ്രാമപഞ്ചായത്ത് സ്പെഷ്യല്‍ ഗ്രേഡ് സെക്രട്ടറി വിനോദ്കുമാര്‍ എന്നിവരെ പ്രോസിക്യൂഷന്‍ വിസ്തരിക്കുന്നതില്‍നിന്ന് ഒഴിവാക്കി.

deshabimani 260413

No comments:

Post a Comment