Monday, April 29, 2013

ക്യൂബയും വെനസ്വേലയും 51 പദ്ധതിക്ക് കരാര്‍ ഒപ്പിട്ടു



ക്യൂബയുമായി ഹ്യൂഗോ ഷാവേസ് തുടങ്ങിവച്ച സൗഹൃദവും സഹകരണവും കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളസ് മഡുറോ. ഷാവേസിന്റെ പിന്‍ഗാമിയായി അധികാരമേറ്റശേഷം ഇതാദ്യമായി ക്യൂബയിലെത്തിയ മഡുറോയ്ക്ക് പ്രസിഡന്റ് റൗള്‍ കാസ്ട്രോയുടെ നേതൃത്വത്തില്‍ ഉജ്വല വരവേല്‍പ്പ് ലഭിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ 51 സംയുക്ത പദ്ധതികള്‍ക്കുള്ള കരാറില്‍ പ്രസിഡന്റുമാര്‍ ഒപ്പിട്ടു. ക്യൂബന്‍ വിപ്ലവനായകന്‍ ഫിദല്‍ കാസ്ട്രോയെ സന്ദര്‍ശിച്ച മഡുറോ അഞ്ച് മണിക്കൂറോളം അദ്ദേഹത്തിനൊപ്പം ചെലവിട്ടു. ഷാവേസിന്റെ സ്മരണ പങ്കുവച്ച ഇരുവരും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ചര്‍ച്ചചെയ്തു.

ഈ വര്‍ഷം സാമൂഹ്യവികസനത്തിന് 200 കോടി ഡോളര്‍(11000 കോടിയോളം രൂപ) ഇരുരാജ്യങ്ങളും സംയുക്തമായി ചെലവിടുമെന്ന് മഡുറോ മാധ്യമങ്ങളോട് പറഞ്ഞു. "ക്യൂബയിലെയും വെനസ്വേലയിലെയും ലാറ്റിനമേരിക്കയിലെയും ജനങ്ങളോട് ഞങ്ങള്‍ കൂടുതല്‍ യോജിപ്പോടെ പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിക്കുകയാണ്. കാലാതിവര്‍ത്തിയായ ഈ ബന്ധം ഒരു സഖ്യമെന്നതിനപ്പുറം സഹോദര്യമാണ്"- മഡുറോ പറഞ്ഞു. അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള ഉഭയകക്ഷി സാമ്പത്തിക അജന്‍ഡയിലും ഇരുരാജ്യങ്ങളും ഒപ്പിട്ടതായി റൗള്‍ കാസ്ട്രോ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ എണ്ണശേഖരമുള്ള വെനസ്വേലയുടെ സഹായം ക്യൂബയുടെ പുരോഗതിക്ക് നിര്‍ണായകമാണ്. പ്രതിദിനം 1.1 ലക്ഷം വീപ്പ എണ്ണയാണ് കുറഞ്ഞ നിരക്കില്‍ ക്യൂബക്ക് വെനസ്വേല നല്‍കുന്നത്. വെനസ്വേലയില്‍ ആരോഗ്യരംഗത്ത് 44,000 വിദഗ്ധ ക്യൂബക്കാര്‍ സേവനമനുഷ്ടിക്കുന്നതിന് പ്രതിഫലമായാണിത്. നിലവില്‍ മുപ്പതിലേറെ സംയുക്ത സംരംഭങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലുണ്ട്. ഇതിലേറെയും വെനസ്വേലയിലാണ്. ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, സംസ്കാരം, സാമ്പത്തികം തുടങ്ങിയ വിവിധ മേഖലകളിലെ സംരംഭങ്ങള്‍ ചര്‍ച്ചചെയ്യാന്‍ 2000ല്‍ ഇരുരാജ്യങ്ങളും അന്തര്‍സര്‍ക്കാര്‍ കമീഷനെ നിയോഗിച്ചിരുന്നു.

deshabhimani 290413

No comments:

Post a Comment