Monday, April 29, 2013

നാരിയല്‍ കാ പാനിയും പാളീസായ യാത്രയും


"അരേ ബായി പാനീ ലാവോനാാാ..." അഭിനവ പ്രധാനമന്ത്രിയുടെ മുരള്‍ച്ചകേട്ട് തൂവെള്ള വസ്ത്രധാരികള്‍ മേലോട്ടുനോക്കി. ചിലര്‍ കണ്ണുമിഴിച്ചു. ഉത്തരേന്ത്യയില്‍നിന്നെത്തിയ യശ്വന്ത് സഹായ്ജി "നാരിയല്‍ കാ പാനി" ചോദിച്ചപ്പോള്‍ സിനിമയില്‍ പൊതുവാള്‍ജി വിയര്‍ത്തതുപോലെത്തന്നെ. "ക്യാ.." ഒരു ഛോട്ടാ നേതാവ് ചോദിച്ചു. "പീനേ കേലിയെ ടണ്ടാ പാനി ലാവോനാ..." മറുപടി കേട്ടതോടെ ചോദ്യകര്‍ത്താവ്തലകുനിച്ചിരുന്നു. മറ്റൊരാള്‍ അല്‍പ്പം നീട്ടി ചോദിച്ചു. "ക്യാ, ക്യാ..." ഇത്തവണ മറുപടി ആംഗ്യത്തിലായിരുന്നു. അതോടെ ചിലര്‍ക്ക് ആവശ്യം പിടികിട്ടി. ""സംഗതി മറ്റവന്‍ വേണമെന്നാണ്"" അവര്‍ അടക്കംപറഞ്ഞു. ഇത്രയും പേരുടെ മുന്നില്‍വച്ചോ എന്ന സംശയത്തോടെ മൂക്കത്ത് വിരല്‍വച്ചു. സാധിക്കാതെങ്ങനെ? ഹൈക്കമാന്‍ഡല്ലേ പറയുന്നത്. പക്ഷേ എത്രയെണ്ണം വേണമെന്ന് എങ്ങനെ ചോദിക്കും. ചോദ്യം ഹിന്ദിയില്‍ വേണ്ടേ. "വിദ്യാഭ്യാസമുള്ള ഒരുത്തനും നമ്മുടെ പാര്‍ടിയിലില്ലേ" എന്ന് ഒരാള്‍ അലറി. അതോടെ പ്രസംഗം നിര്‍ത്തി നമ്മുടെ ഡല്‍ഹിപുത്രന്‍ നാടുവിട്ടു.

ആശാന്റെ ഒരു മണിക്കൂര്‍ ക്ലാസ് സഹിച്ചതിന്റെ വേദന കടിച്ചമര്‍ത്തി എടങ്ങേറാകുമ്പോഴാണ് ദേ അടുത്ത ആള്‍. സാക്ഷാല്‍ പാര്‍ടി അധ്യക്ഷന്‍. അതും വെറും വരവല്ല, പാര്‍ടിയെ രക്ഷിക്കാനുള്ള യാത്രയിലാണ് ഇഷ്ടന്‍. യാത്രയങ്ങ് തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും "പുതുപ്പള്ളിയുടെ പ്രിയപുത്രന്‍" വീട്ടിലിരിക്കേണ്ടി വരുമെന്നാണ് അടുക്കള സംസാരം. പാര്‍ടി അധ്യക്ഷന്‍ വന്നാല്‍ സ്വന്തം ഗ്രൂപ്പുകാര്‍തന്നെ ഏറ്റെടുക്കണമെന്നാണ് മറുപക്ഷ വാദം. അതുകൊണ്ട് യാത്രയുടെ പേരില്‍ പിരിച്ചെടുക്കാന്‍ പറഞ്ഞ കാശിന് തല്‍ക്കാലം നാടുതെണ്ടേണ്ടതില്ലെന്ന് അധ്യക്ഷന്റെ എതിര്‍ ഗ്രൂപ്പുകാര്‍ തീരുമാനിച്ചു. സ്വതേ ദുര്‍ബലം ഇപ്പോള്‍ ഗര്‍ഭിണി എന്നതുപോലായി കേരളയാത്രയുടെ സ്ഥിതി. എവിടെയും ആളില്ല. വേദിയിലെ കസേരകള്‍ എടുത്തുമാറ്റിയാണ് പാര്‍ടിക്കാര്‍ മിക്കയിടത്തും മാനം കാത്തത്. കസേരകള്‍ ഒഴിഞ്ഞുകിടന്നാല്‍ പത്രക്കാര്‍ വെറുതെവിടില്ലെന്ന് ഇവര്‍ക്ക് നന്നായറിയാം. അങ്ങനെ ഒരുവിധം യാത്ര കുറ്റിപ്പുറം പാലം കടന്നപ്പോള്‍ ദീര്‍ഘനിശ്വാസം വിട്ടിരിക്കുമ്പോഴാണ് അടുത്ത ഇണ്ടാസ് വരുന്നത്. പാര്‍ടി അധ്യക്ഷന്റെ യാത്ര പൊളിച്ചതിന്, പറഞ്ഞ പണം പിരിക്കാത്തതിനാല്‍ മണ്ഡലം കമ്മിറ്റികള്‍ പിരിച്ചുവിട്ട് ഡിസിസി പ്രസിഡന്റിന്റെ കത്ത്. അതുകിട്ടിയ മണ്ഡലം പ്രസിഡന്റുമാരെല്ലാം ഉള്ളാല്‍ ചിരിച്ചു. ഇതൊക്കെയെന്ത് എന്ന മട്ടില്‍.

deshabhimani 290413

No comments:

Post a Comment