Sunday, April 28, 2013
മാധ്യമങ്ങള്‍ കോര്‍പറേറ്റുകളുടെ ആയുധമായി: എന്‍ എസ് മാധവന്‍
കൊച്ചി: കോര്‍പറേറ്റ് സ്വാധീനം മാധ്യമങ്ങളുടെ ധാര്‍മികത ഇടിച്ചെന്ന് പ്രശസ്ത എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ പറഞ്ഞു. ഇന്ത്യയില്‍ വന്‍കിട കോര്‍പറേറ്റുകള്‍ നേരിട്ടുനടത്തിയ മാധ്യമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. അത്തരക്കാര്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ആയുധമായി ഇപ്പോള്‍ മാധ്യമങ്ങളെ പ്രയോജനപ്പെടുത്തുകയാണെന്നും എന്‍ എസ് മാധവന്‍ പറഞ്ഞു. എസ്എസ്എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന മാധ്യമ സംസ്കാരങ്ങളും ജനാധിപത്യവും എന്ന സംവാദം ഉല്‍ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങള്‍ പണത്തിനുവേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാകുമെന്നതിന്റെ ഉദാഹരണമാണ് നീരാ റാഡിയ വിവാദം. വാര്‍ത്തകള്‍ അവതരിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് വകതിരിവില്ല. ചിലപ്പോള്‍ കഥയായിട്ടാകും വാര്‍ത്തകള്‍ വരുന്നത്. അച്ചടിമാധ്യമങ്ങള്‍ മാത്രമായിരുന്നപ്പോള്‍ വാര്‍ത്തകള്‍ അറിയാന്‍ മണിക്കൂറുകള്‍ കാത്തിരിക്കണമായിരുന്നു. ഇന്ന് ഒരാള്‍ മരിച്ചാല്‍ ഏഴുമിനിറ്റിനുള്ളില്‍ അയാള്‍ ചരിത്രമാകുന്നു. വിക്കിപീഡിയയിലെ അദ്ദേഹത്തിന്റെ ജീവചരിത്രം ഏഴു മിനിറ്റിനുള്ളില്‍ തിരുത്തപ്പെടുന്നു എന്നാണ് അമേരിക്കയിലെ ഒരു സര്‍വെ വെളിപ്പെടുത്തിയത്. പത്ര, ഇലക്ട്രോണിക് മാധ്യമങ്ങളെക്കാള്‍ വേഗത്തില്‍ വളരുന്നത് ഇന്റര്‍നെറ്റ് മാധ്യമങ്ങളാണ്. സാങ്കേതികവിദ്യയിലെ കുതിപ്പുകള്‍ പ്രയോജനപ്പെടുത്തുന്നതോടൊപ്പം മാധ്യമങ്ങള്‍ ധാര്‍മികത കൈവിടാതെ സൂക്ഷിക്കണമെന്നും എന്‍ എസ് മാധവന്‍ പറഞ്ഞു.
ജനാധിപത്യവും ആഗോള മൂലധന താല്‍പ്പര്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായ സാഹചര്യത്തില്‍ മാധ്യമങ്ങള്‍ ഏതുപക്ഷത്താണെന്ന ചോദ്യമുയരുന്നതായി മോഡറേറ്ററായിരുന്ന മാധ്യമ നിരൂപകന്‍ ഡോ. സെബാസ്റ്റ്യന്‍പോള്‍ പറഞ്ഞു. വിശ്വാസ്യതയാണ് മാധ്യമങ്ങളുടെ ശക്തി. മാധ്യമ ഉടമകളായ കോര്‍പറേറ്റുകള്‍ അത് നിലനിര്‍ത്താന്‍ ശ്രമിക്കുന്നില്ല. ജനാധിപത്യം അര്‍ഥപൂര്‍ണമാകുന്നത് ജനങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന മാധ്യമങ്ങളിലൂടെയാണ്. എന്നാല്‍ മാധ്യമങ്ങള്‍ ജനവിരുദ്ധമായി മാറിക്കഴിഞ്ഞ ആഗോള മൂലധനശക്തികളുടെയടക്കമുള്ള മറ്റു താല്‍പ്പര്യങ്ങളുടെ സംരക്ഷകരായി മാറിയെന്ന് സെബാസ്റ്റ്യന്‍പോള്‍ പറഞ്ഞു.
സാങ്കേതികവിദ്യയുടെ വളര്‍ച്ച ഉപയോഗപ്പെടുത്തുന്ന മാധ്യമങ്ങള്‍ ജനാധിപത്യത്തോടുള്ള അവയുടെ ഉത്തരവാദിത്തം നിര്‍വഹിക്കണമെന്ന് മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് പറഞ്ഞു. മനോരമ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ്, ഇന്ത്യാവിഷന്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ എം പി ബഷീര്‍, സിറാജ് എഡിറ്റര്‍ ടി കെ അബ്ദുള്‍ഗഫൂര്‍, രിസാല മാനേജിങ് എഡിറ്റര്‍ എസ് ശറഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
deshabhimani 280413
Labels:
മാധ്യമം,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
No comments:
Post a Comment