Tuesday, April 30, 2013

ഒഞ്ചിയം രണധീരര്‍ക്ക് ഇന്ന് നാടിന്റെ പ്രണാമം


ജന്മി-നാടുവാഴിത്തത്തിനെതിരെ പൊരുതി വീരേതിഹാസം രചിച്ച ഒഞ്ചിയത്തെ രണധീരര്‍ക്ക് ചൊവ്വാഴ്ച നാട് പ്രണാമമര്‍പ്പിക്കും. 65-ാം രക്തസാക്ഷിത്വ വാര്‍ഷികദിനത്തില്‍ സിപിഐ എം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാവിലെ പുഷ്പാര്‍ച്ചനയും സ്മൃതിപ്രയാണവും വൈകിട്ട് പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കും.

ചന്ദ്രശേഖരന്റെ കൊലപാതകം മറയാക്കി പാര്‍ടിയെ തകര്‍ക്കാനും പരിപാടി അട്ടിമറിക്കാനുമുള്ള പാര്‍ടി വിരുദ്ധരുടെയും വലതുപക്ഷത്തിന്റെയും നീക്കം ചെറുത്ത് അനുസ്മരണം അവിസ്മരണീയമാക്കാനുള്ള തയ്യാറെടുപ്പിലാണ് രക്തസാക്ഷി ഗ്രാമത്തിലെ ഓരോ പാര്‍ടിപ്രവര്‍ത്തകരും.

രാവിലെ എട്ടിന്, രക്തസാക്ഷികളെ ഒറ്റക്കുഴിവെട്ടിമൂടിയ പുറങ്കരയിലെ ബലികൂടീരത്തിലേക്ക് ഒഞ്ചിയം സ്ക്വയറില്‍നിന്ന് സ്മൃതിപ്രയാണമാരംഭിക്കും. ബാന്റ്വാദ്യങ്ങളുടെയും റെഡ്വളണ്ടിയര്‍മാരുടെയും അകമ്പടിയോടെയുള്ള ജാഥയില്‍ രക്തസാക്ഷി കുടുംബാംഗങ്ങളും നേതാക്കളും പ്രവര്‍ത്തകരും പങ്കാളികളാവും. വെള്ളികുളങ്ങര വഴിയുള്ള സമൃതിപ്രയാണയാത്രയില്‍ നൂറുകണക്കിന് ബൈക്കുകളും വാഹനങ്ങളും അനുഗമിക്കും. രാവിലെ ഒമ്പതോടെ രക്തസാക്ഷി കൂടീരത്തിലെത്തി പ്രതിജ്ഞ പുതുക്കും. വൈകിട്ട് അഞ്ചിന് ആയിരങ്ങള്‍ പങ്കെടുക്കുന്ന ഉജ്വല പ്രകടനം കണ്ണൂക്കരയില്‍നിന്നും ആരംഭിച്ച് രക്തസാക്ഷി നഗറില്‍ സമാപിക്കും. തുടര്‍ന്ന് ചേരുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി കെ സൈനബ, പി സതീദേവി, ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്കരന്‍ എന്നിവര്‍ സംസാരിക്കും.

deshabhimani 300413

No comments:

Post a Comment