Monday, April 29, 2013

ഗുജറാത്ത് മോഡല്‍ വധശ്രമം ത്രിശൂലത്തില്‍ വിഷം പുരട്ടിയെന്ന് സംശയം


 ഗുജറാത്ത് മോഡലില്‍ യുവാവിനെ ത്രിശൂലംകൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിടിയിലായ ആര്‍എസ്എസുകാര്‍ റിമാന്‍ഡില്‍. ത്രിശൂലത്തില്‍ വിഷമോ മറ്റ് മാരക രാസവസ്തുക്കളോ പുരട്ടിയിരുന്നതായി യുവാവിനെ ചികിത്സിക്കുന്ന വിദഗ്ധ മെഡിക്കല്‍ സംഘത്തിന് സംശയം. മുറിവില്‍ അണുബാധയെ തുടര്‍ന്ന് യുവാവിന്റെ നില അതീവഗുരുതരാവസ്ഥയില്‍. സംഭവത്തില്‍ പ്രതികളായ കരിമുളയ്ക്കല്‍ ചുങ്കത്ത് വീട്ടില്‍ മാര്‍ക്കറ്റ് രാജേഷ് എന്നറിയപ്പെടുന്ന രാജേഷ്കുമാര്‍ (22), കരിമുളയ്ക്കല്‍ മഹേഷ്പുരം വിഷ്ണു എന്ന മഹേഷ്കുമാര്‍ (21), കരിമുളയ്ക്കല്‍ മഹേഷ്ഭവനത്തില്‍ മോനിഷ് (21), കരിമുളയ്ക്കല്‍ പത്മവിലാസത്തില്‍ വിഷ്ണു (28) എന്നിവരാണ് അറസ്റ്റിലായത്.

ഡിവൈഎഫ്ഐ കറ്റാനം മേഖലാ സെക്രട്ടറി കറ്റാനം സുജിത് ഭവനില്‍ സുജിത്തിനെയാണ് (21) ആര്‍എസ്എസുകാര്‍ കഴിഞ്ഞദിവസം ഗുജറാത്ത് മോഡലില്‍ ത്രിശൂലംകൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ത്രിശൂലംകൊണ്ടുള്ള കുത്തേറ്റ് തുടയെല്ല് തുളച്ചിറങ്ങി മാരകമായ മുറിവേറ്റ ഭാഗത്ത് അണുബാധയുണ്ടായി. ത്രിശൂലത്തില്‍ വിഷമോ മറ്റ് രാസവസ്തുക്കളോ പുരട്ടിയിട്ടുണ്ടോ എന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വിദഗ്ധസംഘം സംശയം പ്രകടിപ്പിച്ചു. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി യുവാവിന്റെ രക്തസാമ്പിളുകള്‍ വിശദപരിശോധനയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് അയച്ചു. ഇതിന്റെ റിപ്പോര്‍ട്ട് കിട്ടിയശേഷമേ തുടര്‍ചികിത്സ നിശ്ചയിക്കാനാകൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്ചെയ്തു. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും.

deshabhimani 290413

No comments:

Post a Comment