Sunday, April 28, 2013

തീവ്രവാദം പരത്താന്‍ പോപ്പുലര്‍ ഫ്രണ്ടിന് വന്‍തുക ലഭിച്ചു


പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ പേരില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് വന്‍തുക എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. വ്യാപകമായി തീവ്രവാദപ്രവര്‍ത്തനവും വര്‍ഗീയതയും പരത്താന്‍ ഈ പണം ഉപയോഗിച്ചു. കണ്ണൂരില്‍ നടന്ന അക്രമങ്ങളിലും വിധ്വംസകപ്രവര്‍ത്തനങ്ങളിലും പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകര്‍ സജീവമായി ഇടപെട്ടിരുന്നതായി തെളിഞ്ഞിട്ടുണ്ട് ഈ ദിശയിലുള്ള കാര്യക്ഷമമമായ അന്വേഷണം നടത്തിയാല്‍ കൂടുതല്‍ വെളിപ്പെട്ടേക്കും. ബന്ധവും ദേശസുരക്ഷയെ ബാധിക്കുന്നതിനാല്‍ കേസ് അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് പൊലീസ് ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കി.

നാറാത്തെ ആയുധപരിശീലനകേന്ദ്രത്തില്‍നിന്ന് പിടിയിലായ പ്രതികളില്‍ ചിലരുടെ തീവ്രവാദബന്ധം സ്ഥിരീകരിക്കുന്നതാണ് റിപ്പോര്‍ട്ട്. ജില്ലാ പൊലീസ് മേധാവി രാഹുല്‍ ആര്‍ നായരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഡിജിപി ബാലസുബ്രഹ്മണ്യനാണ് ആഭ്യന്തരവകുപ്പിന് സമര്‍പ്പിച്ചത്. കേസിലെ മുഖ്യപ്രതികളായ പി വി അസീസ്, പി സി ഫഹദ് തുടങ്ങിയവര്‍ക്ക് തമിഴ്നാട്, ആന്ധ്രപ്രദേശ്, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെയും ഉത്തരേന്ത്യയിലെയും തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വധക്കേസില്‍ പ്രതിയായി വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞ കാലത്താണ് വിവിധ സംസ്ഥാനങ്ങളിലെ തീവ്രവാദ സംഘടനകളുമായി അസീസ് ബന്ധപ്പെട്ടത്. ഇയാള്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് ഭീകര പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പരിശീലനം നേടിയതായും സൂചിപ്പിക്കുന്നു. ഹിന്ദുഐക്യവേദി നേതാവായ ഇരിട്ടി പുന്നാട്ടെ അശ്വിനികുമാര്‍ വധക്കേസില്‍ ഒന്നാം പ്രതിയായ അസീസ് സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധപരിശീലകരില്‍ പ്രധാനിയാണ്. പരിശീലനകേന്ദ്രത്തില്‍നിന്ന് ഇറാനിലെ തിരിച്ചറിയല്‍ കാര്‍ഡ് അടക്കം ലഭിച്ച സാഹചര്യത്തില്‍ പ്രതികളുടെ രാജ്യാന്തരബന്ധവും അന്വേഷണവിധേയമാക്കണമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. കൊലപാതകമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരിശീലനം ലഭിച്ച ക്രിമിനലാണ് ഏച്ചൂരിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായ പി സി ഫഹദ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിരവധി ക്രിമിനല്‍ കേസില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ചൊവ്വാഴ്ചയാണ് നാറാത്ത് ബസാറിനു പിന്നിലെ കെട്ടിടത്തില്‍ ആയുധപരിശീലനത്തിനിടെ 21 പോപ്പുലര്‍ ഫ്രണ്ട് ക്രിമിനലുകളെ പൊലീസ് അറസ്റ്റ്ചെയ്തത്. കൂടുതല്‍ അന്വേഷണത്തിന് പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ഡിവൈഎസ്പി പി സുകുമാരന്‍ തലശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതിയില്‍ വെള്ളിയാഴ്ച അപേക്ഷ നല്‍കി. ഇത് കണ്ണൂര്‍ ജെഎഫ്സിഎം (രണ്ട്) കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്. ശനിയാഴ്ച പരിഗണിക്കും. എന്‍ഐഎക്ക് കേസ് കൈമാറുന്നതില്‍ വിരോധമില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ തീരുമാനം വൈകാതെ ഉണ്ടാകും.

ആയുധങ്ങള്‍ക്കൊപ്പം ആക്രമണപ്പട്ടികയും

കണ്ണൂര്‍: നാറാത്ത് ആയുധപരിശീലന കേന്ദ്രത്തിലെ പൊലീസ് റെയ്ഡിനിടെ രക്ഷപ്പെട്ട എസ്ഡിപിഐ പ്രാദേശിക നേതാവ് കമറുദ്ദീന്റെ കമ്പില്‍ കുമ്മായക്കടവിലെ വീട്ടില്‍നിന്ന് ആയുധ ശേഖരത്തിനൊപ്പം പിടികൂടിയത് ആക്രമണങ്ങള്‍ നടത്തിയതിന്റെ പട്ടികയും. നാല് കത്തിവാള്‍, മഴു, ഏഴ് ഇരുമ്പുദണ്ഡ്, നഞ്ചക്ക്, ബോംബ് നിര്‍മാണ സാമഗ്രികള്‍, ആയുധങ്ങള്‍ കടത്തുന്നതിനായി പിവിസി പൈപ്പുപയോഗിച്ച് നിര്‍മിച്ച ഉറ എന്നിവയ്ക്കൊപ്പമാണ് 1998 മുതല്‍ എന്‍ഡിഎഫ്- പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണങ്ങളുടെ പട്ടികയും ലഭിച്ചത്. വീടിന്റെ മച്ചില്‍ നിര്‍മിച്ച പ്രത്യേക അറയിലായിരുന്നു ആയുധങ്ങളും രഹസ്യ രേഖകളും. നടത്തിയ ആക്രമണങ്ങളുടെ പട്ടിക പൊലീസ് രഹസ്യമാക്കിവച്ചിരിക്കുകയാണ്. ഡിടിപിയില്‍ തയ്യാറാക്കിയതാണിത്. പൂഴിത്തൊഴിലാളിയായ കമറുദ്ദീന്റെ കുടുംബ വീടാണിത്. എ വി പി ഹൗസ് എന്ന വീടിന്റെ പുറത്തെ ഓഫീസ് മുറി മാത്രം കമറുദ്ദീന്‍ ഉപയോഗിച്ച് മറ്റ് ഭാഗങ്ങള്‍ അകന്ന ബന്ധുവിന് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. ഓടിട്ട വീടിന്റെ മുറിക്കുമുകളില്‍ പ്ലാസ്റ്റിക്ക് മേലാപ്പടിച്ച് ഒരു വശത്ത് പ്രത്യേക അറയുണ്ടാക്കിയാണ് ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നത്.

വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെ ഡിവൈഎസ്പി പി സുകുമാരന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം പരിശോധന നടത്തി പുറത്തിറങ്ങിയതായിരുന്നു. സംശയം തോന്നിയതിനെത്തുടര്‍ന്ന് വീണ്ടും അകത്തുകയറി വടി ഉപയോഗിച്ച് സീലിങ്ങില്‍ തട്ടിയപ്പോള്‍ പെട്ടിപോലുള്ള സാധനത്തില്‍ ഇടിക്കുന്നതായി അനുഭവപ്പെട്ടു. തുടര്‍ന്ന് സീലിങ് അടര്‍ത്തി മാറ്റിയപ്പോഴാണ് ആയുധങ്ങളടങ്ങിയ പെട്ടി കണ്ടെത്തിയത്. രണ്ടു വാളുകള്‍ക്ക് ഒമ്പതിഞ്ചാണ് നീളം. ജില്ലയില്‍ ഇതുവരെ പിടികൂടിയ കത്തിവാളുകളില്‍ ഏറ്റവും വലുതാണിതെന്ന് ഡിവൈഎസ്പി പറഞ്ഞു. ഒരെണ്ണത്തിന് ആറിഞ്ചും മറ്റൊന്നിന് നാലിഞ്ചും നീളമുണ്ട്. കമറുദ്ദീന്‍ കല്യാണശേഷം എരിഞ്ഞിക്കടവിലെ ഭാര്യാവീട്ടിലാണ് താമസം. ഏതുസമയത്തും ഉപയോഗിക്കാനാണ് വീടിന്റെ ഓഫീസ് മുറി വാടകയ്ക്ക് നല്‍കാതിരുന്നത്. മുറിക്കുള്ളില്‍ കട്ടിലും കിടക്കയുമെല്ലാമുണ്ട്. മുറിയില്‍നിന്ന് തേജസ് ദിനപത്രത്തിന്റെ രശീത്, നിരവധി ചെക്ക് ലീഫുകള്‍, തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി എന്നിവയും പൊലീസ് കണ്ടെടുത്തു. ആയുധശേഖരം കണ്ടെത്തിയതിനെത്തുടര്‍ന്ന് വന്‍ ജനാവലി സ്ഥലത്ത് തടിച്ചുകൂടി. വളപട്ടണം സിഐ ബാലകൃഷ്ണന്‍, മയ്യില്‍ എസ്ഐ സുരേന്ദ്രന്‍ കല്യാടന്‍ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു. ഐജി ജോസ് ജോര്‍ജ്, ജില്ലാ പൊലീസ് ചീഫ് രാഹുല്‍ ആര്‍ നായര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

deshabhimani

No comments:

Post a Comment