കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല നയിച്ച കേരള യാത്രയുടെ സ്വീകരണ പരിപാടികള്‍ പൊളിഞ്ഞതിന്റെ പേരില്‍ ജില്ലയില്‍ നാല് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ പിരിച്ചുവിട്ടു. ചെന്നിത്തലയുടെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നാണ് ഏലംകുളം, ആലിപ്പറമ്പ്, താഴെക്കോട്, തെന്നല, മണ്ഡലം കമ്മിറ്റികള്‍ പിരിച്ചുവിട്ടത്. "എ" വിഭാഗത്തിന് മേല്‍കൈയുള്ള കമ്മിറ്റികളാണ് ഇവ. ജാഥാ സ്വീകരണത്തിന് പണം പരിച്ചു നല്‍കിയില്ലെന്നതാണ് ഇവര്‍ക്കെിതരായ ആരോപണം.
ചെന്നിത്തല നയിക്കുന്ന ജാഥ വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ജില്ലയിലെത്തിയത്. ഏലംകുളം, ആലിപ്പറമ്പ്, താഴെക്കോട്,മണ്ഡലം കമ്മിറ്റികള്‍ 40,000 രൂപവീതം ജാഥാ സ്വീകരണത്തിന് നല്‍കാനാണ് ഡിസിസി നിര്‍ദേശിച്ചത്. 1,30,000 രൂപയായിരുന്നു തെന്നല മണ്ഡലം കമ്മിറ്റിക്ക് ക്വോട്ട നിശ്ചയിച്ചത്. എന്നാല്‍, നാല് മണ്ഡലം കമ്മിറ്റികളും ഈ തുക നല്‍കിയില്ല. വെള്ളിയാഴ്ച രാവിലെ ഒമ്പതിനായിരുന്നു പെരിന്തല്‍മണ്ണയിലെ ആദ്യ സ്വീകരണം. ബ്ലോക്ക് കമ്മിറ്റിക്കു കീഴിലെ ഏലംകുളം, ആലിപ്പറമ്പ്, താഴെക്കോട് മണ്ഡലം കമ്മിറ്റികളില്‍ നിന്നും ശുഷ്കമായ പങ്കാളിത്തമാണ് ഉണ്ടായത്. ആളുകള്‍ കുറഞ്ഞതില്‍ ക്ഷുഭിതനായാണ് ചെന്നിത്തല വേദി വിട്ടത്. ഗ്രൂപ്പ് പോരാണ് സ്വീകരണ പരിപാടി പൊളിയാന്‍ ഇടയാക്കിയതെന്ന് ജില്ലാ നേതൃത്വത്തിലെ ചിലര്‍ ചെന്നിത്തലയെ ധരിപ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ഡിസിസി പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞിക്ക് നിര്‍ദേശം നല്‍കിയത്.
സി കെ അബ്ദുള്‍ റഫീഖ് (ആലിപ്പറമ്പ്), കെ കരുണാകരന്‍ (ഏലംകുളം), വി പി കണ്ണാപ്പ (താഴേക്കോട്) എന്നിവരാണ് മണ്ഡലം സെക്രട്ടറിമാര്‍. ഇവരെല്ലാവരും "എ" വിഭാഗക്കാരാണ്. ഡിസിസി സെക്രട്ടറി വി ബാബുരാജിനായിരുന്നു സ്വീകരണത്തിന്റെ മേല്‍നോട്ട ചുമതല. എ വിഭാഗം നേതാവായ ഇദ്ദേഹം ജാഥയില്‍ സജീവമായിരുന്നില്ല. ജില്ലയില്‍ ആര്യാടന്‍ വിഭാഗം നേതാവാണ് ഇദ്ദേഹം. ജാഥയുടെ സ്വീകരണവുമായി ബന്ധപ്പെട്ട് ഡിസിസി ഓഫീസില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലും ഇദ്ദേഹം പങ്കെടുത്തിരുന്നില്ല. പെരിന്തല്‍മണ്ണ ബ്ലോക്കിന്റെ ചുമതല ഉണ്ടായിരുന്ന എം എം സക്കീര്‍ ഹുസൈന്‍, മേലാറ്റൂര്‍ ബ്ലോക്കിന്റെ ചുമതലയുണ്ടായിരുന്ന കെ ഇ ഹംസഹാജി എന്നവര്‍ക്കെതിരെയു നടപടിയുണ്ടായേക്കുമെന്നാണ് സൂചന.
ചെമ്മാട് നടന്ന സ്വീകരണം പൊളിഞ്ഞതിന്റെ പേരിലാണ് തെന്നല മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടത്. രൂക്ഷമായ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. നിലവിലെ സെക്രട്ടറി കെ വി ഇസ്മയില്‍ ഹാജി സ്ഥലത്തില്ല. മറ്റ് ഭാരവാഹികള്‍ക്ക് ചുമതല കൈമറാതെയാണ് ഇദ്ദേഹം യാത്ര പോയത്. എ വിഭാഗത്തിന് മേല്‍കൈയുള്ള കമ്മിറ്റിയില്‍ യാത്രയുമായി ബന്ധപ്പെട്ട പണപ്പിരിവ് പേരിനുപോലും നടന്നിട്ടില്ല. ജില്ലയില്‍ രണ്ടു ദിവസങ്ങളിലായി നടന്ന സ്വീകരണ പരിപാടികളെല്ലാം ശുഷ്കമായ ജനപങ്കാളിത്തമാണ് ഉണ്ടായത്. ചിലയിടങ്ങളില്‍ പ്രാദേശിക നേതൃത്വം വിട്ടു നിന്നപ്പോള്‍ ചില കമ്മിറ്റികള്‍ യാത്ര പൂര്‍ണമായും ബഹിഷ്കരിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ കമ്മിറ്റികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.
deshabhimani 280413
No comments:
Post a Comment