Sunday, April 28, 2013
ആറന്മുള വിമാനത്താവളത്തിനെതിരെ ജനകീയ പ്രതിരോധം
നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നീര്‍ച്ചാലുകളും നികത്തി ആറന്മുളയില്‍ വിമാനത്താവളം നിര്‍മിക്കാന്‍ ഒരുശക്തിയേയും അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ജനകീയ കണ്‍വന്‍ഷന്‍. ആറന്മുള വിമാനത്താവള വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജനകീയ കണ്‍വന്‍ഷനില്‍, എന്തുവിലകൊടുത്തും വിമാനത്താവള നിര്‍മാണം ചെറുക്കുമെന്ന് പ്രതിജ്ഞയെടുക്കാന്‍ എത്തിച്ചേര്‍ന്നത് വിവിധ രാഷ്ട്രീയ പാര്‍ടികളിലെ നേതാക്കളടക്കം നൂറുകണക്കിന് ആളുകളാണ് . രൂക്ഷമായ ചൂടില്‍ കുളിരായി പെയ്തിറങ്ങിയ മഴ ശുഭകരമെന്ന ആശംസയോടെയാണ് കവയിത്രി സുഗതകുമാരി സംസാരിച്ചു തുടങ്ങിയത്. ആറന്മുളയിലെ നെല്‍പ്പാടങ്ങളും തണ്ണീര്‍ത്തടങ്ങളും സ്വകാര്യ കമ്പനിക്ക് തീറെഴുതാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സുഗതകുമാരി പറഞ്ഞു. നമ്മുടെ മണ്ണുംവെള്ളവും ശുദ്ധ വായുവും രക്ഷിച്ചെടുക്കാന്‍ ജാതിയുംമതവും രാഷ്ട്രീയവും നോക്കാതെയുള്ള പോരാട്ടത്തിന് ഒന്നായി പ്രതിജ്ഞയെടുക്കണം. നദികള്‍, പാടങ്ങള്‍, കുളങ്ങള്‍, കുന്നുകള്‍, അന്നം, ആകാശം, പറവകള്‍ എല്ലാം നഷ്ടപ്പെടുകയാണ്. വിലകൊടുത്ത് കുടിവെള്ളം വാങ്ങേണ്ട അവസ്ഥയിലാണ് മലയാളികള്‍. വികസനത്തിന്റെ പേരില്‍ നമുക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തില്‍ അണിചേരണമെന്ന് സുഗതകുമാരി ആഹ്വാനം ചെയ്തു.
ജനകീയ കണ്‍വന്‍ഷന് ആശംസ അര്‍പ്പിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ അയച്ചുനല്‍കിയ സന്ദേശം സമരസമിതി നേതാവും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗവുമായ എ പത്മകുമാര്‍ വായിച്ചു. തണ്ണീര്‍ത്തടങ്ങള്‍ നികത്തി വിമാനത്താവളം നിര്‍മിക്കുമ്പോഴുണ്ടാകുന്ന ദൂരവ്യാപകമായ ദുഷ്ഫലം സാധാരണ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന് മുന്‍ കേന്ദ്രമന്ത്രി ഒ രാജഗോപാല്‍ പറഞ്ഞു. കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി ആദ്യം അനുമതി നിഷേധിച്ചിട്ടും പിന്നീട് അനുമതി നല്‍കിയെങ്കില്‍ അദ്ദേഹത്തിന്റെ മുകളില്‍ ഉള്ളവരുടെ സ്വാധീനം കാണാതിരുന്നു കൂടെന്നും അദ്ദേഹം പറഞ്ഞു.
വികസന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി പശ്ചാത്തല സൗകര്യംഒരുക്കുമ്പോള്‍ ചെയ്യാന്‍ പാടില്ലാത്ത പല കാര്യങ്ങളുമുണ്ട്. അവയാണ് ആറന്മുളയില്‍ ചെയ്തിരിക്കുന്നതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. തോമസ് ഐസക് പറഞ്ഞു. ഒരു പാരിസ്ഥിതിക പഠനവും നടത്താതെ എങ്ങനെയാണ് 2,000 കോടി രൂപയുടെ ഒരു പദ്ധതി പ്രഖ്യാപിക്കുക. കലക്ടര്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തു വിടണമെന്ന് ഐസക് ആവശ്യപ്പെട്ടു. മിച്ചഭൂമി കൈയേറ്റം, നീര്‍ത്തട നെല്‍വയല്‍ സംരക്ഷണ നിയമം മറികടന്ന് നികത്തല്‍, ഇത്തരം ഭൂമി പോക്കുവരവ് ചെയ്യല്‍ തുടങ്ങിയ നിയമലംഘനങ്ങളാണ് ഇവിടെ നടന്നിരിക്കുന്നത്. ഈ പോക്കുവരവ് റദ്ദാക്കണം. മിച്ചഭൂമിയില്‍ കുടില്‍കെട്ടി താമസിക്കുന്നവര്‍ക്ക് അവകാശപ്പെട്ടതാണ് ആ നെല്‍വയലുകള്‍. ഭൂ കോര്‍പറേറ്റുകള്‍ക്കെതിരായ സമരഭൂമിയായി ആറന്മുള മാറണം. മൂടിയ കോഴിത്തോട് പുന:സ്ഥാപിക്കാന്‍ തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തണം. അടുത്ത പുഞ്ചകൃഷിക്ക് ആ പാടത്ത് കൃഷിയിറക്കാന്‍ കഴിയണമെന്നും ഐസക് പറഞ്ഞു.
കേരളത്തിലാകമാനം വളര്‍ന്നു വരുന്ന പോരാട്ടത്തിന്റെ ഭാഗമാണ് ആറന്മുള വിമാനത്താവളത്തിനെതിരെയുള്ള ജനകീയ കണ്‍വന്‍ഷനെന്നും വിജയമാണ് ആത്യന്തിക ലക്ഷ്യമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. വമ്പന്‍ പ്രമാണിമാര്‍ക്ക് എല്ലാ നിയമങ്ങളും ലംഘിച്ച് വിമാനത്താവളം നിര്‍മിക്കാനായാല്‍ ഇത്തരം നിയമലംഘനം കേരളത്തിലെമ്പാടും അവര്‍ ആവര്‍ത്തിക്കുമെന്നും പന്ന്യന്‍ പറഞ്ഞു. വിമാനത്താവള കമ്പനിയുടെ ഉദ്യോഗസ്ഥര്‍ നിയമസഭയുടെ ഉദ്യോഗസ്ഥ ഗാലറിയില്‍ ഇരുന്ന് മന്ത്രിമാര്‍ക്ക് കുറിപ്പുകള്‍ എത്തിച്ചുകൊടുക്കുകയായിരുന്നെന്നും ഈ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് കലക്ടറെ മാറ്റിയതെന്നത് കേരള ചരിത്രത്തിലെ നാണക്കേടാണെന്നും ജനതാദള്‍ എസ് നേതാവ് മാത്യു ടി തോമസ് പറഞ്ഞു. ചില ശക്തികളുടെ വാണിജ്യ ആവശ്യങ്ങള്‍ സംരക്ഷിക്കാന്‍ നാടിന്റെ പാരമ്പര്യവും പ്രകൃതിയും നശിപ്പിക്കാന്‍ ഈ നാട്ടിലെ ജനം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയെക്കൊണ്ട് പാര്‍ലമെന്റില്‍ പ്രഖ്യാപിപ്പിച്ചാലും വിമാനത്താവളം ഇവിടെ നടക്കില്ലെന്നാണ് ജനംപറയുന്നതെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. പണം കൊടുത്ത് ഒരു ജനകീയ സമരത്തെയും തോല്‍പ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പന്ത്രണ്ടോളം നിയമലംഘനങ്ങളാണ് വിമാനത്താവളത്തിന്റെ മറവില്‍ നടന്നിരിക്കുന്നതെന്ന് എഐസിസി അംഗം അഡ്വ. പീലിപ്പോസ് തോമസ് പഞ്ഞു. മിച്ചഭൂമിയായി പ്രഖ്യാപിക്കാന്‍ ലാന്‍ഡ് ബോര്‍ഡ് തയ്യാറാക്കിയ സ്ഥലം വാങ്ങിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി, ആര്‍എസ്പി കേന്ദ്ര സെക്രട്ടറിയറ്റംഗം എന്‍ കെ പ്രേമചന്ദ്രന്‍, രാജു ഏബ്രഹാം എംഎല്‍എ, മുല്ലക്കര രത്നാകരന്‍, ബിനോയ് വിശ്വം, മാലേത്ത് സരളാദേവി, ആര്‍എസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോപലന്‍കുട്ടി, പ്രൊഫ. ടികെജി നായര്‍, പി പ്രസാദ്,പ്രതാപചന്ദ്ര വര്‍മ, കെ കെ റോയിസണ്‍, ജോര്‍ജ് വര്‍ഗീസ്, അഡ്വ. ഹരിദാസ്, പി ഇന്ദുചൂഡന്‍, കൃഷ്ണന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.
ആറന്മുള വിമാനത്താവളം നീതിക്കായുള്ള ധര്‍മസമരം: വിഎസ്
പത്തനംതിട്ട: ഭൂപരിഷ്കരണനിയമവും പരിസ്ഥിതി നിയമങ്ങളും ലംഘിച്ച് കുടിവെള്ളംപോലുംമുട്ടിച്ചുകൊണ്ടും അക്രമപരമായി വിമാനത്താവളം നിര്‍മിക്കുന്നതിനെതിരെയുള്ള ധര്‍മസമരമാണിതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആശംസാസന്ദേശത്തില്‍ പറഞ്ഞു.
വിമാനത്താവളം വരുന്നതിനെ എതിര്‍ക്കുന്നത് വികസനവിരുദ്ധമാണെന്ന് ഗവണ്‍മെന്റും നിക്ഷിപ്ത താല്‍പര്യക്കാരും ആക്ഷേപിക്കുകയാണ്. നിയമവിധേയമായ മാര്‍ഗത്തിലും പരിസ്ഥിതിക്ക് കോട്ടംതട്ടാതെയും ജനകീയ ആവശ്യങ്ങളില്‍ മുന്‍ഗണന നിശ്ചയിച്ചുകൊണ്ടുമാകണം വികസനം. അങ്ങനെയല്ലാതെയുള്ള വികസനം വികസനമല്ല. ആറന്മുള വിമാനത്താവളത്തിനുവേണ്ടി നൂറുകണക്കിനേക്കര്‍ നെല്‍പ്പാടം നികത്തുന്നതിന് കൂട്ടുനില്‍ക്കുകയാണ് കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍. തണ്ണീര്‍ത്തടങ്ങളും പാടങ്ങളും നികത്തുന്നതു തടഞ്ഞുകൊണ്ടുള്ള നിയമത്തിന്റെ നഗ്നമായ ലംഘനമാണ് നടക്കുന്നത്. പാടങ്ങളും തണ്ണീര്‍തടങ്ങളും നീകത്തുന്നത് നിരോധിച്ചുകൊണ്ടുള്ള 2008െല്‍ നിയമത്തിന്റെയും അതിന് മുമ്പ് അറുപതുകളുടെ അവസാനം നിലവില്‍വന്ന ഭൂവിനിയോഗ ചട്ടങ്ങളുടെയും ലംഘനമാണിവിടെ നടന്നത്. എന്നിട്ടും ഇതിന് കേന്ദ്ര ഗവണ്‍മെന്റ് എല്ലാ അനുമതികളും നല്‍കിയത് സംശയാസ്പദമാണ്.ഇത്തരത്തില്‍ നിയമലംഘനം നടത്തിക്കൊണ്ടും പരിസ്ഥിതി സന്തുലനം തകര്‍ത്തുകൊണ്ടും വിമാനത്താവളം നിര്‍മിക്കുന്നതിനെതിരായ ജനകീയ ധര്‍മസമരത്തിന് വിജയാശംസകള്‍.
deshabhimani 280413
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment