Tuesday, April 2, 2013

മന്ത്രി ഗണേഷ് കുമാര്‍ രാജിവച്ചു


മന്ത്രി ഗണേഷ് കുമാര്‍ രാജിവച്ചു. രാത്രിയോടെ ക്ലിഫ് ഹൗസിലെത്തിയാണ് മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയത്. മന്ത്രിയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു. ഘടകകക്ഷി നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് മുഖ്യമന്ത്രി ഗണേഷിന്റെ രാജി ആവശ്യപ്പെട്ടത്. ഘടകകക്ഷി നേതാക്കളായ കെ എം മാണി, കുഞ്ഞാലിക്കുട്ടി എന്നിവരുമായി മുഖ്യമന്ത്രി പ്രത്യേകം പ്രത്യേകം ചര്‍ച്ച നടത്തിയിരുന്നു.

ഗണേഷിനെതിരെ യാമിനി രേഖാമൂലം പരാതി നല്‍കിയ സാഹചര്യത്തില്‍ അദ്ദേഹം മന്ത്രിസ്ഥാനത്തിരുന്ന് അന്വേഷണം നേരിടുന്നത് ഉചിതമാകില്ലെന്ന് അഭിപ്രായം ഉയര്‍ന്നു. ഗുരുതരമായ കുറ്റങ്ങളാണ് മന്ത്രിക്കെതിരേ ഭാര്യ നല്‍കിയ പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. മുന്‍പ് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക്ശേഷം താന്‍ രാജിവെക്കേണ്ടതില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു എന്ന് അറിയിച്ചിരുന്നു. നേരത്തെ രേഖാമൂലം ഗണേഷിനെതിരേ ആരും പരാതി നല്‍കിയിട്ടില്ല എന്ന നിലപാടായിരുന്നു മുഖ്യമന്ത്രിക്ക്. യാമിനി തങ്കച്ചി നടത്തിയ പത്രസമ്മേളനമാണ് ഗണേഷിന്റെ രാജിയില്‍ കലാശിച്ചത്. 16 വര്‍ഷമായി ഗണേഷ് തന്നെ പീഡിപ്പിക്കുകയാണെന്നും അവിഹിത ബന്ധം ചോദ്യം ചെയ്തതിന് തന്നെ ക്രൂരമായി മര്‍ദിച്ചുവെന്നും യാമിനി പത്രസമ്മേശനത്തില്‍ ആരോപിച്ചിരുന്നു.

മുഖ്യമന്ത്രി രാജിവയ്ക്കണം: വി എസ്

തിരു: മന്ത്രി കെ ബി ഗണേശ്കുമാറിനെ രക്ഷിക്കാന്‍ നിയമം ലംഘിക്കുകയും നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയും വിശ്വാസവഞ്ചന നടത്തുകയും ചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഗാര്‍ഹികപീഡനം സംബന്ധിച്ച് യാമിനി പരാതിപ്പെട്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. രേഖാമൂലം പരാതി നല്‍കാനെത്തിയ തന്നോട്, ഒരവസരംകൂടി നല്‍കണമെന്നും കത്ത് തിരികെയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞെന്നാണ് യാമിനി തങ്കച്ചി വെളിപ്പെടുത്തിയത്. ഇത് നിയമലംഘനവും സത്യപ്രതിജ്ഞാലംഘനവുമാണ്. ഗണേശില്‍നിന്ന് വന്‍തുക നഷ്ടപരിഹാരം വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ചും നിര്‍ബന്ധിച്ചും, രേഖാമൂലം പരാതി നല്‍കിയില്ലെന്ന് യാമിനിയില്‍നിന്ന് എഴുതിവാങ്ങി അത് നിയമസഭയില്‍ വായിച്ച മുഖ്യമന്ത്രി വന്‍ വഞ്ചനയാണ് കാണിച്ചത്. യാമിനിയില്‍നിന്ന് എഴുതിവാങ്ങിയ കത്തിന്റെ പേരില്‍ നിയമസഭയില്‍ വലിയ വെല്ലുവിളിയാണ് മുഖ്യമന്ത്രി നടത്തിയത്. യാമിനിയുടെ പരാതിക്കത്ത് തിരികെനല്‍കിയെന്ന് പ്രതിപക്ഷം പറഞ്ഞതിനെ, നിയമസഭയുടെ കരിദിനം എന്നാണ് മുഖ്യമന്ത്രി ആക്ഷേപിച്ചത്. യാമിനിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കുകയും നിയമസഭയോടും ജനങ്ങളോടും മാപ്പുപറയുകയും വേണം. ഗാര്‍ഹികപീഡനം നടത്തിയ മന്ത്രി ഗണേശ്കുമാറിനെതിരെ കേസ് രജിസ്റ്റര്‍ചെയ്യണമെന്നും വി എസ് ആവശ്യപ്പെട്ടു.

ഉമ്മന്‍ചാണ്ടിക്ക് തുടരാനാകില്ല: പന്ന്യന്‍

തിരു: ഗാര്‍ഹികപീഡനക്കേസില്‍ പരാതിക്കാരിയെ വഞ്ചിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ആ സ്ഥാനത്ത് തുടരാനുള്ള അവകാശം നഷ്ടപ്പെട്ടതായി സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. മന്ത്രി ഗണേശിനെതിരെ ഭാര്യ യാമിനി തങ്കച്ചി ഉന്നയിച്ച പരാതി അതീവ ഗൗരവമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി രാജിവയ്ക്കണം: മഹിളാ അസോസിയേഷന്‍

തിരു: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ വഞ്ചിച്ചെന്ന ഡോ. യാമിനി തങ്കച്ചിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി എന്‍ സീമയും സെക്രട്ടറി കെ കെ ശൈലജയും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

യാമിനിയുടെ വെളിപ്പെടുത്തലനുസരിച്ച് ഗുരുതര കൃത്യവിലോപമാണ് മുഖ്യമന്ത്രിയുടേത്. ഗാര്‍ഹികപീഡനമുണ്ടായെന്ന് സ്ത്രീ പരാതിപ്പെട്ടാല്‍ ഉടന്‍ കേസെടുക്കണം. ഗാര്‍ഹികപീഡനമുണ്ടായതായി മനസ്സിലായിട്ടും ആ വിവരം പൂഴ്ത്തിവച്ചാല്‍ അത് കുറ്റകൃത്യമാണ്. മുഖ്യമന്ത്രി തന്നെ വഞ്ചിച്ചെന്ന് യാമിനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എഴുതി തയ്യാറാക്കിയ പരാതി സമര്‍പ്പിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്നാണ് യാമിനി പറയുന്നത്. പരാതി മറച്ചുവയ്ക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി കുറ്റക്കാരനാണ്. തുടര്‍ച്ചയായി ഭാര്യയെ പീഡിപ്പിക്കുകയും പരസ്ത്രീബന്ധം തുടരുകയും ചെയ്യുന്ന ഒരാള്‍ക്ക് മന്ത്രിയായി തുടരാന്‍ അവകാശമില്ല.

യാമിനിയുടെ പരാതി മാത്രമല്ല മറ്റു കേസുകളിലും മുഖ്യമന്ത്രിയുടെ സമീപനം ഇതുതന്നെയാണ്. തന്നെ പീഡിപ്പിച്ച പി ജെ കുര്യനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സൂര്യനെല്ലി പെണ്‍കുട്ടി മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് പരാതിപ്പെട്ടിട്ടും അന്വേഷണത്തിന് തയ്യാറായില്ല. കോണ്‍ഗ്രസ് എംഎല്‍എ എ ടി ജോര്‍ജ് ഒരു കുടുംബത്തെ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്നതായി പരാതി നല്‍കിയിട്ടും കേസെടുത്തില്ല. ഇതിനുപകരം വാദിയെ പ്രതിയാക്കാനാണ് ഒരുമ്പെട്ടത്. സ്ത്രീകളെ ദ്രോഹിക്കുന്നവരെയും അനാശാസ്യക്കാരെയും സംരക്ഷിക്കാനും വൃത്തികെട്ടരീതിയില്‍ സര്‍ക്കാരിനെ നിലനിര്‍ത്താനുമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഉമ്മന്‍ചാണ്ടിക്ക് മുഖ്യമന്ത്രിസ്ഥാനത്ത് തുടരാന്‍ ധാര്‍മികാവകാശമില്ല. മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് എല്ലാ ജില്ലാകേന്ദ്രങ്ങളിലും മഹിളാ അസോസിയേഷന്‍ ചൊവ്വാഴ്ച വൈകിട്ട് പ്രകടനം നടത്തുമെന്നും ഇരുവരും പ്രസ്താവനയില്‍ അറിയിച്ചു.

ഉമ്മന്‍ചാണ്ടിക്ക് തുടരാന്‍ അര്‍ഹതയില്ല: എം എ ബേബി

ന്യൂഡല്‍ഹി: മ്ലേച്ഛപ്രവര്‍ത്തനം നടത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ധാര്‍മികമായും നിയമപരമായും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി. ഭാര്യയെ പീഡിപ്പിച്ച മന്ത്രി ഗണേശ്കുമാറിന് ഒരു നിമിഷംപോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും ബേബി പറഞ്ഞു. മന്ത്രിയുടെ ഭാര്യ രേഖാമൂലം നല്‍കിയ പരാതി വാങ്ങാതെ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച ഉമ്മന്‍ചാണ്ടി സ്ത്രീപീഡനക്കേസില്‍ കൂട്ടുപ്രതിയായിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ സ്ത്രീസംരക്ഷണ ഓര്‍ഡിനന്‍സ് അനുസരിച്ചുതന്നെ മുഖ്യമന്ത്രി കുറ്റവാളിയാണ്. മാത്രമല്ല, പരാതിയില്‍ നടപടിയെടുക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് പരാതിക്കാരിയെ തിരിച്ചയച്ച നടപടിയും നിയമസംവിധാനത്തിനെതിരാണ്. പരാതിക്കാരിയെമാത്രമല്ല നിയമസഭയെയും തെറ്റിദ്ധരിപ്പിച്ചു. ഇത്തരമൊരാള്‍ മുഖ്യമന്ത്രിയായി തുടരാന്‍ അര്‍ഹനാണോ എന്ന കാര്യം സ്പീക്കര്‍ പരിശോധിക്കണം. സ്ത്രീകള്‍ക്ക് നീതി നിഷേധിച്ച മുഖ്യമന്ത്രിയെ അധികാരത്തില്‍നിന്ന് നീക്കാന്‍ സോണിയ ഗാന്ധി ഇടപെടണം-ബേബി പറഞ്ഞു.

deshabhimani

No comments:

Post a Comment