മന്ത്രി ദുര്‍വൃത്തനായി മാറുമ്പോള്‍ സദാചാരവിരുദ്ധപ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് മുഖ്യമന്ത്രി. യാമിനി പരാതി പറഞ്ഞത് ഉമ്മന്‍ചാണ്ടി എന്ന വ്യക്തിയോടല്ല, മുഖ്യമന്ത്രിയെന്ന അധികാരസ്ഥാനത്തോടാണ്. എന്നിട്ട് കുറ്റംചെയ്തയാളെ രക്ഷിക്കാന്‍ മുഖ്യമന്ത്രി വഴിവിട്ട് പ്രവര്‍ത്തിച്ചു. ഇക്കാര്യമാണ് നിസ്സഹായയായ ഒരു സ്ത്രീ കേരളസമൂഹത്തോട് വിളിച്ചുപറഞ്ഞിരിക്കുന്നത്. എന്നിട്ടും ഗണേശനെ രക്ഷിക്കാന്‍നോക്കുകയാണ് മുഖ്യമന്ത്രി. ഇത് അനുവദിക്കാന്‍ പ്രബുദ്ധജനത തയ്യാറാകില്ല. ഭാര്യ തല്ലിയെന്ന പരാതിയും ഫോട്ടോയുംവഴി ഗണേശന്‍ നല്ല നടനാണെന്ന് തെളിഞ്ഞു. ഈ കൊള്ളരുതായ്മയെല്ലാം മുഖ്യമന്ത്രിയുടെ ആശീര്‍വാദത്തോടെയാണ്. പ്രശ്നത്തില്‍ മധ്യസ്ഥതവഹിച്ച മന്ത്രി ഷിബു ബേബിജോണിന് ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ എന്ത് പറയാനുണ്ട്. ഗണേശന്‍ ചെയ്തതിനേക്കാള്‍ വലിയ കുറ്റമാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നത്. ഇതിനെതിരെ അതിശക്തമായ ജനരോഷം ഉയരണം. ഇത് സ്ത്രീപ്രശ്നം മാത്രമല്ല. സമൂഹത്തെ ആകെ ബാധിക്കുന്ന വിഷയമാണെന്നും പിണറായി പറഞ്ഞു.
മുഖ്യമന്ത്രിയുടെ കസേരയ്ക്കും ഇളക്കം
വഴിപിഴച്ച മന്ത്രി ഗണേശ്കുമാറിനെ രക്ഷിക്കാന്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രിക്കസേരയ്ക്ക് ഇളക്കം. മന്ത്രിഭാര്യയുടെ വെളിപ്പെടുത്തലോടെ ഗണേശ്കുമാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി നിയമപരമായും രാഷ്ട്രീയമായും പ്രതിക്കൂട്ടിലായി. രാജന്‍കേസില്‍ കെ കരുണാകരന്റെ മുഖ്യമന്ത്രിപദവി തെറിച്ചതിനു സമാനമായ അവസ്ഥയാണ് ഉമ്മന്‍ചാണ്ടി നേരിടാന്‍ പോകുന്നത്. ഗാര്‍ഹികപീഡന പരാതി വാങ്ങാതെ മുഖ്യമന്ത്രി തന്നെ ചതിച്ചെന്നാണ് യാമിനി പൊട്ടിക്കരഞ്ഞു പറഞ്ഞത്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി കിണഞ്ഞു പരിശ്രമിച്ചാലും ഗണേശിന്റെ രാജി വരുംദിനങ്ങളില്‍ സംഭവിക്കും.
പക്ഷേ, അതുകൊണ്ടുമാത്രം പ്രശ്നം തീരില്ല. മുഖ്യമന്ത്രിയുടെ പ്രവൃത്തി നീതിന്യായ സംവിധാനങ്ങളിലടക്കം പരിശോധിക്കപ്പെടും. ഇതിനപ്പുറമാണ് രാഷ്ട്രീയ ധാര്‍മികതയുടെ പ്രശ്നം. സ്ത്രീപീഡനം, സദാചാരലംഘനം എന്നീ വിഷയങ്ങളില്‍ ഇരയ്ക്ക് നീതി നിഷേധിച്ച് വേട്ടക്കാരനെ രക്ഷിക്കാന്‍ നിയമസഭയില്‍ പോലും ഉമ്മന്‍ചാണ്ടി കള്ളം പറഞ്ഞു. ഇത്തരം നീചവൃത്തി കേരളം ഭരിച്ച മറ്റൊരു മുഖ്യമന്ത്രിയില്‍നിന്നും ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ നിയമസഭ ചൊവ്വാഴ്ച പ്രക്ഷുബ്ധമാകും. മന്ത്രിവസതിയില്‍ കാമുകിയുടെ ഭര്‍ത്താവിന്റെ തല്ലുവാങ്ങുകയും ഭാര്യയെ തല്ലുകയും ചെയ്ത ഗണേശനെ രക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടി ചെയ്ത കുറ്റകൃത്യങ്ങള്‍ മൂന്നാണ്.
ഒന്ന്- മന്ത്രിവസതിയില്‍ ഗണേശന്‍ തന്നെ മര്‍ദിച്ചെന്ന് യാമിനി മുഖ്യമന്ത്രിയെ വാക്കാല്‍ അറിയിച്ചാലും ഗാര്‍ഹികപീഡന നിയമപ്രകാരം ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 498 എ വകുപ്പുപ്രകാരം ഗണേശനെതിരെ കേസെടുക്കണം. കേസെടുത്താല്‍, മൂന്നു വര്‍ഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ്. പ്രതിയെ അറസ്റ്റുംചെയ്യാം. ഉടനെ ജാമ്യവും കിട്ടില്ല. ഇതറിയാവുന്ന ഉമ്മന്‍ചാണ്ടി നിയമം നിയമത്തിന്റെ വഴിയെ പോകാന്‍ അനുവദിച്ചില്ല.
രണ്ട്- ഗാര്‍ഹിക പീഡനക്കേസില്‍ സമവായത്തിലൂടെ കുറ്റകൃത്യം ഒളിപ്പിച്ചുവയ്ക്കാനോ കേസ് ഒതുക്കാനോ മുഖ്യമന്ത്രിക്ക് നിയമം അനുവാദം നല്‍കുന്നില്ല. അങ്ങനെ ചെയ്താല്‍ കുറ്റകൃത്യത്തെപ്പറ്റി അറിവുകിട്ടിയിട്ടും നിയമപരമായ കടമ നിറവേറ്റാത്തതിന് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 176 വകുപ്പുപ്രകാരം കേസെടുക്കാവുന്നതാണ്. ആറുമാസം വരെ തടവുകിട്ടാവുന്ന കുറ്റമാണത്. അതാണ് മുഖ്യമന്ത്രി ചെയ്തത്.
മൂന്ന്- നിര്‍ഭയമായും പക്ഷപാതരഹിതമായും ഭരണം നടത്തുമെന്ന് പ്രതിജ്ഞയെടുത്ത മുഖ്യമന്ത്രി അത് ലംഘിച്ചു. മന്ത്രിസഭാംഗത്തെ രക്ഷിക്കാന്‍വേണ്ടി യാമിനി തങ്കച്ചിയുടെ പരാതി വാങ്ങാതെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ഇത് ഭരണഘടനാ ലംഘനവും ഗുരുതരമായ സത്യപ്രതിജഞാ ലംഘനവുമാണ്.
യഥാര്‍ഥത്തില്‍ ഗണേശന്‍വിഷയം കേവലം ഒരു കുടുംബപ്രശ്നമല്ല. കാരണം മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന കുറ്റകൃത്യമാണ്. ഭാര്യയെ മന്ത്രി തല്ലിയെന്നും അതിന് ഇടയായ വഴക്കിനു കാരണം മന്ത്രിയുടെ പരസ്ത്രീബന്ധമാണെന്നും പരസ്യമായി ഭാര്യ പരാതിപ്പെട്ടിട്ടും ഗണേശനെ മന്ത്രിസ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്ന മുഖ്യമന്ത്രി പുതിയ ഭരണസദാചാരപാഠം കേരളത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുകയാണ്.
(ആര്‍ എസ് ബാബു)
ഗണേശ് പുറത്തേക്ക്
തിരു: അധികാരത്തിനായി ഏതു ഹീനകൃത്യത്തിനും ആരെയും ആയുധമാക്കാനും ഒട്ടും മടിക്കില്ലെന്ന് പലതവണ തെളിയിച്ചിട്ടുണ്ട് ഉമ്മന്‍ചാണ്ടി. ആ കുടിലമുഖമാണ് ഡോ. യാമിനി തങ്കച്ചി തുറന്നുകാട്ടിയത്. ക്രൂരമായ ഗാര്‍ഹികപീഡനത്തിന് ഇരയായ ഒരു സ്ത്രീയെ സമര്‍ഥമായി വഞ്ചിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. എന്നാല്‍, ചതിപ്രയോഗങ്ങളിലുടെ ഗണേശിനെ സംരക്ഷിക്കാനുള്ള തന്ത്രം പൊളിയുകയാണ്. മന്ത്രിക്ക് തല്ലുകിട്ടിയെന്ന് പരാതി ഉയര്‍ന്നഘട്ടത്തില്‍ തന്നെ രാജിയുണ്ടായിരുന്നെങ്കില്‍ മുഖം രക്ഷിക്കാമായിരുന്നു എന്ന അഭിപ്രായം യുഡിഎഫ് നേതാക്കളില്‍ ചിലര്‍ക്കുണ്ട്. ഇപ്പോള്‍ മുഖ്യമന്ത്രിയെക്കൂടി പ്രതിക്കൂട്ടില്‍ കയറ്റിയാണ് ഗണേശ് പുറത്തുപോകാനൊരുങ്ങുന്നത്. മുഖ്യമന്ത്രി നിരസിച്ച പരാതിയുമായി യാമിനി വീണ്ടും ക്ലിഫ് ഹൗസിലെത്തിയത് പിന്മാറാന്‍ ഒരുക്കമില്ലെന്നു വ്യക്തമാക്കിയാണ്. അവര്‍ പൊലീസിലും പരാതി നല്‍കി. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയാണ് രാജിയില്ലെന്ന് ഗണേശ് പ്രഖ്യാപിച്ചത്. ഘടകകക്ഷി മന്ത്രിമാരുമായി തിരക്കിട്ട് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയപ്പോള്‍ ഉടന്‍ രാജിയുണ്ടാകുമെന്ന് പ്രതീതി പരന്നിരുന്നു. എന്നാല്‍, രാജിസാധ്യത ഗണശും മുഖ്യമന്ത്രിയും നിരസിച്ചു. സദാചാരം, ധാര്‍മികത, സത്യസന്ധത എന്നിവയ്ക്കൊന്നും യുഡിഎഫ് അജന്‍ഡയില്‍ സ്ഥാനമില്ലെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമായി.
ഗണേശിനെതിരെ ഗാര്‍ഹികപീഡനവും അവിഹിതബന്ധവും ഉന്നയിച്ചത് ഭാര്യയാണ്. കോണ്‍ഗ്രസ് എംഎല്‍എ എ ടി ജോര്‍ജിനെതിരെ സ്ത്രീപീഡന പരാതി മുഖ്യമന്ത്രിയുടെ മുമ്പിലുണ്ട്. സൂര്യനെല്ലി പെണ്‍കുട്ടി കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യനെതിരെ പരാതി നേരിട്ട് ഉന്നയിച്ചു. മൂന്നു സംഭവത്തിലും പരാതിക്കാര്‍ക്കെതിരെയാണ് യുഡിഎഫ് സര്‍ക്കാര്‍. സൂര്യനെല്ലി പെണ്‍കുട്ടി 19 വര്‍ഷം മുമ്പത്തെ കാര്യം ആവര്‍ത്തിക്കുന്നതായി അധിക്ഷേപിച്ചു മുഖ്യമന്ത്രി. ഇപ്പോള്‍ യാമിനി തങ്കച്ചി ബാഹ്യപ്രേരണയില്‍ കള്ളം പറയുന്നു എന്നാണ് മുഖ്യമന്ത്രിയുടെ ന്യായം. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഗണേശ് കുടുംബകോടതിയെ സമീപിച്ചത്. അത് ചതിയുടെ മറ്റൊരു ചിത്രം. കുറ്റകൃത്യങ്ങള്‍ ഒരുപാടാണ് ഈ വിഷയത്തില്‍ ഉമ്മന്‍ചാണ്ടി ചെയ്തുകൂട്ടിയത്. പരാതി വാങ്ങാതെ സമര്‍ഥമായി യാമിനിയെ തിരിച്ചയച്ചു, എല്ലാം രമ്യമായി പരിഹരിക്കാമെന്ന് ഉറപ്പുനല്‍കി ചതിച്ചു, പരാതിയില്ലെന്ന് എഴുതിവാങ്ങി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു, ഒടുവില്‍ യാമിനിക്കെതിരെ കോടതിയെ സമീപിക്കാന്‍ മന്ത്രിക്ക് അനുമതി നല്‍കി. നിയമം നടപ്പാക്കി പൗരന്മാര്‍ക്ക് സംരക്ഷണം നല്‍കാന്‍ ചുമതലയുള്ള ഭരണാധികാരി നിയമലംഘകനായി, തുടര്‍ച്ചയായി കള്ളം പറഞ്ഞു. അതിപ്പോഴും തുടരുന്നു. യാമിനിയുടെ വാര്‍ത്താസമ്മേളനത്തിനു ശേഷവും അദ്ദേഹം പരാതി കിട്ടിയില്ലെന്ന് ആവര്‍ത്തിച്ചു.
മാര്‍ച്ച് മൂന്നിനാണ് ജോര്‍ജിന്റെ വെളിപ്പെടുത്തല്‍. തന്നെ ആരും തല്ലിയില്ല, നെല്ലിയാമ്പതി വിഷയവുമായി ബന്ധപ്പെട്ട് ജോര്‍ജ് നടത്തുന്ന വേട്ടയാടലിന്റെ തുടര്‍ച്ച-എന്നിങ്ങനെ ഗണേശ് ന്യായങ്ങളുയര്‍ത്തി. ഒടുവില്‍ തനിക്ക് അടി കിട്ടിയെന്നും അത് ഫെബ്രുവരി 22നാണെന്നും മന്ത്രി തന്നെ സമ്മതിച്ചു. പക്ഷേ, തല്ലിയത് ഭാര്യയാണ്, കാമുകിയുടെ ഭര്‍ത്താവല്ല എന്നും മന്ത്രി പറയുന്നു. 23നു താന്‍ മുഖ്യമന്ത്രിയെ ഇക്കാര്യം ധരിപ്പിച്ചതായാണ് യാമിനി പറഞ്ഞത്. ഗണേശിനെ ഏതുവിധേനയും സംരക്ഷിക്കാനാണ് മുഖ്യമന്ത്രിയും യുഡിഎഫ് നേതൃത്വവും ശ്രമിച്ചത്. യുഡിഎഫ് നേതാക്കള്‍ക്കൊപ്പം കോണ്‍ഗ്രസ് മഹിളാ നേതാക്കളടക്കം ന്യായീകരണവുമായി ഇറങ്ങി. ഒന്നുകില്‍ ഗണേശ്, അല്ലെങ്കില്‍ ജോര്‍ജ്-രണ്ടിലൊരാള്‍ പുറത്തുപോകണമെന്ന അവസ്ഥ ഉമ്മന്‍ചാണ്ടി മറികടന്നു. മന്ത്രിപദം ഒഴിയേണ്ടിവന്നാല്‍ എംഎല്‍എ സ്ഥാനവും രാജിവയ്ക്കുമെന്ന ഗണേശിന്റെ ഭീഷണി വന്നപ്പോഴാണ് മധ്യസ്ഥശ്രമം തുടങ്ങിയത്. തൊഴില്‍മന്ത്രിയെ മധ്യസ്ഥനായി നിയോഗിച്ചു. യുഡിഎഫ് നേതൃയോഗവും ഉന്നതാധികാരസമിതിയും മാറിമാറി ചര്‍ച്ച നടത്തി. ഒടുവില്‍ എത്രതന്നെ നാറിയാലും അധികാരത്തില്‍ തുടരുകയെന്ന പതിവ് ഒത്തുതീര്‍പ്പ് രൂപപ്പെട്ടു.
(കെ എം മോഹന്‍ദാസ്)
Stop Press
ഗണേഷ് കുമാര്‍ രാജിവെച്ചു
deshabhimani 020413
No comments:
Post a Comment