Monday, December 23, 2013

ശമ്പളച്ചെലവിന് നിയന്ത്രണം: 85,000 സഹ. ജീവനക്കാര്‍ പ്രതിസന്ധിയിലാകും

സഹകരണ സ്ഥാപനങ്ങളില്‍ വായ്പാ തിരിച്ചടവ് തുക, പലിശ, നിക്ഷേപം തുടങ്ങിയവയില്‍നിന്ന് ശമ്പളച്ചെലവുകള്‍ നല്‍കാന്‍ പാടില്ലെന്നു കാട്ടി രജിസ്ട്രാര്‍ സര്‍ക്കുലര്‍ ഇറക്കി. കക്ഷി ഭേദമെന്യേ നിയമസഭ തള്ളിയ നിയമ ഭേദഗതി നിര്‍ദേശമാണ് എക്സിക്യൂട്ടീവ് ഉത്തരവിലൂടെ സര്‍ക്കാര്‍ നടപ്പാക്കുന്നത്. 85,000 വരുന്ന സഹകരണ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും കവരുന്നതാണ് പുതിയ ഉത്തരവ്. ഇത്തരത്തില്‍ തുക വിനിയോഗിക്കുന്നുണ്ടെങ്കില്‍, തടയേണ്ട ചുമതല സംഘം ഭരണസമിതിക്കാണെന്നും സഹകരണ രജിസ്ട്രാറുടെ 73/13-ാം നമ്പര്‍ സര്‍ക്കുലറില്‍ പറയുന്നു.

ഇല്ലെങ്കില്‍ കേരള സഹകരണ നിയമം വകുപ്പ് 68 പ്രകാരം ഭരണസമിതിയെ പിരിച്ചുവിടുന്നത് അടക്കമുള്ള നടപടി സ്വീകരിക്കുമെന്നാണ് ഭീഷണി. യൂണിറ്റ് ഇന്‍സ്പെക്ടര്‍മാര്‍, ഓഡിറ്റര്‍മാര്‍ തുടങ്ങിയവര്‍ ഇത് പരിശോധിക്കണം. ഉത്തരവ് ലംഘിക്കുന്ന സംഘങ്ങള്‍ക്ക് നിക്ഷേപം സ്വീകരിക്കാനുള്ള അനുവാദം നിഷേധിക്കണമെന്നും ജോയിന്റ് രജിസ്ട്രാര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കുലര്‍ അനുസരിച്ച് ആദ്യഘട്ടത്തില്‍ ശമ്പളവും ആനൂകല്യങ്ങളും നിഷേധിക്കപ്പെടുക നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങളിലെ ജീവനക്കാര്‍ക്കായിരിക്കും.

50 ശതമാനത്തിലേറെ സംഘങ്ങളും ഈ വിഭാഗത്തില്‍പ്പെടുന്നു. സര്‍ക്കാര്‍ നയങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് മിക്ക സംഘങ്ങളും നഷ്ടത്തിലായത്. സഹകരണ രജിസ്ട്രാറുടെ കീഴിലുള്ള സംഘങ്ങളില്‍ 70,000ല്‍പരം ജീവനക്കാരുണ്ട്. സഹകരണനിയമം മൂലനിയമമായി അംഗീകരിച്ച് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള ക്ഷീരം, കയര്‍, കൈത്തറി, മത്സ്യം തുടങ്ങി പരമ്പരാഗതമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങളിലായി 15,000ല്‍പരം ജീവനക്കാരുണ്ട്. കേരള സഹകരണ സംഘങ്ങള്‍ (ഭേദഗതി) ബില്‍-2013 നിയമസഭയില്‍ അവതരിപ്പിച്ചപ്പോള്‍ വായ്പ തിരിച്ചടവും നിക്ഷേപവും ഉപയോഗിച്ച് ശമ്പളച്ചെലവ് നടത്തരുതെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയിരുന്നു.

കക്ഷിഭേദമെന്യേ എതിര്‍ത്തതിനെ തുടര്‍ന്നാണ് ആ ഭാഗം പിന്‍വലിച്ചത്. പുതിയ ഉത്തരവ് നടപ്പാക്കിയാല്‍ ശമ്പളം, സ്പെഷ്യല്‍ വേതനം, ക്ഷാമബത്ത, പിഎഫ് വിഹിതം, ഗ്രാറ്റുവിറ്റി, ക്ഷേമനിധി വിഹിതം, പെന്‍ഷന്‍ വിഹിതം, ലീവ് സറണ്ടര്‍ തുടങ്ങിയവയെല്ലാം നിഷേധിക്കപ്പെടും. പല സാമൂഹ്യസുരക്ഷാ പദ്ധതികളും ഏറ്റെടുക്കുന്ന ക്ഷേമനിധിബോര്‍ഡും പ്രതിസന്ധിയിലാകും.
(ജി രാജേഷ്കുമാര്‍)

deshabhimani

No comments:

Post a Comment