അമേരിക്കന്‍ സാമ്രാജ്യത്വം എത്ര സമ്മര്‍ദം ചെലുത്തിയാലും ബൊളിവാറിയന്‍ സോഷ്യലിസ്റ്റ് വിപ്ലവപാതയില്‍നിന്ന് ഒരിഞ്ചു പിന്നോട്ടുപോകില്ലെന്ന് വെനസ്വേലന്‍ വിദേശമന്ത്രി ഏലിയാസ് ജുവാ മിലാനോ. ലോകത്തെ ഏറ്റവും എണ്ണസമ്പന്നമായ രാജ്യത്ത് സോഷ്യലിസം കെട്ടിപ്പടുക്കുകയെന്ന വെല്ലുവിളിയാണ് ബൊളിവാറിയന്‍ വിപ്ലവനേതൃത്വം ഏറ്റെടുത്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹി ബി ടി ആര്‍ ഭവനില്‍ വെനസ്വേല ഐക്യദാര്‍ഢ്യസമിതി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മിലാനോ.
1998ല്‍ ഹ്യൂഗോ ഷാവേസ് അധികാരമേല്‍ക്കുംമുമ്പ് വെനസ്വേലയില്‍നിന്നുള്ള എണ്ണടാങ്കറുകള്‍ അമേരിക്കയിലേക്കാണ് നീങ്ങിയിരുന്നത്. എതിര്‍ദിശയിലേക്ക് ടാങ്കറുകള്‍ ഓടാന്‍ തുടങ്ങിയത് ഷാവേസിന്റെ ധീരമായ നിലപാടിനെതുടര്‍ന്നാണ്. ഇപ്പോള്‍ ചൈനയ്ക്കും ഇന്ത്യക്കും ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കും വെനസ്വേല ന്യായവിലയ്ക്ക് എണ്ണ നല്‍കുന്നു. വെനസ്വേലയ്ക്കും ഇതരരാജ്യങ്ങള്‍ക്കും പ്രയോജനകരമായ തീരുമാനമാണ് ഷാവേസ് സര്‍ക്കാര്‍ എടുത്തത്. പ്രകോപിതരായ അമേരിക്ക ഷാവേസിനെ എല്ലാരീതിയിലും ആക്രമിച്ചിട്ടും വെനസ്വേല കീഴടങ്ങിയില്ല. ഷാവേസിന്റെ മരണശേഷം സാമ്രാജ്യത്വം അടവുമാറ്റി. അമേരിക്കന്‍ പക്ഷക്കാരായ വെനസ്വേലന്‍ വലതുപക്ഷവും രാജ്യത്തെ ബൂര്‍ഷ്വാമാധ്യമങ്ങളും ഷാവേസിനെ മഹാനായി അംഗീകരിച്ചു. എന്നാല്‍, ഷാവേസിന്റെ വിയോഗത്തോടെ വിപ്ലവനേതൃത്വം വട്ടപ്പൂജ്യമായെന്ന് പ്രചരിപ്പിച്ചു. ഇനി സര്‍ക്കാരിനെ അംഗീകരിക്കേണ്ട കാര്യമില്ലെന്ന് വലതുപക്ഷം ആഹ്വാനംചെയ്തു. അക്രമം നടത്താന്‍ പ്രേരിപ്പിച്ചു. ഇതെല്ലാം അതിജീവിക്കാനായി. ബൊളിവാറിയന്‍ വിപ്ലവപ്രകിയ മുന്നോട്ടുകൊണ്ടുപോകാനുള്ള വ്യക്തമായ പരിപാടി അവതരിപ്പിച്ചാണ് മഡൂറോ മത്സരിച്ചത്. പ്രസിഡന്റായശേഷം ആ പാതയില്‍ നീങ്ങുന്നു. മഡൂറോയുടെ വിജയം അമേരിക്ക ആദ്യം അംഗീകരിച്ചില്ല. പിന്നീട് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പ്രശംസകളിലൂടെ വെനസ്വേലയുടെ എണ്ണനയം തിരുത്തിക്കാന്‍ ശ്രമിച്ചു. ഈ കെണിയിലും വെനസ്വേല വീണില്ല.
മഡൂറോ സര്‍ക്കാരിന്റെ ജനപിന്തുണ വ്യക്തമാക്കുന്നതാണ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ഫലം. 72 ശതമാനം മുനിസിപ്പാലിറ്റികളിലും ഭരണസഖ്യം വിജയിച്ചു. തലസ്ഥാനമായ കാരക്കാസ് ഉള്‍പ്പെടെ വന്‍നഗരങ്ങളിലും സോഷ്യലിസ്റ്റ് സഖ്യം ഭരണം പിടിച്ചു. ഭക്ഷ്യധാന്യ ഉല്‍പ്പാദനത്തിലും വെനസ്വേല സ്വയംപര്യാപ്തത നേടാനുള്ള ശ്രമത്തിലാണ്. എല്ലാവര്‍ക്കും നല്ല വീട് എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാനും പദ്ധതിയുണ്ട്. കുട്ടികള്‍ക്ക് ഭക്ഷണവും വിദ്യാഭ്യാസവും സൗജന്യമാണ്. ഇതെല്ലാം അട്ടിമറിക്കാനുള്ള നീക്കത്തിനു വഴങ്ങുന്ന പ്രശ്നമില്ല-മിലാനോ പറഞ്ഞു.
വെനസ്വേല ഐക്യദാര്‍ഢ്യസമിതി തയ്യാറാക്കിയ ലഘുലേഖ ചടങ്ങില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രകാശനം ചെയ്തു. ഇന്ത്യയിലെ പുരോഗമന-ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ എന്നും വെനസ്വേലന്‍ ജനതയ്ക്കൊപ്പം നിലകൊള്ളുമെന്ന് കാരാട്ട് പറഞ്ഞു. വെനസ്വേലയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യവ്യാപക പ്രചാരണം നടത്തും. സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി, അചിന്‍ വനൈക്, സോണിയ ഗുപ്ത എന്നിവര്‍ സംസാരിച്ചു. മുതിര്‍ന്ന സിപിഐ നേതാവ് എ ബി ബര്‍ദന്‍ അധ്യക്ഷനായി. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരി, എ കെ പത്മനാഭന്‍, വെനസ്വേലന്‍-ക്യൂബന്‍ നയതന്ത്രജ്ഞര്‍ എന്നിവര്‍ പങ്കെടുത്തു.
deshabhimani
No comments:
Post a Comment