Sunday, December 22, 2013

അഭിലാഷ് "പാവം പയ്യന്റെയും" കച്ചവട പങ്കാളി

ഗുജറാത്ത് വ്യവസായി അഭിലാഷ് മുരളീധരന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ "പാവം പയ്യന്‍" തോമസ് കുരുവിളയുടെയും കച്ചവടപങ്കാളി. അഭിലാഷിന്റെ സഹായത്തോടെയാണ് ഗുജറാത്തിലെ കച്ച് മേഖലയിലും മറ്റും തോമസ് കുരുവിള റിയല്‍ എസ്റ്റേറ്റ് രംഗത്ത് വന്‍തോതില്‍ പണമൊഴുക്കിയത്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന്‍ അഭിലാഷിന്റെ ബിസിനസ് പങ്കാളിയാണെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് കുരുവിളയുടെ പങ്കാളിത്തവും വെളിപ്പെട്ടത്.

ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തനായി പ്രവര്‍ത്തിച്ചു തുടങ്ങിയതുമുതലാണ് കുരുവിളയുമായി അഭിലാഷ് ബന്ധം സ്ഥാപിച്ചത്. സോളാര്‍ കേസ് പ്രതികളായ സരിതയ്ക്കും ബിജുവിനും ഡല്‍ഹിയില്‍ വേണ്ട സഹായമൊരുക്കിയതും കുരുവിളയാണ്. സരിത അറസ്റ്റിലാകും മുമ്പുവരെ കുരുവിളയുമായി ഫോണില്‍ സംസാരിച്ചതിന്റെ വിശദാംശം "ദേശാഭിമാനി" പുറത്തുവിട്ടിരുന്നു. സോളാര്‍ കേസ് പ്രതികളുമായി ഇടപെട്ട അതേസമയത്താണ് ഗുജറാത്തില്‍ അഭിലാഷുമായി കുരുവിള ബന്ധം സ്ഥാപിച്ചത്. കുരുവിള വഴി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ അഹമ്മദാബാദില്‍ മലയാളി സമാജത്തിന്റെയും മറ്റും പരിപാടികള്‍ക്ക് എത്തിച്ച് വിശ്വാസ്യത നേടിയെടുക്കാന്‍ അഭിലാഷിനായി. ഗുജറാത്തില്‍ മോഡി സര്‍ക്കാരിന്റെ വിശ്വസ്തനായ അഭിലാഷ് കുരുവിള വഴി കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിലും സ്വാധീനം ഉറപ്പിച്ചു. മോഡി സര്‍ക്കാരിനും ഉമ്മന്‍ചാണ്ടി സര്‍ക്കാരിനും ഇടയിലുള്ള പാലമായി അഭിലാഷ് മാറി. പട്ടേല്‍പ്രതിമ നിര്‍മാണത്തിന് പിന്തുണ തേടി ഗുജറാത്ത് മന്ത്രിസംഘത്തെ കേരളത്തില്‍ എത്തിച്ചതും ഈ ബന്ധത്തിന്റെ തുടര്‍ച്ചയായാണ്. സോളാര്‍ പ്രതികളുമായുള്ള ബന്ധം തെളിവടക്കം പുറത്തുവന്നിട്ടും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം കുരുവിളയെ അന്വേഷണത്തില്‍നിന്ന് ഒഴിവാക്കി. ഡല്‍ഹിയില്‍ വരുമ്പോഴെല്ലാം ഉമ്മന്‍ചാണ്ടി ഉപയോഗിച്ചിരുന്നത് കുരുവിളയുടെ 9895184389 എന്ന മൊബൈല്‍ നമ്പര്‍ ആയിരുന്നു. സോളാര്‍ പ്രതികളടക്കം ഈ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ അനൗദ്യോഗിക സെക്രട്ടറിയായത് മുതലാണ് കുരുവിളയുടെ അഭൂതപൂര്‍വമായ സാമ്പത്തികകുതിപ്പ്. ഈ സാമ്പത്തികസ്രോതസ്സിനെ കുറിച്ചും അന്വേഷണമുണ്ടായില്ല. കൊല്ലം എംപി പീതാംബരക്കുറുപ്പ്, ഇബ്രാഹിംകുട്ടി കല്ലാര്‍ തുടങ്ങി പല കോണ്‍ഗ്രസ് നേതാക്കളും അഭിലാഷിന്റെ ആതിഥേയത്വം സ്വീകരിച്ച് അഹമ്മദാബാദില്‍ എത്തിയിരുന്നു. ഗുജറാത്തിലെ മലയാളി സംഘടനകളുടെ പരിപാടികളില്‍ പങ്കെടുപ്പിക്കാന്‍ തോമസ് കുരുവിളയാണ് കുറുപ്പിനെ ഡല്‍ഹിയില്‍ നിന്ന് അഹമ്മദാബാദില്‍ എത്തിച്ചത്. ഇരുവരുടെയും ആതിഥേയന്‍ അഭിലാഷ് ആയിരുന്നു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായതോടെയാണ് കുരുവിളയുടെ ഗുജറാത്ത് ബന്ധം തുടങ്ങിയത്. കുരുവിള അഹമ്മദാബാദും കച്ചും സന്ദര്‍ശിച്ചപ്പോള്‍ ആതിഥേയത്വമൊരുക്കിയത് അഭിലാഷാണ്. എവിടെയൊക്കെ നിക്ഷേപമാകാം എന്ന കാര്യങ്ങളില്‍ ഉപദേശകനും ഇയാള്‍ തന്നെ.
(എം പ്രശാന്ത്)

അഭിലാഷ്- തിരുവഞ്ചൂര്‍ ബന്ധത്തിന് ഇനിയും തെളിവുണ്ടെന്ന് പി സി ജോര്‍ജ്

കോട്ടയം: മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഗുജറാത്തിലെ വിവാദവ്യവസായി അഭിലാഷ് മുരളീധരന്‍ വക്കീല്‍ നോട്ടീസല്ല, കോടതിയില്‍ കേസ് കൊടുത്താലും നേരിടുമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ വെല്ലുവിളി. തിരുവഞ്ചൂരിന്റെ മകനെ കഴിവ് പരിഗണിച്ചാണ് ഡയറക്ടര്‍ബോര്‍ഡ് അംഗമാക്കിയതെന്ന അഭിലാഷ് മുരളീധരന്റെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കുകയായിരുന്നു ജോര്‍ജ്.

വല്ലഭായി പട്ടേല്‍ പ്രതിമാനിര്‍മാണവുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ ഗുജറാത്ത് മന്ത്രിയുടെ സംഘത്തിലെ വ്യവസായി കരുനാഗപ്പള്ളി സ്വദേശിയായ അഭിലാഷ് മുരളീധരനുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ബന്ധം അന്വേഷിക്കണമെന്ന് ജോര്‍ജ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇയാള്‍ക്ക് സോളാര്‍ കേസുമായി ബന്ധമുണ്ടെന്നും സാമ്പത്തിക ഇടപാട് അന്വേഷിക്കണമെന്നും ജോര്‍ജ് തുറന്നടിച്ചു. ഇതിനെതിരെ വക്കീല്‍ നോട്ടീസ് അയക്കുമെന്നായിരുന്നു അഭിലാഷ് അറിയിച്ചത്. കഴിവുള്ളവരെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാക്കുമെങ്കില്‍ ഇതിലേറെ കഴിവുള്ള ആയിരം പേരെ കൊണ്ടുവരാം. അവരെ ഡയറക്ടര്‍ ബോര്‍ഡില്‍ എടുക്കുമോയെന്ന് അഭിലാഷ് വ്യക്തമാക്കണം. വക്കീല്‍ നോട്ടീസ് കൊണ്ടൊന്നും രക്ഷപ്പെടാനാവില്ല. തിരുവഞ്ചൂരുമായുള്ള ബന്ധത്തിന്റെ കൂടുതല്‍ തെളിവുകള്‍ പക്കലുണ്ട്. 600-700 പേജുകള്‍ വരുന്ന തെളിവുകള്‍ പഠിക്കുകയാണെന്നും ജോര്‍ജ് പറഞ്ഞു. സമയമാകുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തും. ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡി ഗുജറാത്തില്‍ നിര്‍മിക്കുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയുടെ പ്രചാരണാര്‍ഥം കോട്ടയത്ത് സംഘടിപ്പിച്ച ഏകതായാത്ര ജോര്‍ജ് ഫ്ളാഗ് ഓഫ് ചെയ്തത് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് തിരുവഞ്ചൂരും അഭിലാഷും തമ്മില്‍ ബന്ധമുണ്ടെന്ന് ജോര്‍ജ് ആരോപിച്ചത്.

മുഖ്യമന്ത്രിയെ കണ്ടത് പ്രതിമാ നിര്‍മാണക്കാര്യത്തിന്: അഭിലാഷ്

ന്യൂഡല്‍ഹി: ഗുജറാത്ത് മന്ത്രിസംഘത്തോടൊപ്പമാണ് താന്‍ തിരുവനന്തപുരത്ത് എത്തിയതെന്ന് വിവാദ വ്യവസായി അഭിലാഷ് മുരളീധരന്‍. തന്റെ കൊല്ലം തഴവയിലെ വീട്ടിലെത്തിയ മന്ത്രിസഭാംഗങ്ങള്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു. പിന്നീട് പോത്തന്‍കോട്ടെ ശാന്തിഗിരി ആശ്രമം കാണണമെന്ന് ആവശ്യപ്പെട്ട പ്രകാരമാണ് തിരുവനന്തപുരത്ത് എത്തിയത്. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ പ്രതിമാ നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍വേണ്ടിയാണ് മന്ത്രിമാര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയത്. തുടര്‍ന്ന് മസ്കറ്റ് ഹോട്ടലില്‍ മന്ത്രിസംഘത്തിന്റെ വാര്‍ത്താസമ്മേളനം നിശ്ചയിച്ചിരുന്നു. അവിടെവച്ച് തിരുവഞ്ചൂരിനെ കണ്ടുമുട്ടി. ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ ഗുജറാത്ത് സംഘത്തിന് താന്‍ തിരുവഞ്ചൂരിനെ പരിചയപ്പെടുത്തിക്കൊടുത്തെന്നും പിന്നീട് ഒരുമിച്ച് ഭക്ഷണം കഴിച്ചെന്നും അഭിലാഷ് സമ്മതിച്ചു. തിരുവഞ്ചൂരിന്റെ മകന്‍ അര്‍ജുന്റേത് രാഷ്ട്രീയ നിയമനമല്ലെന്നും അഭിലാഷ് വാദിച്ചു. ശനിയാഴ്ച ഇറക്കിയ വാര്‍ത്താക്കുറിപ്പിലാണ് പ്രൊഫഷണല്‍ മികവുള്ള അര്‍ജുനെ കമ്പനിയില്‍ നിയമിച്ചതായി അഭിലാഷ് പറയുന്നത്. 2009ല്‍ അമേരിക്കയില്‍ പഠിക്കുമ്പോള്‍ത്തന്നെ കമ്പനിയുമായി സഹകരിച്ച അര്‍ജുന് പഠനം പൂര്‍ത്തിയായശേഷം നിയമനം നല്‍കിയെന്നും അഭിലാഷ് പറഞ്ഞു.

മകന്‍ മിടുക്കനെന്ന് തിരുവഞ്ചൂര്‍

തിരു: പഠനത്തില്‍ മികവ് തെളിയിച്ച മകന്‍ സ്വന്തം നിലയ്ക്ക് നേട്ടങ്ങള്‍ കൈവരിച്ചതിന് താന്‍ മറുപടി പറയേണ്ടതില്ലെന്നാണ് തിരുവഞ്ചൂര്‍ "ദേശാഭിമാനി" വാര്‍ത്തയോട് പ്രതികരിച്ചു. മകന്‍ പൂര്‍ണ സ്കോളര്‍ഷിപ്പോടെയാണ് പഠനം പൂര്‍ത്തിയാക്കിയതെന്നും യൂണിവേഴ്സിറ്റിയുടെ കണ്‍സള്‍ട്ടന്റ് എന്ന നിലയ്ക്കാണ് ബിസിനസില്‍ ഏര്‍പ്പെട്ടത്. അഭിലാഷിനെതിരെ കേരളത്തില്‍ ഒരു കേസുമില്ലെന്നും ഇതുവരെ ഒരു ആരോപണവും ഉണ്ടായിട്ടില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ആരോപണം ഉന്നയിച്ച ചീഫ് വിപ്പ് പി സി ജോര്‍ജിനെതിരെ അഭിലാഷ് അഞ്ചു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചു. ആരോപണം കോടതിയില്‍ തെളിയിക്കുമെന്ന് ജോര്‍ജ് തിരിച്ചടിച്ചു. തിരുവഞ്ചൂരിന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണനുമായി തനിക്ക് പ്രൊഫഷണല്‍ ബന്ധമാണുള്ളതെന്ന് അഭിലാഷും പ്രതികരിച്ചു. അതിനിടെ അഭിലാഷും മന്ത്രി തിരുവഞ്ചൂരും വര്‍ഷങ്ങളോളമായി അടുത്ത സുഹൃത്തുക്കളാണെന്ന് വ്യക്തമായി. ഗുജറാത്ത് ഗാന്ധിനഗറിലെ അഭിലാഷിന്റെ കമ്പനി ഓഫീസും വീടും തിരുവഞ്ചൂര്‍ പലതവണ സന്ദര്‍ശിച്ചിട്ടുണ്ട്.

deshabhimani

No comments:

Post a Comment