കണ്ണൂര്‍: കേരളത്തിലെ മൂന്നാമത്തെ പത്രമായി തലയുയര്‍ത്തി നില്‍ക്കുന്ന ദേശാഭിമാനിയെ അപകീര്‍ത്തിപ്പെടുത്താനും ജനറല്‍ മാനേജരെ വ്യക്തിഹത്യ ചെയ്യാനുമുള്ള ബോധപൂര്‍വമായ ശ്രമമാണ് ഏഷ്യനെറ്റിന്റേതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗമായ ഇ പി ജയരാജന്‍ പറഞ്ഞു. ദേശാഭിമാനിയുടെ സ്ഥലവും കെട്ടിടവും ചെറിയ വിലയ്ക്ക് വിറ്റുവെന്ന ഏഷ്യനെറ്റ് വാര്‍ത്ത പത്രത്തെ സംശയദൃഷ്ടിയില്‍ നിത്തുന്നതിന് സൃഷ്ടിച്ചതാണ്. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇ പി.
രണ്ടുവര്‍ഷം മുമ്പ് തിരുവനന്തപുരം മാഞ്ഞാലിക്കുളത്തെ ദേശാഭിമാനിയുടെ കെട്ടിടവും 32 സെന്റ് സ്ഥലവും വില്‍പന നടത്തിയത് സുതാര്യമായാണ്. വില്‍പനയ്ക്ക് മുന്നോടിയായി പത്രപരസ്യം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി സ്ഥലം ഏജന്റുമാര്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ സമീപിച്ചു. നേരിട്ടുള്ള കച്ചവടത്തിന് മാത്രമെയുള്ളൂവെന്നും വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് തിരുവല്ല സ്വദേശിയും കോയമ്പത്തൂരിലെ ബിസിനസ്കാരനുമായ ഡാനിഷ് ചാക്കോയ്ക്ക് മൂന്നരക്കോടി രൂപയ്ക്ക് സ്ഥലവും കെട്ടിടവും വിറ്റത്. വി എം രാധാകൃഷ്ണനെന്ന് പറയുന്നയാളുമായി ദേശാഭിമാനി് ഒരു ഇടപാടും നടത്തിയിട്ടില്ല. ഡാനിഷ് ചാക്കോ ആര്‍ക്കെങ്കിലും ഇത് മറിച്ചുവിറ്റുവോ എന്നറിയില്ല.
മാഞ്ഞാലിക്കുളത്തെ ദേശാഭിമാനി കെട്ടിടം കാലാഹരണപ്പെട്ടതായിരുന്നു. പുതിയ കെട്ടിടം നിര്‍മിക്കാതെ ഇവിടെ തുടരാന്‍ പറ്റുമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് വില്‍പന നടത്താന്‍ തീരുമാനിച്ചത്. ദേശാഭിമാനി കാലോചിതമായി പരിഷ്ക്കരിക്കുന്നതിന്റെ ഭാഗമായാണ് കെട്ടിടവും സ്ഥലവും വിറ്റത്. ഇതിന്റെ തുകയും ദേശാമാനിയുടെ മൂലധനവും ജനങ്ങളുടെ സഹായവും കൊണ്ടാണ് തിരുവനന്തപുരം തമ്പാന്നൂരില്‍ 60 സെന്റ് സ്ഥലംവാങ്ങി പുതിയ കെട്ടിടം പണിതത്. സ്ഥലത്തിന് സെന്റിന് ഏഴുലക്ഷം രൂപയാണ് നല്‍കിയത്. സ്ഥലത്തിന് മാത്രം 4.20 കോടി രൂപ ചെലവായി. ഈ ഇടപാടും സുതാര്യമായിരുന്നു. തമ്പാനൂരിലെ തലയുയര്‍ത്തി നില്‍ക്കുന്ന കെട്ടിടം കണ്ട് ചിലര്‍ അസൂയപ്പെടുകയാണ്.
നവീകരണത്തിന്റെ പാതയിലാണ് ദേശാഭിമാനി. രണ്ടു പ്രസ്സുകള്‍ നവീകരിച്ചതിന്റെ ഉദ്ഘാടനം നടക്കാന്‍ പോകുകയാണ്. സിപിഐ എമ്മിന്റെ മുഖപത്രമെന്നതിലുപരി ദേശാഭിമാനി ജനങ്ങളുടെ പൊതുപത്രമായി മാറിയിരിക്കുകയാണ്. കേരളത്തില്‍ ഏറ്റവും കൂടുതലാളുകള്‍ വായിക്കുന്ന പത്രമാണ്.
ദേശാഭിമാനിക്കെതിരെ ഒരു മാധ്യമസ്ഥാപനം വാര്‍ത്തകൊടുക്കുമ്പോള്‍ ജനറല്‍ മാനേജരായ എന്നോട് നിജസ്ഥിതി അന്വേഷിക്കാമായിരുന്നു. വാര്‍ത്തകൊടുത്തതിന് ശേഷം ചര്‍ച്ചയ്ക്ക് വിളിക്കുകയായിരുന്നു. ഏഷ്യാനെറ്റിന്റെ കൂലിക്കാരനല്ലാത്തതിനാല്‍ ചര്‍ച്ചയക്ക് പങ്കെടുത്തില്ല. ഏഷ്യാനെറ്റിന്റേത് സത്യസന്ധവും നീതിപൂര്‍വകവുമായ മാധ്യമ പ്രവര്‍ത്തനമല്ല. ലക്ഷണമൊത്ത മലയാള പത്രമെന്ന നിലയില്‍ ദേശാഭിമാനിയെയും വ്യക്തിപരമായി തന്നെയും നശിപ്പിക്കുകയാണ് ഏഷ്യാനെറ്റിന്റെ ലക്ഷ്യം. അതിനൊപ്പം പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള ശ്രമവുമുണ്ട്. ഇതൊന്നും കൊണ്ട് ഉയര്‍ത്തിപ്പിടിക്കുന്ന നയത്തില്‍ നിന്ന് വ്യതിചലിക്കില്ല.
ഡാനിഷ് ചാക്കോയെ നാലുദിവസം മുമ്പ് ഏഷ്യനെറ്റ് ലേഖകന്‍ ഫോണില്‍ വിളിച്ച് ബ്ലാക്ക് മെയില്‍ ചെയ്തിരുന്നു. ഇതിനെതിരെ ചാക്കോ പത്രപ്രവര്‍ത്തക യൂണിയനും ഏഷ്യനെറ്റ് മാനേജ്മെന്റിനും പൊലീസിലും പരാതി നല്‍കുമെന്നറിയിച്ചിട്ടുണ്ട്. ചില മാധ്യമങ്ങള്‍ തന്നെ നിരന്തമായി വ്യക്തിഹത്യ ചെയ്യാന്‍ ബോധപൂര്‍വം ശ്രമിക്കുകയാണ്. ഇതിന് മുന്നില്‍ തലകുനിക്കുന്ന പ്രശ്നമില്ലെന്നും ഇപി പറഞ്ഞു.
deshabhimani
No comments:
Post a Comment