ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പന്‍ അഴിമതിക്ക് കളമൊരുക്കി ഇസ്രയേലുമായി ഇന്ത്യ പുതിയ ആയുധഇടപാടിന് തുടക്കംകുറിച്ചു. 880 കോടി രൂപയ്ക്ക് 262 ഇസ്രയേലി ബറാക്-1 മിസൈലുകള്‍ വാങ്ങാനുള്ള തീരുമാനത്തിന് പ്രതിരോധമന്ത്രി എ കെ ആന്റണി അനുമതി നല്‍കി. കോഴക്കേസിനെത്തുടര്‍ന്ന് ഏഴുവര്‍ഷമായി ബറാക്-1 മിസൈല്‍ ഇടപാട് മരവിപ്പിച്ചിരിക്കുകയായിരുന്നു. കോഴയ്ക്ക് തെളിവ് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് സിബിഐ റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ മിസൈല്‍ വാങ്ങാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകാന്‍ പ്രതിരോധമന്ത്രിയുടെ നേതൃത്വത്തിലുളള പ്രതിരോധ സംഭരണ കൗണ്‍സിലാണ്(ഡിഎസി) അനുമതി നല്‍കിയത്.
എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് ജോര്‍ജ് ഫെര്‍ണാണ്ടസ് പ്രതിരോധമന്ത്രിയായിരിക്കെ 2000 ഒക്ടോബറിലാണ് 1160 കോടി രൂപ ചെലവിട്ട് ബറാക്-1 മിസൈലുകള്‍ വാങ്ങാന്‍ കരാറുണ്ടാക്കിയത്. മിസൈല്‍ കൈമാറ്റം ആരംഭിച്ചശേഷം ഇടപാടിനായി കോഴ വാങ്ങിയെന്ന ആരോപണം ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് ജോര്‍ജ് ഫെര്‍ണാണ്ടസ്, അരുണ്‍ ജെയ്റ്റ്ലി, ആര്‍ കെ ജെയിന്‍, ആയുധ ഇടപാടുകാരനായ സുരേഷ് നന്ദ, നാവികസേന മേധാവിയായിരുന്ന സുശീല്‍കുമാര്‍ എന്നിവര്‍ക്കെതിരെ 2006 ഒക്ടോബറില്‍ സിബിഐ കേസെടുത്തു. ഇസ്രയേലി എയ്റോസ്പെയ്സ് ഇന്‍ഡസ്ട്രീസ്, റാഫേല്‍ എന്നീ ആയുധനിര്‍മാണക്കമ്പനികളും പ്രതികളായി. കരാര്‍ മരവിപ്പിക്കുകയുംചെയ്തു. എന്നാല്‍, ഈ കമ്പനികളെ കരിമ്പട്ടികയില്‍പെടുത്തണമെന്ന ആവശ്യം യുപിഎ സര്‍ക്കാര്‍ ചെവിക്കാണ്ടില്ല. 16 മുങ്ങിക്കപ്പല്‍വേധ യുദ്ധക്കപ്പലുകള്‍ വാങ്ങാന്‍ ആഗോള ടെന്‍ഡര്‍ വിളിക്കാനും ഡിഎസി അംഗീകാരം നല്‍കി. 13,440 കോടിരൂപയാണ് ഇതിനായി ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നത്. അപകടത്തില്‍പ്പെടുന്ന മുങ്ങിക്കപ്പലുകളില്‍നിന്ന് സൈനികരെ രക്ഷിക്കാനുള്ള രണ്ട് യാനങ്ങള്‍ ആഭ്യന്തരമായി നിര്‍മിക്കാനും തീരുമാനിച്ചു. 1500 കോടി രൂപയുടെ പദ്ധതിയാണിത്. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡില്‍നിന്ന് 300 കോടി രൂപയ്ക്ക് 41 ധ്രുവ് അഡ്വാന്‍സ്ഡ് ഹെലികോപ്റ്ററുകള്‍ വാങ്ങും. ഈ ഇടപാടുകള്‍ക്ക് സുരക്ഷ സംബന്ധിച്ച മന്ത്രിസഭാ ഉപസമിതി ഉടന്‍ അനുമതി നല്‍കിയേക്കും.
ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വന്‍തോതില്‍ ആയുധഇടപാടുകള്‍ നടത്തുന്നത് വിവാദമായിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷം ആയുധഇടപാടുകളുമായി ബന്ധപ്പെട്ട് 23 അഴിമതിക്കേസുകളാണ് സിബിഐ രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ ഏറ്റവുമധികം ആയുധം വാങ്ങുന്ന രാജ്യം ഇന്ത്യയാണെന്ന് സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2007-11ല്‍ 76,200 കോടി രൂപയുടെ ആയുധമാണ് ഇന്ത്യ വാങ്ങിക്കൂട്ടിയത്. െചൈന വാങ്ങിയത് 37,800 കോടി രൂപയുടെ ആയുധം- ഇന്ത്യയുടെ പകുതി മാത്രം. ഇന്ത്യയുടെ ആയുധസമാഹരണത്തില്‍ 75 ശതമാനവും ഇറക്കുമതിയാണ്. പ്രതിവര്‍ഷം 6000 കോടിയില്‍പ്പരം രൂപയുടെ ആയുധങ്ങള്‍ ഇസ്രയേലില്‍നിന്ന് ഇന്ത്യ വാങ്ങുന്നു. നാവികസേനയ്ക്കുവേണ്ടി ദീര്‍ഘദൂര മിസൈല്‍ വികസിപ്പിക്കാന്‍ 2606 കോടി രൂപയുടെ പദ്ധതിയും വ്യോമസേനയ്ക്കായി മധ്യദൂരമിസൈല്‍ വികസിപ്പിക്കാന്‍ 10,706 കോടി രൂപയുടെ പദ്ധതിയും പ്രതിരോധ ഗവേഷണവികസന സംഘടനയും(ഡിആര്‍ഡിഒ) ഇസ്രയേലി എയ്റോസ്പെയ്സ് ഇന്‍ഡസ്ട്രീസും(ഐഎഐ) ചേര്‍ന്ന് നടപ്പാക്കിവരികയുമാണ്.
deshabhimani
No comments:
Post a Comment