Monday, December 23, 2013

കുടിവെള്ളം കിട്ടാനും ഇനി ബാങ്ക് അക്കൗണ്ട് വേണം

പാചകവാതകത്തിന് പിന്നാലെ കുടിവെള്ളത്തിനും ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമാക്കുന്നു. ജല അതോറിറ്റിയെ ഘട്ടംഘട്ടമായി സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായണ് സംസ്ഥാന സര്‍ക്കാര്‍ ഉപഭോക്താക്കള്‍ക്കെല്ലാം ബാങ്ക് അക്കൗണ്ട് ഏര്‍പ്പെടുത്താനുള്ള നടപടി ആരംഭിച്ചത്. ഇത് ഒരേസമയം 15 ലക്ഷം ഉപഭോക്താക്കളെയും ജല അതോറിറ്റിയിലെ ആയിരക്കണക്കിന് ജീവനക്കാരെയും ബാധിക്കും. പേപ്പര്‍ നോട്ടുകളുടെ ഉപയോഗം പരമാവധി കുറയ്ക്കണമെന്ന റിസര്‍വ് ബാങ്കിന്റെ നിര്‍ദേശത്തിന്റെ മറപറ്റിയാണ് വെള്ളക്കരം ശേഖരിക്കാനുള്ള ചുമതല സ്വകാര്യബാങ്കിനെ ഏല്‍പ്പിക്കുന്നത്.

ഉപഭോക്താക്കള്‍ അക്കൗണ്ട് തുറക്കുന്നതോടെ ജല അതോറിറ്റിയുടെ കളക്ഷന്‍ സെന്ററുകള്‍ മുഴുവന്‍ അടച്ചുപൂട്ടേണ്ടി വരും. ഉപയോഗിക്കുന്ന വെള്ളത്തിന്റെ കരം ബാങ്ക് അക്കൗണ്ടില്‍നിന്ന് ഈടാക്കാനാണ് പുതിയ പരിഷ്കാരം ലക്ഷ്യമിടുന്നത്. മുഴുവന്‍ ഉപഭോക്താക്കളുടെയും ബാങ്ക് അക്കൗണ്ട് വിവരം ജല അതോറിറ്റിയെ അറിയിക്കാനും ഈ അക്കൗണ്ടില്‍നിന്ന് വെള്ളക്കരം വസൂലാക്കാനുമുള്ള സമ്മതപത്രം ജല അതോറിറ്റിയും തുക അക്കൗണ്ടില്‍നിന്നെടുക്കാനുള്ള സമ്മതപത്രം ബാങ്ക് അധികാരികളും ഉപഭോക്താക്കളില്‍നിന്ന് ഒപ്പിട്ട് വാങ്ങും. സമ്മതപത്രം നല്‍കുന്നതോടെ യഥാര്‍ഥ വെള്ളക്കരം കൂടാതെ അധിക തുക ബാങ്കിന് ഈടാക്കാനും കഴിയും.

വെള്ളം ഉപയോഗിക്കാത്ത സ്ഥിതിയുണ്ടായാലും തുക അക്കൗണ്ടില്‍നിന്ന് വസൂലാക്കാനും ജല അതോറിറ്റിക്ക് സാധിക്കും. ജല അതോറിറ്റി തയ്യാറാക്കിയ സമ്മതപത്രമാകട്ടെ ഭരണഭാഷയായ മലയാളം ഒഴിവാക്കി ഇംഗ്ലീഷിലുമാണ്. ജല അതോറിറ്റിയുടെ ധനം കൈകാര്യം ചെയ്യുന്നത് പൊതുമേഖലാബാങ്കായ എസ്ബിടിയാണെന്നിരിക്കെ ഇവയെ പൂര്‍ണമായി ഒഴിവാക്കി വെള്ളക്കരം ഈടാക്കാനുള്ള ചുമതല സ്വകാര്യ ബാങ്കിനാണ് കൈമാറുന്നത്. ഓരോ ഉപഭോക്താവും വെള്ളക്കരത്തോടൊപ്പം അഞ്ചുരൂപ ബാങ്കിന് അധികം നല്‍കിയാലേ തുക ജല അതോറിറ്റിയില്‍ എത്തൂ. ഈ ഇനത്തില്‍മാത്രം ബാങ്കിന് ഓരോ മാസവും കോടികള്‍ കിട്ടും.

അഞ്ചുരൂപ വര്‍ധിപ്പിക്കാനുള്ള അധികാരവും ബാങ്കിനായിരിക്കും. വാട്ടര്‍ അതോറിറ്റി ഇനി വെള്ളക്കരം സ്വീകരിക്കാന്‍ ഉപഭോക്താവിനെ സമീപിക്കില്ല. പകരം ബാങ്കിനെയാണ് സമീപിക്കുക. ഈ സമയം ഉപഭോക്താവിന്റെ അക്കൗണ്ടില്‍ വേണ്ട തുകയുടെ ഒരു രൂപ കുറഞ്ഞാലും പ്രശ്നമാകും. ഇങ്ങനെ സംഭവിച്ചാല്‍ ബാങ്ക് ആഗ്രഹിക്കുന്ന തുക ഉപഭോക്താക്കളില്‍നിന്ന് പിഴ ഈടാക്കാം. ഇത് മറച്ചുവച്ചാണ് ജല അതോറിറ്റി പരിഷ്കരണത്തിന് ഒരുങ്ങുന്നത്. ഉപഭോക്തക്കളില്‍നിന്ന് ബാങ്ക് അക്കൗണ്ടിനാവശ്യമായ രേഖകള്‍ എങ്ങനെ ശേഖരിക്കണം എന്നതടക്കമുള്ള വിവരങ്ങള്‍ ജല അതോറിറ്റി കീഴ്ജീവനക്കാര്‍ക്ക് നല്‍കി. സമ്മതപത്രം പൂരിപ്പിച്ചുവാങ്ങുന്നതിന് കീഴ്ജീവനക്കാര്‍ക്കുള്ള ശില്‍പ്പശാലയും പൂര്‍ത്തിയായി.
(എം വി പ്രദീപ്)

deshabhimani

No comments:

Post a Comment