Saturday, December 28, 2013

റോസമ്മ പുന്നൂസിന് ആദരാഞ്ജലി

കമ്മ്യുണിസ്റ്റ് നേതാവ് റോസമ്മ പുന്നൂസ് അന്തരിച്ചു.100 വയസായിരുന്നു. ആദ്യ നിയമ സഭാംഗവും പ്രോടെം സ്പീക്കറുമായിരുന്നു. ഒമാനിലെ സലാലായിലാണ് അന്ത്യം.ആദ്യ നിയമസഭയിലേക്ക് ദേവികുളം മണഡ്ലത്തില്‍ നിന്ന് വിജയിച്ച റോസമ്മ പുന്നൂസാണ് കേരള നിയമസഭയില്‍ ആദ്യമായി സത്യ പ്രതിജ്ഞ ചെയ്തത്. എട്ടാം നിയമസഭയിലേക്ക് ആലപ്പുഴയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. നിയമ ബിരുദധാരിയാണ്. സംസ്കാരം തിങ്കളാഴ്ച തിരുവല്ല മര്‍ത്തോമാ പള്ളി സെമിത്തേരിയില്‍. ഭര്‍ത്താവ് ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായ പി ടി പുന്നൂസ്. മക്കള്‍ ഡോ. തോമസ് പുന്നൂസ്, ഡോ. ഗീത ജേക്കബ്ബ്. മകനൊപ്പമായിരുന്നു സലാലയില്‍ താമസം.

1957ല്‍ വിജയിച്ചെങ്കിലും കോടതിവിധിയിലൂടെ അംഗത്വം നഷ്ടമായി. പിന്നീട് 1958ല്‍ ഉപതെരെഞ്ഞെടുപ്പിലൂടെ വീണ്ടും സഭയിലെത്തി. കേരളം രൂപീകൃതമായ ശേഷമുള്ള ആദ്യ ഉപതെരെഞ്ഞെടുപ്പായിരുന്നു അത്. 1957ല്‍ റോസമ്മ എംഎല്‍എ ആയപ്പോള്‍ ഭര്‍ത്താവ് പി ടി പുന്നൂസ് ലോക്സഭാംഗമായും വിജയിച്ചിരുന്നു.

കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പില്‍ ചെറിയാന്റെയും പായിപ്പാട്ട് പുന്നക്കുടിയില്‍ അന്നമ്മയുടേയും എട്ടു മക്കളില്‍ നാലാമതായി 1913 മേയ് 13നു് ജനിച്ചു. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ അംഗമായാണ് റോസമ്മ പുന്നൂസ് 1939ല്‍ സജീവരാഷ്ട്രീയത്തിലെത്തിയത്. സഹോദരിയായ അക്കാമ്മ ചെറിയാനൊപ്പം സ്വാതന്ത്ര്യസമരത്തില്‍ സജീവമായി. അക്കാലത്ത് അവര്‍ മൂന്ന് വര്‍ഷത്തോളം ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്. 1948ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി

വലിയ ഇടവേളക്ക് ശേഷം 1982ല്‍ ആലപ്പുഴയില്‍ നിന്നും സിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് 1987ല്‍ ആലപ്പുഴയില്‍ നിന്നുതന്നെ വിജയിച്ചു. സിപിഐയുടെ സംസ്ഥാന സമിതിയംഗം, കേരള വനിതാകമ്മീഷന്‍ അംഗം, കേരള മഹിളാസംഘാംഗം, തോട്ടം കോര്‍പ്പറേഷന്റെ ചെയര്‍പേഴ്സണ്‍, ഹൗസിംഗ് ബോര്‍ഡ് അംഗം, പത്തു വര്‍ഷത്തോളം റബ്ബര്‍ ബോര്‍ഡംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

deshabhimani

No comments:

Post a Comment