Monday, December 30, 2013

വലിയകുളം ബാങ്ക് തെരഞ്ഞെടുപ്പ്: വാര്‍ത്ത വാസ്തവവിരുദ്ധം

റാന്നി: കോണ്‍ഗ്രസുമായി ഒത്തുകളി നടത്തിയതിനാലാണ് സിപിഐ എം നേതാവിന് ബാങ്ക് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടതെന്ന് ചില പത്രങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് സിപിഐ എം റാന്നി ഏരിയ സെക്രട്ടറി എം എസ് രാജേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. വലിയകുളം സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനുശേഷം നേരത്തെയുള്ള പ്രസിഡന്റ് അഡ്വ. കെ പി സുഭാഷ്കുമാറിനു പകരം രാജന്‍ കെ തോമസിനെ പ്രസിഡന്റായി തെരഞ്ഞെടുത്തതിനെ തുടര്‍ന്നാണ് തെറ്റിദ്ധാരണാജനകമായ വാര്‍ത്ത വന്നത്. വാസ്തവ വിരുദ്ധമായ വാര്‍ത്ത നല്‍കി സിപിഐ എമ്മിനെയും നേതാക്കളെയും ജനങ്ങളുടെ മുമ്പില്‍ കരിവാരിത്തേച്ച് കാണിക്കാനുള്ള ഗൂഢനീക്കമാണ് ഇതിനു പിന്നില്‍.

പഴവങ്ങാടിക്കര സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് നടന്നാല്‍ അഴിമതിക്കാരായ യുഡിഎഫ് ഭരണസമിതി സ്ഥാനം ഒഴിയേണ്ടിവരുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം രഹസ്യമാക്കി വച്ചത്. ഇതിനു കൂട്ടുനില്‍ക്കേണ്ട ആവശ്യം സിപിഐ എമ്മിനോ നേതാക്കള്‍ക്കോ ഇല്ല. കാരണം പഴവങ്ങാടിക്കരയില്‍ മത്സരം നടന്നിരുന്നെങ്കില്‍ അഴിമതിക്കാര്‍ക്കെതിരേയുള്ള ജനവികാരം സിപിഐ എം ഉള്‍പ്പെടെ എല്‍ഡിഎഫ് പാനലിന് മികച്ച വിജയം ഉറപ്പായിരുന്നു. എന്നാല്‍ വലിയകുളം സര്‍വീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പില്‍ സ്ഥിതി മറിച്ചായിരുന്നു. ബാങ്കിന്റെ വളര്‍ച്ചയ്ക്ക് കൂട്ടു നിന്ന എല്‍ഡിഎഫ് മുന്നണിക്ക് അനുകൂലമായിരുന്നു ജനവികാരം . ഇത് നേരിട്ടറിയാവുന്നതിനാലാണ് കോണ്‍ഗ്രസുകാര്‍ മത്സരിക്കാതെ മാറി നിന്നത്. നിക്ഷേപ മണ്ഡലത്തില്‍ അഡ്വ. കെ പി സുഭാഷ്കുമാറിനെതിരെ മാത്രമാണ് മത്സരം നടന്നത്. എന്നാല്‍ 358 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ സുഭാഷ്കുമാര്‍ നേടിയ വിജയം ജനങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നതാണ്. സുഭാഷ് കുമാറിന് കോണ്‍ഗ്രസുകാരുമായി ഒത്തുകളിക്കേണ്ട ആവശ്യമില്ല. ഇത്തരത്തിലൊരു സംശയം സിപിഐഎമ്മിലോ ജനങ്ങളുടെ ഇടയിലോ ഇല്ല. പുതിയൊരാളെ പ്രസിഡന്റാക്കാം എന്ന് വലിയകുളം ലോക്കല്‍ കമ്മിറ്റി ഐക്യകണ്ഠേന തീരുമാനം എടുക്കുകയായിരുന്നെന്നും രാജേന്ദ്രന്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment