മുസാഫിര്‍ നഗരം രാജ്യഭൂപടത്തില്‍ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു. ഇതേരീതിയില്‍ ശ്രദ്ധാകേന്ദ്രമായ മറ്റൊരു നഗരം ഗുജറാത്തിലെ അഹമ്മദാബാദും ഗോദ്രയുമായിരുന്നു. മൂവായിരത്തോളം വരുന്ന മുസ്‌ലിം ജനതയെ ഒറ്റരാത്രികൊണ്ട് കൂട്ടക്കുരുതി ചെയ്ത ഗുജറാത്ത് കലാപത്തിന്റെ മുറിവുകള്‍ ഇപ്പോഴും ഉണങ്ങിയിട്ടില്ല. ജീവിതമാകെ എടുത്തെറിയപ്പെട്ട ആ കാളരാത്രിയുടെ നടുക്കുന്ന ഓര്‍മകളും പേറി, അതുണ്ടാക്കിയ അരക്ഷിതാവസ്ഥയില്‍ മൃതപ്രായരായി കഴിയുന്ന മുസ്‌ലിം ജനതയ്ക്ക് എന്ത് നീതികിട്ടി എന്ന് അന്വേഷിക്കുന്നതില്‍ അര്‍ഥമില്ല. ഇതൊക്കെ വെറും കെട്ടുകഥകളാണെന്നും ഒരു ജനവിഭാഗത്തോട് കാട്ടിയ ക്രൂരതയ്ക്കുള്ള മറുപടി മാത്രമാണെന്നും മറ്റുമുള്ള വാദഗതികള്‍ ഉയര്‍ത്തി നമ്മുടെ ജനാധിപത്യം കുറ്റവാളികള്‍ക്ക് വീണ്ടും വീണ്ടും വിജയം ചാര്‍ത്തിക്കൊടുത്തു. വികസനമന്ത്രത്തിന്റെ തന്ത്രിയും സദ്ഭാവനയുടെ വെന്നിക്കൊടിപാറിക്കുന്ന ദേശീയവാദിയുമായി നരേന്ദ്രമോഡി എന്ന സൂത്രധാരന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കുതിപ്പിനായി തയാറെടുക്കുന്നു. ലക്ഷ്യം പ്രധാനമന്ത്രിപദം-പാപക്കറപുരണ്ട കൈകളില്‍ കൂച്ചുവിലങ്ങിന് പകരം രാജ്യഭരണത്തിന്റെ താക്കോലേറ്റുവാങ്ങാനാണ് മോഡി കൂട്ടയോട്ടം നടത്തുന്നത്.
2002 ല്‍ നിന്നും ഒന്നുമിവിടെ മാറിയിട്ടില്ല. ഗുജറാത്ത് കലാപം വിതറിയ വിഷവിത്തുക്കള്‍ക്ക് ഒരു ദ്രുതവാട്ടവും സംഭവിച്ചില്ല. ജനവിധിയെന്ന ജനാധിപത്യത്തിലെ ഒരു സമസ്യക്ക് മനഃസാക്ഷി വോട്ടുകള്‍ ഉത്തരം തേടുന്നുണ്ട് ഇപ്പോഴും.
മുസാഫിര്‍ നഗറിലേക്ക് വരാം. ഓഗസ്റ്റ് 27 നാണ് എല്ലാം സാധാരണനിലയില്‍ പോയിരുന്ന നഗരം ഒരു ദുരന്തത്തിലേക്ക് പെട്ടെന്ന് വഴുതിവീണത്. എപ്പോഴുമുള്ളതുപോലുള്ളൊരു റോഡപകടത്തില്‍ വര്‍ഗീയവിഷം കലരുകയായിരുന്നു. അപകടസ്ഥലങ്ങളില്‍ ഉണ്ടാകാറുള്ള സ്വാഭാവിക തര്‍ക്കങ്ങള്‍ എങ്ങനെ കലാപത്തിലേക്ക് നയിച്ചു എന്നുള്ളിടത്താണ് അന്വേഷണം ഉണ്ടാകേണ്ടത്. മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍ ഉള്‍പ്പെട്ട മൂന്നു ചെറുപ്പക്കാര്‍ തമ്മിലുണ്ടായ വാക്തര്‍ക്കം ഹിന്ദു-മുസ്‌ലിം സ്പര്‍ധയായി രൂപാന്തരപ്പെടുത്താന്‍ ആസൂത്രിത നീക്കം നടക്കുകയുണ്ടായി. ഷാനവാസ് എന്ന ചെറുപ്പക്കാരനുമായി സച്ചിന്‍, ഗൗരവ് എന്ന രണ്ടു ചെറുപ്പക്കാര്‍ അപകടം സംബന്ധിച്ച് ഏറ്റുമുട്ടി, അതൊടുവില്‍ സച്ചിന്റെയും ഗൗരവിന്റെയും കൊലപാതകത്തിലേക്ക് നയിച്ചു. സച്ചിനും ഗൗരവും കൊല്ലപ്പെട്ട വാര്‍ത്ത പരന്നതോടെ ഒരു സംഘം ആളുകള്‍ ഷാനവാസിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി ഷാനവാസിനെ വെട്ടിക്കൊലപ്പെടുത്തി.
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമല്ലെന്നറിഞ്ഞിട്ടും പൊലീസ് നിസ്സംഗത പാലിച്ചത് അന്വേഷിക്കേണ്ടതുണ്ട്. പൊലീസിന്റെ നിഷ്‌ക്രിയത്വം മുതലാക്കി വര്‍ഗീയവാദികള്‍ ഇടയിലൂടെ നുഴഞ്ഞുകയറി സംഭവം തങ്ങള്‍ക്ക് അനുകൂലമാക്കുകയായിരുന്നു. ഷാനവാസിന്റെ കൊലയ്ക്ക് അവര്‍ ഒരു കാരണവും കെട്ടിച്ചമച്ചുണ്ടാക്കി. കവ്വാള്‍ ഗ്രാമത്തിലെ ഒരു പെണ്‍കുട്ടിയെ ഷാനവാസ് കളിയാക്കി എന്നും അതു ചോദിക്കാന്‍ ചെന്ന യുവാക്കളെയാണ് ഷാനവാസ് കൊലപ്പെടുത്തിയതെന്നുമാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. സംഭവങ്ങളുടെ നിജസ്ഥിതി തേടി എന്‍ ഡി ടി വി സംഘം കവ്വാള്‍ ഗ്രാമത്തില്‍ പോയി പെണ്‍കുട്ടിയെ കാണുകയുണ്ടായി. ഷാനവാസെന്നയാളെ തനിക്കറിയില്ലെന്നും അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും പെണ്‍കുട്ടി വിളിച്ചുപറഞ്ഞെങ്കിലും അതിനു മുമ്പേ കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു. കവ്വാള്‍ ഗ്രാമത്തിലെ സംഭവം പൊടിപ്പും തൊങ്ങലും വച്ച് കെട്ടുകഥകളായി ജില്ലയില്‍ പടര്‍ന്നുകയറി.
ഗുജറാത്ത് കലാപത്തിന് സമാനമായ സംഭവങ്ങളാണ് മുസാഫര്‍ നഗറിലും ഉണ്ടായത്. ബി ജെ പി എം എല്‍ എമാരായ സംഗീത് സോം, ബാബുഹുക്കിംസിങ് എന്നിവര്‍ ഹിന്ദുവികാരം ആളിക്കത്തിക്കാനാണ് ശ്രമിച്ചത്. പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയും കൊല്ലപ്പെട്ട യുവാക്കളുടെ കൊലപാതകം സംബന്ധിച്ച ഭീകര ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തുടര്‍ച്ചയായി ഇട്ടതും എരിതീയില്‍ എണ്ണ ഒഴിക്കുന്നതുപോലെയായിരുന്നു. കലാപത്തില്‍ 60 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് ഗുരുതരമായി മുറിവേല്‍ക്കുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇവര്‍ എത്രയെന്നോ ആരൊക്കെയെന്നോ വ്യക്തമായ കണക്കുകള്‍ ഭരണകൂടത്തിന്റെയും പൊലീസിന്റെയും പക്കലില്ല എന്നതാണ് വസ്തുത. അവരെല്ലാംതന്നെ അത്രയധികം നിഷ്‌ക്രിയരായിരുന്നു എന്ന് സാരം.
കലാപം കെട്ടടങ്ങിയെങ്കിലും അതിന്റെ ബാക്കിപത്രം ഏറെ വേദനാജനകമാണ്. ഗുരുതരമായി പരുക്കേറ്റ പലരും മരിച്ചുകൊണ്ടിരിക്കുന്നു ഇപ്പോഴും. ലഹളയെ തുടര്‍ന്ന് പ്രാണഭയത്തോടെ ഓടി രക്ഷപ്പെട്ട പലരും അഭയാര്‍ഥിക്യാമ്പുകളില്‍ അന്തേവാസികളായി. സ്ഥാവരജംഗമസ്വത്തുക്കളും ഉറ്റവരും ഉടയവരും എല്ലാം നഷ്ടപ്പെട്ട് ലോകത്ത് ജീവിക്കാന്‍ വിധിക്കപ്പെട്ട നിരവധി മനുഷ്യജീവിതങ്ങള്‍ ഇന്നീ ക്യാമ്പിലുണ്ട്. സര്‍വവും നഷ്ടപ്പെട്ട നിസഹായനോട് അതിലും വലിയ ക്രൂരതയാണ് അവിടെ നടമാടിയത്. സ്ത്രീകുളും കുട്ടികളും കടുത്ത ചൂഷണത്തിന് വിധേയമാകുന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. ദുരിതാശ്വാസ ക്യാമ്പില്‍ സ്ത്രീകള്‍ അതിക്രൂരമായി കൂട്ടബലാത്സംഗത്തിനിരയായി. ഇവരില്‍ പലരും കൊലചെയ്യപ്പെടുകയോ കാണാതാവുകയോ ഉണ്ടായി. എന്നാല്‍ ഈ കാര്യങ്ങളൊന്നും തന്നെ അന്വേഷിച്ച് കണ്ടെത്താനോ സ്ത്രീകളേയും കുട്ടികളേയും സുരക്ഷിതരാക്കാനോ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ ശ്രമിക്കുന്നില്ല. അഭയാര്‍ഥി ക്യാമ്പില്‍ 40 കുട്ടികള്‍ മരിച്ചുവീണിട്ടും കുലുങ്ങാത്ത ഭരണകൂടമാണ് ഇവിടെയുള്ളത്.
ദുരിതാശ്വാസ ക്യാമ്പുകളില്‍ തണുപ്പ് കടുത്തതോടെ മരണസംഖ്യ ഉയരുന്നു. 40 കുട്ടികള്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്കെങ്കിലും മരണസംഖ്യ അതിലും കൂടുതലാണെന്ന് ക്യാമ്പുകളില്‍ നിന്ന് ലഭിക്കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നു. ദുരിതാശ്വാസ ക്യാമ്പിലെ പല കുടിലുകളിലും എത്തുമ്പോള്‍ മരിച്ച കുട്ടികളെക്കുറിച്ചും കുടുംബാംഗങ്ങളെക്കുറിച്ചും ഓര്‍ത്ത് വിലപിക്കുന്നവരെയാണ് കണ്ടത്. കൊടുംതണുപ്പില്‍ കമ്പിളിപുതപ്പോ, വസ്ത്രങ്ങളോ ഇല്ലാതെ നരകിക്കുകയാണ് ഭൂരിഭാഗം പേരും. തണുപ്പില്‍ പലരും രോഗികളായി.
ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പണമില്ല. ചികിത്സാസഹായം എത്തിക്കണമെന്ന് സുപ്രിംകോടതി ആവശ്യപ്പെട്ടിട്ടുപോലും ഒരു നടപടിയും ഇവിടെ ഉണ്ടാകുന്നില്ല. ക്യാമ്പുകളില്‍ ഇപ്പോള്‍ ഭക്ഷണസാധനങ്ങളും വിതരണം ചെയ്യുന്നില്ല.
മൂന്നു വയസുള്ള തന്റെ മകളുടെ കൈപിടിച്ച് തിരിച്ച് ദൂരേയ്ക്ക് വലിച്ചെറിയുന്നത് കണ്ട് ഓടിച്ചെന്ന അമ്മയെ കലാപകാരികള്‍ ലാത്തികൊണ്ട് അടിക്കുകയും പിന്നീട് അതുപയോഗിച്ച് ലൈംഗികമായി അതിക്രൂരമര്‍ദ്ദനം അഴിച്ചുവിടുകയും ചെയ്തതടക്കം നിരവധി ക്രൂരപീഡനകഥകള്‍ അന്വേഷിച്ചുചെന്ന അധികാരികളോട് സ്ത്രീകള്‍ വിവരിക്കുകയുണ്ടായി. ഒന്നിനും ഒരു പരിഹാരവുമില്ലായിതുവരെ.
കലാപം ചെയ്തുകൂട്ടിയ ക്രൂരതകളും അവ സ്ത്രീജീവിതങ്ങള്‍ക്കുമേല്‍ വിതയ്ക്കുന്ന ദുരന്തവും ഒരു വര്‍ഗീയ കലാപത്തിലും പുറംലോകം ചര്‍ച്ച ചെയ്യാറില്ല. കലാപത്തിന് തിരികൊളുത്തുന്ന വര്‍ഗീയശക്തികള്‍ക്ക് കരുത്തുപകരുന്ന നടപടികളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മുസാഫിര്‍നഗര്‍ കലാപത്തിന് ചുക്കാന്‍പിടിച്ച സംഗീത് സോം, സുരേഷ് റാണ തുടങ്ങിയ ബി ജെ പി എം എല്‍ എ മാര്‍ക്ക് പട്ടും വളയും നല്‍കിയാണ് നരേന്ദ്രമോഡി ആദരിച്ചത്.
അഭയാര്‍ഥി ക്യാമ്പുകളില്‍ ഒടുങ്ങാത്ത നിലവിളികളുമായി കഴിയുന്ന കുറേ മനുഷ്യജന്മങ്ങളുണ്ട്. സദ്ഭാവനയുടെ കൂട്ടയോട്ടത്തില്‍ അവര്‍ക്കെന്ത് പങ്കാണുള്ളത്. മോഡിയുടെ ദേശീയതയില്‍ ഇവര്‍ക്ക് പ്രവേശനമില്ലല്ലോ.
janayugom
No comments:
Post a Comment