വ്യവസ്ഥാപിത നിയമനരീതികള്‍ അട്ടിമറിച്ച് സംസ്ഥാനത്ത് അമ്പതിനായിരത്തോളം തസ്തികകളില്‍ താല്‍ക്കാലിക-ദിവസക്കൂലി നിയമനം. സര്‍ക്കാരിന്റെ ചെലവ് ചുരുക്കല്‍ തീരുമാനത്തിന്റെ മറവിലുള്ള നടപടി തൊഴില്‍രഹിതര്‍ക്ക് ആഘാതമായി. ക്ഷേമനിധി ബോര്‍ഡുകളിലും കമീഷനുകളിലും ഡെപ്യൂട്ടേഷന്‍ പിന്‍വലിച്ച് താല്‍ക്കാലിക നിയമനങ്ങള്‍ തുടങ്ങി.
സ്വന്തമായി സ്റ്റാഫ് ഇല്ലാത്ത സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ക്ലര്‍ക്ക്, എല്‍ഡി ടൈപ്പിസ്റ്റ്, സെക്ഷന്‍ ഓഫീസര്‍ തുടങ്ങി ഡെപ്യൂട്ടി സെക്രട്ടറി, അണ്ടര്‍ സെക്രട്ടറി തുടങ്ങിയവരെ മാതൃസ്ഥാപനങ്ങളിലേക്ക് മടക്കി വിളിച്ച്, കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തിയാണ് ഒഴിവുകള്‍ നികത്തുന്നത്. കുടുംബശ്രീയിലെ അസിസ്റ്റന്റ് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാരുടെ നിയമനം കരാര്‍ അടിസ്ഥാനത്തിലേക്ക് മാറ്റി. ദേശീയ ഉപജീവന മിഷന്‍, സ്കില്‍ ഡെവലപ്മെന്റ് പ്രോഗ്രാമുകള്‍, മൈക്രോ സംരംഭങ്ങള്‍, മഹിളാ കിസാന്‍ ശാക്തീകരണ്‍ യോജന തുടങ്ങി കുടുംബശ്രീയുടെ കീഴില്‍ അയ്യായിരത്തോളം തസ്തികകളില്‍ അടുപ്പക്കാരെ നിയമിക്കുന്നു.
വിദ്യാഭ്യാസരംഗത്ത് തസ്തിക ഇല്ലാതാക്കല്‍ രൂക്ഷമാണ്. സര്‍വശിക്ഷാ അഭിയാനില്‍ ഡെപ്യൂട്ടേഷന്‍ അവസാനിപ്പിച്ച് 1553 പേര്‍ക്ക് കരാര്‍ നിയമനത്തിന് അവസരമൊരുക്കി. സ്റ്റേറ്റ് ഓപ്പണ്‍ സ്കൂളില്‍ നിലവിലുള്ള ജീവനക്കാരെ പിരിച്ചുവിട്ടാണ് അടുപ്പക്കാരെ നിയമിക്കുന്നത്. ഐടി അറ്റ് സ്കൂളില്‍ നൂറോളവും എസ്സിആര്‍ടിയില്‍ അമ്പതോളവും പേരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചു. എയ്ഡഡ് മേഖയിലെ തസ്തിക വെട്ടിക്കുറയ്ക്കല്‍ സര്‍ക്കാര്‍ സ്കൂളുകളിലേക്കും വ്യാപിപ്പിച്ചതോടെ പുതിയ അധ്യാപക നിയമനങ്ങള്‍ അടുത്തൊന്നും നടക്കില്ലെന്ന് ഉറപ്പായി. എയ്ഡഡ് സ്കൂളില്‍നിന്ന് തൊഴില്‍ നഷ്ടപ്പെടുന്ന 10000 പേര്‍ ഉള്‍പ്പെടുന്ന "അധ്യാപക ബാങ്കി"ലേക്ക് ഏഴായിരത്തോളം സര്‍ക്കാര്‍ സ്കൂള്‍ അധ്യപകര്‍ കൂടി എത്തും.
തൊഴിലുറപ്പ് പദ്ധതയില്‍ ഓരോ പഞ്ചായത്തിലും ആറോ ഏഴോ പേര്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്നുണ്ട്. പുതുതായി നിലവില്‍ വരുന്ന ദേശീയ ആരോഗ്യമിഷനില്‍ കരാര്‍ നിയമനത്തിനുള്ള നീക്കം ആരോഗ്യമേഖലയില്‍ ആയിരക്കണക്കിന് തൊഴിലസരങ്ങള്‍ ഇല്ലാതാക്കും. കൃഷിവകുപ്പിന് കീഴിലെ രാഷ്ട്രീയ കൃഷിവികാസ് യോജന, ആത്മ, ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍, വിഎഫ്പിസികെ എന്നിവിടങ്ങളില്‍ രണ്ടായിരത്തോളം കരാര്‍ നിയമനങ്ങളാണ് നടത്തിയത്. വനംവകുപ്പിലും വിവിധ സ്വയംഭരണ സ്ഥാപനങ്ങളിലും ആയിരക്കണക്കിന് തസ്തികകളില്‍ ചട്ടംലംഘിച്ച് താല്‍ക്കാലിക നിയമനങ്ങള്‍ നടത്തിയിട്ടുണ്ട്.
ചട്ടം ലംഘിച്ചുള്ള താല്‍ക്കാലിക നിയമനങ്ങള്‍ സെക്രട്ടറിയറ്റിലും തകൃതിയാണ്. പാര്‍ട് ടൈം സാനിട്ടേഷന്‍ വിഭാഗത്തില്‍ 22 പേര്‍ക്ക് താല്‍ക്കാലിക നിയമനം നല്‍കി. ഡൈവ്രര്‍, പ്യൂണ്‍ തുടങ്ങിയ തസ്തികകളിലും പിഎസ്സിയെ മറികടന്ന് താല്‍ക്കാലിക നിയമനങ്ങള്‍ നടത്തിയിട്ടുണ്ട്. വിരമിച്ചയാളെ ഗാര്‍ഡന്‍ സൂപ്പര്‍വൈസര്‍ തസ്തികയില്‍ നിയമിച്ചത് വിവാദമായിട്ടുണ്ട്.
(ആര്‍ സാംബന്‍)
deshabhimani
No comments:
Post a Comment