തൃശൂര്‍: കെഎസ്ആര്‍ടിസി കണ്ടക്ടര്‍ തസ്തികയിലേക്ക് പിഎസ്സി അഡൈ്വസ് മെമ്മോ അയച്ച്് നാലുമാസം പിന്നിട്ടിട്ടും നിയമനമില്ല. നിയമന ശുപാര്‍ശ അയച്ചിട്ട് ഡിസംബര്‍ അഞ്ചിന് 90 ദിവസം പൂര്‍ത്തിയായി. 9,300 പേര്‍ക്കാണ് നിയമനം ശുപാര്‍ശ ചെയ്തത്. നിയമന ശുപാര്‍ശ അയച്ചാല്‍ 90 ദിവസത്തിനകം സര്‍വീസില്‍ പ്രവേശിപ്പിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ കണ്ടക്ടര്‍മാരില്ലാതെ സര്‍വീസ് മുടങ്ങിയതുവഴി ക്രിസ്മസ്-ശബരിമല സീസണില്‍ കെഎസ്ആര്‍ടിസിക്ക് കോടികളുടെ നഷ്ടമാണ് ഉണ്ടായത്. കണ്ടക്ടര്‍ നിയമനം വൈകിക്കുന്നതിനു പിന്നില്‍ ഐഎന്‍ടിയുസി യൂണിയനാണെന്ന് ആക്ഷേപം ഉയര്‍ന്നു.
യൂണിയനിലേക്ക് ആളെ ചേര്‍ക്കാനാണ് നിയമന നടപടികള്‍ വൈകിപ്പിക്കുന്നതത്രെ. നിയമനഉത്തരവ് വരും മുമ്പേ ഐഎന്‍ടിയുസി നേതാക്കള്‍ വീട്ടിലെത്തിയതായി ഉദ്യോഗാര്‍ഥികള്‍ പറയുന്നു. റാങ്ക് ലിസ്റ്റിലുള്ളവരുടെ മേല്‍വിലാസം ശേഖരിച്ചാണ് ക്യാന്‍വാസ് ചെയ്യുന്നത്. ഭരണകക്ഷി യൂണിയനില്‍ ചേരുന്നവര്‍ക്ക് ആവശ്യപ്പെട്ട ജില്ലയില്‍ നിയമനം നല്‍കുമെന്ന വാഗ്ദാനവും അല്ലെങ്കില്‍ നിയമനം തടസ്സപ്പെടുമെന്ന ഭീഷണിയുമുണ്ട്. പുതിയ ബസുകള്‍ നിരത്തിലിറക്കാത്തതും ഷെഡ്യൂളുകള്‍ കുറച്ചതുമാണ് ഒഴിവുകള്‍ കുറയാന്‍ കാരണമെന്ന് പറയുന്നു.
എല്‍ഡിഎഫ് സര്‍ക്കാര്‍ വര്‍ഷംതോറും ആയിരം പുതിയ ബസ് ഇറക്കിയിരുന്നു. യുഡിഎഫ് മൂന്നു വര്‍ഷത്തിനിടെ 921 ബസ് മാത്രമാണ് പുതുതായി വാങ്ങിയത്. കെഎസ്ആര്‍ടിസിക്ക് ഏറ്റവും കലക്ഷന്‍ കിട്ടുന്നത് ക്രിസ്മസ്-ശബരിമല സീസണിലാണ്. എന്നാല്‍, ഇക്കുറി ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കിയത് ഡിസംബറിലാണ്. 5891 ബസില്‍ ശരാശരി 4700 മാത്രമാണ് പ്രതിദിനം ഓടുന്നത്്. പ്രതിമാസ നഷ്ടം 130 കോടിയായി. കേടായ ഇലക്ട്രോണിക്സ് ടിക്കറ്റ് മെഷീനുകള്‍ നന്നാക്കാത്തതും കലക്ഷനെ ബാധിച്ചു. ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് പിടിച്ച എല്‍ഐസി പ്രീമിയവും വായ്പാ ഗഡുവും മൂന്നുമാസമായി അടച്ചിട്ടില്ല. വിരമിച്ച ജീവനക്കാരുടെ പെന്ഷന് കുടിശ്ശിക ഒരുഗഡു നല്‍കിയെങ്കിലും ക്രിസ്മസ് ആയിട്ടും രണ്ടാംഗഡു 8500 രൂപ വരെ മാത്രമാണ് നല്‍കിയത്. കോര്‍പറേഷനെ തകര്‍ക്കുന്ന സര്‍ക്കാര്‍ നയത്തിലും നിയമനം നല്‍കാതെ ഉദ്യോഗാര്‍ഥികളെ വഞ്ചിക്കുന്നതിലും പ്രതിഷേധിച്ച് പ്രക്ഷോഭം ആരംഭിക്കുമെന്ന് കെഎസ്ആര്‍ടിഇഎ ജനറല്‍ സെക്രട്ടറി സി കെ ഹരികൃഷ്ണന് പറഞ്ഞു. അഡൈ്വസ് നല്കിയ 9300 പേരില്‍ ആയിരം പേര്‍ക്കേ തല്ക്കാലം നിയമനം നല്‍കൂവെന്നാണ് മാനേജ്മെന്റ് നിലപാട്. മൊത്തം 3808 ഒഴിവ് മാത്രമേയുള്ളൂവെന്നും മൂന്നു വര്‍ഷം മുമ്പ് തെറ്റായി വിജ്ഞാപനം ചെയ്തതാണെന്നുമാണ് അവകാശവാദം.
ബസ് വാങ്ങാന്‍ പണമില്ല
പുതിയ ബസുകള്‍ വാങ്ങാന്‍ കെഎസ്ആര്‍ടിസിക്ക് പണമില്ല. 1500 ബസ് വാങ്ങാന്‍ കഴിഞ്ഞ ഡയറക്ടര്‍ബോര്‍ഡ് യോഗം തീരുമാനിച്ചെങ്കിലും ഇതിനുള്ള പണം കണ്ടെത്താനായിട്ടില്ല. കെഎസ്ആര്‍ടിസിക്കുള്ള ഈ വര്‍ഷത്തെ വായ്പാപരിധി കഴിഞ്ഞതിനാല്‍ ധനകാര്യസ്ഥാപനങ്ങള്‍ പുതിയ വായ്പ നല്കാന് തയ്യാറില്ല. സര്‍ക്കാര്‍ നല്കിയ 75 കോടി രൂപ പെന്ഷന് കുടിശ്ശിക നല്‍കാന്‍പോലും തികഞ്ഞിട്ടില്ല.
എല്‍ഐസി, ഹഡ്കോ, കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്പറേഷന് (കെടിഡിഎഫ്സി) എന്നീ സ്ഥാപനങ്ങളെയാണ് കെഎസ്ആര്‍ടിസി വായ്പയ്ക്കായി ആശ്രയിച്ചിരുന്നത്. ഇതില്‍ കെടിഡിഎഫ്സിയില്‍നിന്നാണ് കൂടുതല്‍ വായ്പയും വാങ്ങിയത്. കെടിഡിഎഫ്സിയോട് ഈ വര്‍ഷം 500 കോടി രൂപ വായ്പയായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, 360 കോടി രൂപമാത്രമാണ് ലഭിച്ചത്. ഈ വര്‍ഷം കൂടുതല്‍ തുക നല്കാന് കഴിയില്ലെന്ന് ഇവര്‍ അറിയിച്ചിട്ടുമുണ്ട്. ഒരു ബസ് ചേസ് വാങ്ങാന്‍ നികുതിയുള്‍പ്പെടെ 9.4 ലക്ഷം നല്‍കേണ്ടിവരും. സ്പെയര്‍ പാര്‍ട്സ് വാങ്ങാന്‍ പണമില്ലാത്തതിനാല്‍ നൂറുകണക്കിന് ബസുകളാണ് വിവിധ ഡിപ്പോകളിലായി കട്ടപ്പുറത്തുള്ളത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ച ഗ്രാമീണ സര്‍വീസുകള്‍ ഭൂരിഭാഗവും നിര്‍ത്തലാക്കി. ആവശ്യത്തിന് ബസില്ലാത്തതിനാല്‍ മണ്ഡലകാലത്തും ക്രിസ്മസ് അവധിക്കും യാത്രാദുരിതം രൂക്ഷമായിരുന്നു.
വി എം രാധാകൃഷ്ണന് deshabhimani
No comments:
Post a Comment