Monday, December 23, 2013

കോണ്‍ഗ്രസ് താല്‍പര്യം കോര്‍പറേറ്റുകളോട്: പിണറായി

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് സാധാരണ ജനങ്ങളെ മറന്ന് കോര്‍പറേറ്റുകളെ സംരക്ഷിക്കാനാണ് മുന്‍കയ്യെടുക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. നിയമന നിരോധനം, അഴിമതി, വിലക്കയറ്റം എന്നിവയ്ക്കെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തില്‍ നടന്ന സെക്രട്ടറിയേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ യുവജനങ്ങളുടെ തൊഴില്‍ സാധ്യതയില്ലാതാക്കുന്ന നയങ്ങളാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തൊഴിലവസരങ്ങള്‍ വന്‍തോതില്‍ വെട്ടിച്ചുരുക്കുന്നു. റെയില്‍വെ പോലുള്ള സ്ഥാപനങ്ങളില്‍ വന്‍ തോതില്‍ കരാര്‍ തൊഴിലാളികളെ നിയമിക്കുന്നു. ബാങ്കിങ്ങ്, ഇന്‍ഷൂറന്‍സ്്, കേന്ദ്രഗവണ്‍മെന്റിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ലക്ഷക്കണക്കിന് യുവജനങ്ങള്‍ക്കാണ് തൊഴിലവസരം നിഷേധിക്കുന്നത്.

കേന്ദ്രത്തില്‍ തൊഴിലവസരങ്ങള്‍ ഗണ്യമായി വെട്ടിച്ചുരുക്കുമ്പോള്‍ സംസ്ഥാനത്ത് നിയമന നിരോധനമാണ് നിലനില്‍ക്കുന്നത്. പിഎസ് സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചാലും നിയമനമില്ലാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. റാങ്ക് ലിസ്റ്റില്‍ പേര് വരുമ്പോള്‍ ആശ്വാസം കൊള്ളുന്നവര്‍ക്ക് റാങ്ക് ലിസ്റ്റ് കാലവധി അവസാനിച്ചാലും തൊഴില്‍ ലഭിക്കുന്നില്ല. പിന്നീട് ഇവരുടെ അഭ്യര്‍ഥന പ്രകാരം റാങ്ക് ലിസ്റ്റ് കാലാവധി കൂട്ടും. ഇത്തരത്തില്‍ നിയമന നിരോധനം സംസ്ഥാനത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഭരണക്കാര്‍ക്ക് വേണ്ടപ്പെട്ടവരെയും സ്വന്തക്കാരെയും നിയമിക്കുന്ന നിലയാണ് ഇന്ന് നിലനില്‍ക്കുന്നത്. യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ പോലും ചട്ടങ്ങള്‍ ലംഘിച്ച സര്‍ക്കാരാണ് സംസ്ഥാനത്തുള്ളത്. ഇത്തരം തെറ്റുകള്‍ തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. എല്ലാ വിഭാഗം യുവജനങ്ങളേയും സമരരംഗത്തിറക്കി ഇതിന് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഡിവൈഎഫ്ഐയ്ക്ക് കഴിയണമെന്നും പിണറായി പറഞ്ഞു.

രാജ്യത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റം ക്രമാതീതമായി വര്‍ധിക്കുന്ന നിലയാണുള്ളത്. ഒരുകാലത്ത് വിലക്കയറ്റം കേരളത്തെ കാര്യമായി ബാധിച്ചിരുന്നില്ല. ശക്തമായ പൊതുവിതരണ ശൃംഖലയിലൂടെ പാവപ്പെട്ടവര്‍ക്ക് ന്യായമായ വിലയില്‍ അവശ്യസാധനങ്ങള്‍ വിതരണം ചെയ്യാന്‍ കേരളത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ പൊതുവിതരണ രംഗം തകര്‍ത്തു. സിവില്‍ സപ്ലൈസും കണ്‍സ്യൂമര്‍ ഫെഡും തകര്‍ച്ചയുടെ വക്കിലാണ്. ജനസമ്പര്‍ക്ക പരിപാടിയില്‍ ഊറ്റം കൊള്ളുന്ന മുഖ്യമന്ത്രി ജനസമ്പര്‍ക്കത്തില്‍ കൂടുതല്‍ പേരും ആവശ്യപ്പെട്ടതെന്താണെന്ന് മനസിലാക്കണം. എപിഎല്‍ കാര്‍ഡ് ബിപിഎല്‍ ആക്കണമെന്നാണ് കൂടുതല്‍ പേരും ആവശ്യപ്പെട്ടിരിക്കുന്നത്. ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതിപ്പെട്ടിട്ടും അര്‍ഹതപ്പെട്ട സഹായം ലഭിക്കാത്തതിന്റെ പേരില്‍ കൊല്ലത്ത് ആത്മഹത്യ ചെയ്ത സുശീലനെ സര്‍ക്കാര്‍ ഓര്‍ക്കണം. സുശീലനെപ്പോലെ പരാതിപ്പെട്ടിട്ടും സഹായം ലഭിക്കാത്തവരാണ് ജനസമ്പര്‍ക്കത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും.

ലോകത്ത് ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്ന രാജ്യമായി കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയെ മാറ്റി. കേന്ദ്രസര്‍ക്കാരിന്റെ മുഖമുദ്രയായി അഴിമതി മാറി. കേന്ദ്രത്തില്‍ പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളാണ് കൂടുതലും. പ്രധാനമന്ത്രി കല്‍ക്കരി വകുപ്പ് കൈകാര്യം ചെയ്തപ്പോഴാണ് വന്‍തോതില്‍ അഴിമതി നടന്നത്. പ്രധാനമന്ത്രിയുടെ അറിവോടെയും അനുമതിയോടെയുമാണ് ടുജി ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ചെയ്തതെന്ന് അന്ന് ടെലികോം മന്ത്രിയായിരുന്ന രാജവും പറഞ്ഞിട്ടുണ്ട്.

കേന്ദ്രത്തില്‍ പ്രധാനമന്ത്രി എല്ലാ അഴിമതിക്കാരുമായി ബന്ധം പുലര്‍ത്തുമ്പോള്‍ കേരളത്തില്‍ എല്ലാ അഴിമതിയ്ക്കും തട്ടിപ്പുകാര്‍ക്കും നേതൃത്വം നല്‍കുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയ വ്യക്തിയുമായി അടച്ചിട്ട മുറിയില്‍ ഒരു മണിക്കൂര്‍ കുടുംബകാര്യം പറഞ്ഞ മുഖ്യമന്ത്രിയാണ് സംസ്ഥാനം ഭരിക്കുന്നത്. സംസാരിച്ച കാര്യം വെളിപ്പെടുത്താന്‍ മുഖ്യമന്ത്രി ഇതുവരെ തയ്യാറായിട്ടില്ല. സംസ്ഥാനത്ത് സകല മേഖലയിലും ഇന്ന് അഴിമതി നടമാടുകയാണ്.

കോണ്‍ഗ്രസും ബിജെപിയും അഴിമതിയുടെ കാര്യത്തില്‍ ഒരേ നിലപാടുള്ളവരാണ്. ബിജെപി ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലും വന്‍തോതിലുള്ള അഴിമതി ആരോപണങ്ങളാണ് ഉയര്‍ന്നത്. ഛത്തീസ്ഗഡില്‍ ബിജെപി മന്ത്രിസഭയിലെ 13 മന്ത്രിമാരുടെ പേരിലാണ് ഗുരുതരമായ അഴിമതി ആരോപണം ഉയര്‍ന്നത്. അടുത്തിടെ നടന്ന സംസ്ഥന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി നേട്ടമുണ്ടാക്കിയത് ബിജെപയുടെ മഹത്വം കൊണ്ടല്ല. ബിജെപിയേക്കാള്‍ കോണ്‍ഗ്രസ് നാറിയതാണ് ബിജെപിയുടെ നേട്ടത്തിന് കാരണം. ഡല്‍ഹിയില്‍ ബിജെപിയും കോണ്‍ഗ്രസുമല്ലാത്ത ഒരു ബദല്‍ സംവിധാനം എന്ന നിലയിലാണ് ആംആദ്മി നേട്ടമുണ്ടാക്കിത്.

ഇത്തരത്തിലുള്ള ജനകീയ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള സമരം ഡിവൈഎഫ്ഐ തുടരണം. ഒരു ദിവസം കൊണ്ട് സമരം അവസാനിപ്പിക്കരുത്. ഇത്തരം സമരങ്ങളില്‍ സ്വന്തം അണികളെ മാത്രം അണിനിരത്താതെ സമാന ചിന്താഗതിയുള്ള യുവജനങ്ങളേയും അണിനിരത്തണമെന്നും പിണറായി ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment