Friday, December 27, 2013

മുല്ലപ്പള്ളിയെ വെട്ടി വടകര എസ്ജെഡിക്ക്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റിന് ഘടകകക്ഷികള്‍ വാശികൂട്ടുകയാണെങ്കിലും മുസ്ലിംലീഗിനും കേരള കോണ്‍ഗ്രസ് എമ്മിനും അധിക സീറ്റ് നല്‍കാന്‍ തയ്യാറാകാതെ കോണ്‍ഗ്രസ്. സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്)യ്ക്കു മാത്രം സീറ്റ് വിട്ടുനല്‍കി കേരളത്തില്‍ 16 സീറ്റില്‍ മത്സരിക്കാനാണ് കോണ്‍ഗ്രസ് കച്ചമുറുക്കുന്നത്. ഓരോ സീറ്റ് അധികമായി വേണമെന്ന് മുസ്ലിംലീഗും കേരള കോണ്‍ഗ്രസ് എമ്മും ശക്തമായി ആവശ്യപ്പെടുന്നുണ്ട്. ഇത് അംഗീകരിച്ചാല്‍ കോണ്‍ഗ്രസില്‍ കലാപമുണ്ടാകുമെന്നതിനപ്പുറം കോണ്‍ഗ്രസിന്റെ രാഷ്ട്രീയ വിശ്വാസ്യതയെയും പ്രതിച്ഛായയെയും ദോഷമായി ബാധിക്കുമെന്ന ചിന്തയിലാണ് നേതൃത്വം.

പാര്‍ടിക്കും നാടിനും പ്രയോജനമില്ലാത്ത കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനെ മത്സരരംഗത്തുനിന്നു നീക്കി വടകര സീറ്റ് സോഷ്യലിസ്റ്റ് ജനതക്ക് കൊടുക്കാനാണ് കോണ്‍ഗ്രസില്‍ ആലോചന. എന്നാല്‍, മുല്ലപ്പള്ളിയെ പൂര്‍ണമായി ഒഴിവാക്കുന്നതിനോട് കേന്ദ്രമന്ത്രി എ കെ ആന്റണി എന്തുനിലപാട് സ്വീകരിക്കുമെന്നത് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ ചോദ്യചിഹ്നമാണ്. എങ്കിലും 1980 മുതല്‍ തെരഞ്ഞെടുപ്പു രംഗത്തുള്ള മുല്ലപ്പള്ളിയെ ഒഴിവാക്കുകയെന്ന അഭിപ്രായത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും യോജിപ്പിലാണ്. മുസ്ലിംലീഗിന് കാസര്‍കോട്ടും കേരള കോണ്‍ഗ്രസ് എമ്മിന് ഇടുക്കിയും ദാനം ചെയ്ത് കോണ്‍ഗ്രസ് മഹാമനസ്കത കാട്ടാന്‍പോകുന്നുവെന്ന പ്രചാരണത്തില്‍ കഴമ്പില്ലെന്ന് ഉന്നത കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ വ്യക്തമാക്കി. കേരളത്തില്‍ കഴിഞ്ഞതവണ പാര്‍ടി മത്സരിച്ച 17 സീറ്റിലും മത്സരിക്കണമെന്നാണ് കേന്ദ്രതെരഞ്ഞെടുപ്പു സമിതി പ്രതിനിധിയായ സി പി ജോഷിയും എഐസിസി ജനറല്‍ സെക്രട്ടറി മധുസൂദനന്‍ മിസ്ത്രിയും ഡല്‍ഹിയിലെ ചര്‍ച്ചയില്‍ ഉമ്മന്‍ചാണ്ടിയോടും ചെന്നിത്തലയോടും പറഞ്ഞത്. ദേശീയമായി കോണ്‍ഗ്രസിന് സീറ്റ് ഇടിയുന്ന സാഹചര്യത്തിലാണ് ഇത്. ജനുവരി 17ന് എഐസിസി സമ്മേളനം ചേരുന്നതിനുമുമ്പ് സ്ഥാനാര്‍ഥിപ്പട്ടിക നല്‍കാനും ആവശ്യപ്പെട്ടു.

മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പ്രത്യേകമായാണ് ഹൈക്കമാന്‍ഡ് പ്രതിനിധികളെ കണ്ടത്. പക്ഷേ, സ്ഥാനാര്‍ഥിപ്പട്ടിക ഉടന്‍ വേണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശത്തോട് രണ്ടുപേരും വിയോജിച്ചു. കേരളത്തിലെ സമ്പ്രദായം മാനിച്ച് യുഡിഎഫിലെ സീറ്റ് ചര്‍ച്ച പൂര്‍ത്തീകരിച്ചശേഷമേ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക നല്‍കാന്‍ കഴിയൂവെന്ന് ഇരുവരും അറിയിച്ചു. ജനുവരി മൂന്നുമുതല്‍ നിയമസഭാസമ്മേളനം നടക്കുന്നതിനാല്‍, അതിനു മധ്യേ വിവിധ കക്ഷിനേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ചയും തുടര്‍ന്ന് യുഡിഎഫ് യോഗവും ചേര്‍ന്ന് സീറ്റു പങ്കിടല്‍ പൂര്‍ത്തിയാക്കാനാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്.

സര്‍ക്കാരിന്റെ ഭൂരിപക്ഷം കുറവായതിനാല്‍ രണ്ട് എംഎല്‍എമാരുള്ള സോഷ്യലിസ്റ്റ് ജനതയ്ക്ക് ഒരു സീറ്റ് വിട്ടുകൊടുക്കേണ്ടിവരുമെന്ന് രണ്ടു നേതാക്കളും ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ക്ക് സൂചന നല്‍കിയിരുന്നു. കോഴിക്കോട് വേണ്ട വടകര മതിയെന്നാണ് വീരേന്ദ്രകുമാറിന്റെ നിലപാട്. കഴിഞ്ഞതവണ രണ്ട് സീറ്റില്‍ മത്സരിച്ച മുസ്ലിംലീഗ് വയനാട്, കാസര്‍കോട്, കോഴിക്കോട് എന്നിവയിലൊന്ന് ചോദിക്കുമെങ്കിലും ലീഗിന് ഒരു സീറ്റ് വിട്ടുകൊടുത്താല്‍ തെരഞ്ഞെടുപ്പില്‍ വലിയവില കൊടുക്കേണ്ടിവരുമെന്ന് കോണ്‍ഗ്രസ് നേതൃത്വം തിരിച്ചറിയുന്നുണ്ട്. അഞ്ചാം മന്ത്രിക്കുപുറമെ പുതിയൊരു വിവാദം അത് കത്തിപ്പടര്‍ത്തും. ഇടുക്കി സീറ്റിനായി കേരള കോണ്‍ഗ്രസ് എം പിടിമുറുക്കുന്നുണ്ടെങ്കിലും വഴങ്ങാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. കോണ്‍ഗ്രസിന്റെ സിറ്റിങ് എംപിമാരായ പി ടി തോമസ്(ഇടുക്കി) പീതാംബരക്കുറുപ്പ്(കൊല്ലം) കെ പി ധനപാലന്‍(ചാലക്കുടി) എന്നിവര്‍ക്ക് പാര്‍ടി ടിക്കറ്റ് നഷ്ടമായേക്കും.
(ആര്‍ എസ് ബാബു)

deshabhimani

No comments:

Post a Comment